സ്ത്രീ സംവരണങ്ങളുടെ കാലം


അജ്ഞാതനെങ്കിലും ഈ ആളുടെ വാക്കുകൾ ശ്രദ്ധിക്കുക,“ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയുമായിട്ടാണ്. പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും, പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും”. സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്നു ദൈവവും ഈ ലോകവും മനസ്സിലാക്കി, എന്നാൽ മനസ്സിലാക്കപ്പെടേണ്ടവളല്ല, എന്ന് എല്ലാവരും തീർച്ചപ്പെടുത്തി. അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക എന്നുള്ള ബുദ്ധിയും മനുഷ്യമനസ്സിൽ സ്ത്രീകൾക്കായി ഉടലെടുത്തു. സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സന്പത്തും ധനവുമെല്ലാം നിരർത്ഥകമാകുമായിരുന്നു എന്നൊരു ചിന്തയും എല്ലാ മനസ്സുകളിലും ഇല്ലാതില്ല.

ആരു തീരുമാനിച്ചു മാർച്ച് 8 എന്ന തീയതി? സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്റെയും, അവസര സമത്വത്തിന്റെയും ഭാഗമായിട്ടാണ്, ഐക്യരാഷ്ട്രസഭ 1977ൽ, മാർച്ച് 8 ലോക വനിതാ ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകമെന്പാടുമുള്ള സ്ത്രീകൾ‍ക്ക് എന്നെന്നും നന്മകൾ‍ ഉണ്ടാവട്ടെ എന്ന സദുദ്ദേശത്തിൽ ആണ്. ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും, സ്ത്രീകളുടെ, അതായതു നമ്മുടെ സാന്നിധ്യം എത്തിയിട്ട് വളരെ നാളുകളായി. എന്നിട്ടും സമൂഹം, മൂന്നാം കണ്ണിലൂടെയാണ് ഇന്നും സ്ത്രീയെ നോക്കിക്കാണുന്നത്. ലോകത്തിന്റെ വളർ‍ച്ചക്കൊപ്പം ‘സ്ത്രീ’ ഇന്ന് അബലയല്ലല്ലോ? ശരിയാണ്...

ബലഹീനയല്ല, എന്നിരുന്നാലും, അവശ്യമായ വിദ്യാഭ്യാസവും, നാവിന് ശബ്ദിക്കാനുള്ള ധൈര്യവും, സ്വാതന്ത്ര്യവും നൽ‍‍കി, സ്വയം പര്യാപ്തത നൽ‍കാനുള്ളൊരു സാഹചര്യം, നാം ഓരോരുത്തരായും, സമൂഹമായും ചെയ്തു കൊടുക്കാൻ ബാധ്യസ്ഥരല്ലെ. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും സമൂഹത്തിൽ‍ നിറയുന്നവൾ‍ക്ക് നാം എന്നും നൽ‍‍കുന്നത് കണ്ണുനീർ‍ മത്രമാണ്. കച്ചവടക്കണ്ണുകൊണ്ട്, ഒരു വിൽ‍പ്പനച്ചരക്കായി, മാറ്റപ്പെടുന്പോഴും, സാഹചര്യങ്ങൾക്ക് മുൻപിൽ കീഴടങ്ങിക്കൊടുക്കപ്പെടാൻ പലപ്പോഴും നിർ‍ബന്ധിതയായിത്തീരുന്നു. 100% സാക്ഷരതയിൽ അഭിമാനിക്കുന്ന അഭ്യസ്തവിദ്യരായ കേരളീയരായ നമ്മുടെ മന‍സ്സുമാറേണ്ടതല്ലെ? ഉത്തരേന്ത്യയിലും ബീഹാറിലും, കഷ്ടപ്പെടുകയും നരകതുല്യമായ യാതനകൾ‍ അനുഭവിക്കുകയും ചെയ്യുന്നവരെ‍‍‍‍‍‍‍‍ വെച്ചു നോക്കുന്പോൾ‍‍, താരതമ്യേന കുറവാണെങ്കിലും, കേരളത്തിലും എത്രയോ ഉദാഹരണങ്ങളുണ്ട് അരുന്ധതി റോയിയെപ്പോലുള്ളവർ‍ കേരളത്തിനപമാനമാണെന്നും, അവരുടെ നല്ല ചിന്താഗതിയെ മനസ്സിലാക്കൻ ശ്രമിക്കാത്ത‍, മാധവിക്കുട്ടിക്കു നേരെ അസഭ്യഭാഷാ വർ‍ഷം നടത്തുകയും ചെയ്യുന്ന സ്ത്രീകൾ‍‍, പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു.

അസൂയാലുക്കളെന്നും പരദൂഷണക്കാരികളെന്നും മുദ്രകുത്തപ്പെട്ട, പഴയ എല്ലാ ചിന്താഗതിയും മാറ്റിവെച്ച്, മാതൃഭാവത്തിന്റെ ഉയർ‍ച്ചയെപ്പറ്റി, അതിനു വേണ്ടിയുള്ള ഒരു കരുതൽ‍ നമ്മുടെ മന‍സ്സുകളിൽ‍ ഉണ്ടാവട്ടെ. ബഹുമാനത്തിന്റെ, ആദരവിന്റെ, ഒരു കൈക്കുന്പിളെങ്കിലും നമുക്കു ഇവർ‍ക്കായി നൽ‍കാം. അന്താരാഷ്ട്ര വനിതാദിനം ഒരു പ്രഹസനം മാത്രമായിപ്പോകുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല. മാറ്റങ്ങൾ‍ ഒരു അവിവാര്യതയാണ്, മാറേണ്ടതെല്ലാം മാറിത്തന്നെയാകണം. പണ്ടത്തേതിനേക്കാൾ‍ എത്ര വ്യത്യസ്ഥമാണിന്ന് സ്ഥിതി, ഇനിയും മാറ്റങ്ങൾ‍ വരും. കാലം മുന്നോട്ടല്ലെ സഞ്ചരിക്കുന്നത്.

എന്തായാലും ഇന്നത്തെ ഒരു ദിവസത്തെ ആഘോഷങ്ങൾ‍ക്കും ചർ‍ച്ചകൾ‍ക്കും വിലക്കിഴിവുകൾ‍ക്കും ഒടുവിൽ‍ ഇന്നും ദിവസം തീരും, രാത്രി വരും. സ്ത്രീകളുടെ മുന്നേറ്റങ്ങളെപ്പറ്റിയും, പീഡനങ്ങളെക്കുറിച്ചും, ഗവൺമെെന്റിന്റെ പുതിയ സ്ത്രീസംവരണങ്ങൾക്കായി ഘോരഘോരം വാദിച്ച്, നാരങ്ങാ‍‍‍‍‍‍‍‍വെള്ളവും കുടിച്ച് ബിരിയാണി പൊതിച്ചോറുമായി, മീറ്റിംഗിനും ജാഥക്കും, കൂലിക്കായി വന്ന സ്ത്രീകൾ തിരിച്ചു വീടുകളിലെത്തും. ശബ്ദമുഖരിതമായിരുന്ന ഈ തെരുവുകളിൽ ഇന്നു രാത്രിതന്നെ വീണ്ടും ഇതേ സ്ത്രീകൾ‍ ലൈംഗികവസ്തുക്കൾ മാത്രമായി ചുരുങ്ങി വേഷപ്രശ്ചന്നതയിൽ ചെന്നവസാനിക്കും. കുറഞ്ഞ സ്ത്രീധനത്തിന്റെ പേരിലോ പെൺ‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിലോ ഒക്കെ വീണ്ടും വീണ്ടും നമ്മുടെ അടുക്കളകളിൽ‍ ഗ്യാസും പ്രഷർ‍കുക്കറുകളും പൊട്ടിത്തെറിക്കും. സിഗ്മണ്ട് ഫ്രോയിഡിന്റെ ഈ വാക്കുകൾ നമ്മുക്ക് പല നിരൂപണങ്ങളും, അഭിപ്രായവിശകലങ്ങളും തരുന്നു..

“മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമിതാണ് എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്”? അഭിപ്രായത്തിന്റെ കാര്യത്തിൽ മലയാളവും മോശമല്ല, കുഞ്ഞുണ്ണീ മാഷിന്റെ ഈ വാക്കുകളിൽ അദ്ദേഹം ഒട്ടുമുക്കാലും സ്ത്രീകളെക്കുറിച്ച് അടിവരയിട്ടു പറയുന്നു “മുടിക്കുമല്ലോ പെണ്ണുങ്ങൾ മുടിയുള്ളതു കാരണം, മുലയുള്ളതു കാരണം മുടിയും മുലയും കൂടിയല്ലോ പെണ്ണെന്നൊരൽഭുതം”. എന്തിനാ വനിതയ്ക്‌ ഒരു പ്രത്യേക ദിനം?? അതു തന്നെ തങ്ങൾക്ക് എന്തോ ഒന്നിന്റെ കുറവുണ്ട്‌ എന്ന് തോന്നിപ്പിക്കുന്നില്ലേ? ഒരു പ്രത്യേകതയും ആവശ്യപെടണ്ടവരല്ല നമ്മൾ! എന്ന തോന്നലും ധൈര്യവും നമ്മുടെ മനസ്സിൽത്തന്നെയുണ്ടാവണം. തലയുയർ‍ത്തി നടക്കുവാൻ പഠിക്കുക. ഒന്നിനും കുറവില്ലെന്ന് സ്വയം തെളിയിക്കുക. പക്ഷേ നമ്മുടെ ജീവിതം ശോഭനമാവണമെങ്കിൽ സ്ത്രീകൾ‍ക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉണ്ടാവണം. ഒരു സമൂഹത്തിന്‍റെ പുരോഗതിക്ക് സ്ത്രൈണതയും പൗരുഷവും തുലനഭാവത്തിൽ ആയിരിക്കേണ്ടതുണ്ട്.

ഒരു വൃക്ഷം പുഷ്പിക്കാതിരുന്നാൽ, അത് സ്വാഭാവികമായും വിഷാദത്തിലേക്ക് നയിക്കും എന്നത് പോലെ സ്ത്രീകൾ‍ക്ക് സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹം വിഷാദം ബാധിച്ച സമൂഹമായി തീരുന്നു. നിങ്ങളിലുള്ള സ്ത്രൈണഭാവം എപ്പോഴും ശക്തമായിരുന്നാൽ നിസ്സാര കാര്യങ്ങളിൽ പോലും നിങ്ങൾ‍ക്ക് സൗന്ദര്യം ദർ‍ശിക്കാൻ കഴിയും. അതേ സമയം സ്ത്രൈണത പൂർ‍ണ്ണമായും മനസ്സിൽ ഇല്ലാതാകുന്പോൾ പുറമെ നിങ്ങൾ എല്ലാ നിലയിലും പൂർ‍ണ്ണതയിലെത്തി എന്നു തോന്നുമെങ്കിലും യഥാർ‍ത്ഥത്തിൽ നിങ്ങൾ‍ക്ക് ജീവിതത്തിൽ യാതൊരു നേട്ടവും ഉണ്ടാവാൻ പോകുന്നില്ല എന്നതാണ് സത്യം. ജീവിതത്തിൽ ചില കാര്യങ്ങളിൽ മാത്രമാണ് സ്ത്രീ, പുരുഷൻ എന്ന വേർതിരിവ് വേണ്ടിവരുന്നത്.

അതിലപ്പുറം ജീവിതത്തിന്‍റെ ഒരു മേഖലകളിലും ഈ തരം തിരിവിന്‍റെ ആവശ്യമില്ല. എപ്പോഴും സ്ത്രീ, പുരുഷൻ എന്ന നിലയിൽ തരം തിരിക്കുന്പോൾ അത് ഒരിക്കലും സ്ത്രീകളുടെ നന്മക്ക് ഉതകുകയില്ല

You might also like

Most Viewed