നിനക്കായി തോഴി പുനർജ്ജനിക്കാം-...
സപ്ന അനു ബി ജോർജ്ജ്
“ലക്ഷ്മി, ഞാൻ പോകുവാ നമ്മുടെ മോളുടെ അടുത്തേക്ക്!അവൾ ഒറ്റയ്ക്കല്ലെ, നമ്മളെ കാണാതെ അവൾ കരയുന്നത് കേട്ടിരിക്കാൻ വയ്യെടാ. എന്റെ നെഞ്ചോട് പറ്റിച്ചേർന്ന് കിടന്ന അവളെ ആരാ എടുത്തു മാറ്റിയത്. യാത്ര പറയാൻ ഞാൻ നിൽക്കുന്നില്ല, എന്നെ കാണാതെ നീ വിഷമിക്കരുത്, ഞാൻ നമ്മുടെ മോളുടെ അടുത്തുണ്ട്. പിന്നെ എന്റെ വയലിൻ കൂടി ഞാൻ കൊണ്ടു പോകുന്നു, ഇല്ലെങ്കിൽ മോൾ പിന്നേം പിണങ്ങിയാലോ? ഞാൻ പോകുന്നു ലക്ഷ്മി, എന്ന് നിന്റെ സ്വന്തം ബാലു”. ഇതൊരു അവസാന വാക്കായിരുന്നു ബാലബാസ്കറിന്റെ!
ബാലബാസ്കർ എന്ന ചെറുപ്പക്കാരൻ, ലക്ഷ്മി എന്ന പ്രേമികയുടെ വീട്ടിലേക്ക് ചെന്ന് അച്ഛനോട് നേരിട്ടുചെന്ന് പെണ്ണുചോദിക്കുന്നു. ലക്ഷ്മിയുടെ അമ്മയുടെ കരച്ചിലിനിടയിൽ, കൂടെ വന്നവരോടും, സ്വയം ഒരു സമാധാനസംഭാഷണത്തോടെ തിരിച്ചു പോകുന്നു. എന്നാൽ നേരിട്ട് കോളേജിൽ എത്തി ലക്ഷ്മിയോട് നേരിട്ട് ചെന്ന് ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു, ഇനി നീ തിരിച്ചങ്ങോട്ടേക്ക് പോയാൽ നമുക്ക് ജീവിക്കാൻ സാധിക്കില്ല. അതിനാൽ അന്ന് നേരിട്ട് വിവാഹത്തോടെ അവരുടെ ജീവിതം തുടങ്ങുന്നു. എന്തായിരുന്നു ലക്ഷ്മിയിൽ കണ്ട പ്രത്യേകത, സ്നേഹം? വളരെ പ്രക്ഷുപ്ധമായ ഒരു കുട്ടിക്കാലം ആയിരുന്നു തനിക്കുണ്ടായിരുന്നതെങ്കിലും, എല്ലാത്തരം കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സാധിക്കുന്ന ഒരു നല്ല സുഹൃത്തായിരുന്നു ലക്ഷ്മി എന്നും! ആ ഒരു സൗഹൃദം ആയിരുന്നു അവളുടെ ഹൃദയത്തിലൂടെ തന്നെ അവളിലേക്കടുപ്പിച്ചതെന്നും ബാലബാസ്കർ പറയുന്നു.
22ാം വയസ്സിൽ വിദ്യാർഥിയായിരിക്കെയാണ് ബന്ധുക്കളുടെ എതിർപ്പിനെ വകവെയ്ക്കാതെ ബാലഭാസ്ക്കറും ലക്ഷ്മിയും ജീവതപങ്കാളികളായത്. ഒരു കയ്യിൽ വയലിനും മറുകയ്യിൽ ലക്ഷ്മിയെയും ചേർത്തുപിടിച്ച് ക്യാന്പസിലൂടെ നടന്നുനീങ്ങുന്ന ബാലുവിന്റെ ചിത്രം ഇന്നും സുഹൃത്തുക്കളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. യൂണിവേഴ്സിറ്റി കോളജിലെ എംഎ സംസ്കൃത വിദ്യാർഥിയായ ബാലഭാസ്ക്കറും എംഎ ഹിന്ദി വിദ്യാർഥിനിയായ ലക്ഷ്മിയും ഒന്നര വർഷത്തെ പ്രണയം സഫലമായത് വിപ്ലവകരമായ ഒരു വിവാഹത്തിലൂടെയാണ്. ലക്ഷ്മിക്കായി എഴുതിയ ആരു നീ എന്നോമലേ എന്ന ഗാനം ഹിറ്റ് ആയി മാറിയതും, അത് ക്യാന്പസിന്റെ ഹരമായി മാറിയതെല്ലാം സുഹൃത്തുക്കളുടെ മനസ്സിൽ ഇന്നും മായാതെ മറയാതെ നിൽക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജിൽ എം.എ ഹിന്ദി പഠിക്കാനെത്തിയപ്പോഴാണ് ലക്ഷ്മി, ബാലുവിനെ നേരിട്ട് കാണുന്നത്. അതിനുമുന്പ് ദൂരദർശനിൽ ഒരഭിമുഖത്തിൽ കണ്ടിട്ടുണ്ടെന്നും പാട്ടും കേട്ടിട്ടുണ്ടെന്നും ലക്ഷ്മി ഓർത്തുപറഞ്ഞു. ‘എന്നുവെച്ച് നേരിൽ കണ്ടാൽ ആളെ അറിയുമായിരുന്നില്ല’, അന്ന് ലക്ഷ്മി വിമൻസ് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനി, ബാലഭാസ്‌കർ യൂണിവേഴ്‌സിറ്റി കോളേജിൽ. യൂണിവേഴ്‌സിറ്റി കോളേജിൽ സംസ്‌കൃതം എം.എയ്ക്ക് ചേർന്നപ്പോൾ അതേ കോളേജിൽ ചേർന്ന ലക്ഷ്മിയെ കണ്ടതും താൻ പ്രണയത്തിലായി എന്ന് ബാലഭാസ്കർ! കടുത്ത പ്രണയത്തിലായിരുന്ന ബാലഭാസ്കർ ഒരു വർഷത്തോളം പിന്നാലെ നടന്നാണ്, ലക്ഷ്മിയെ സ്വന്തമാക്കിയത്. ‘ഇവൾ സംഗീതത്തെപ്പറ്റി അഭിപ്രായമൊക്കെ പറയും. അപ്പോൾത്തന്നെ കൊട്ടുകൊടുത്ത് ഇരുത്തും’, ഒളികണ്ണിട്ട് ലക്ഷ്മിയെ നോക്കി ബാലഭാസ്‌കറിന്റെ പൊട്ടിച്ചിരിയോടെ പറഞ്ഞത് എവിടെയോ വായിച്ചിരുന്നു. കൗമാരം മാറാത്ത മുഖത്ത് എന്നും ചിരി സൂക്ഷിച്ചിരുന്ന ലക്ഷ്മിയുടെ ബാലു.
നീണ്ട പ്രണയത്തിന്റെ സാക്ഷാൽക്കാരമായിരുന്നു ബാലഭാസ്കറിനും ലക്ഷ്മിക്കും നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തേജസ്വിനി ബാല എന്ന മകൾ ജനിച്ചത്. മകളുടെ പേരിലുള്ള വഴിപാടുകൾക്കായാണ് സപ്റ്റംബർ 23ന് ബാലഭാസ്കറും കുടുംബവും തൃശ്ശൂരിൽ പോയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് 24ന് രാത്രിയിൽ തിരുമലയിലെ വീട്ടിലേക്ക് മടക്കയാത്രയാരംഭിച്ചു. 25ന് പുലർച്ചെ അപകടസമയ അപകടത്തിൽ മകളെ നഷ്ടപ്പെട്ട വിവരം അപകടത്തിൽ സാരമായി പരുക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറും ലക്ഷ്മിയും അറിഞ്ഞിരുന്നില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ബാലഭാസ്കറും മരിച്ചതോടെ പാട്ടീണങ്ങൾ നിറഞ്ഞ കുടുംബത്തിൽ ലക്ഷ്മി തനിച്ചായി. പ്രിയപ്പെട്ട പാട്ടുകാരന്റെ വേർപാടിൽ നെഞ്ചുപൊട്ടിക്കരയുന്ന കുടുംബവും, സുഹൃത്തുക്കളും നാടും, അതിനൊപ്പം ഒരേഒരു പ്രാർത്ഥനമാത്രം, ഇന്നും അബോധാവസ്ഥയിൽ കഴിയുന്ന ലക്ഷ്മിക്ക് ഈ കൊടിയ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തി ആ ദൈവം നൽകട്ടെ എന്നു മാത്രം!
ഒരു വാക്ക്:− പ്രണയം നൽകിയ ധൈര്യവും സംഗീതം, അതിനൊപ്പം രണ്ട് പേരും ഒരുമിച്ചുകൂട്ടിയ ആത്മവിശ്വാസവും മാത്രമായിരുന്നു അന്നും ഇന്നും ബാലഭാസ്ക്കറിനും ലക്ഷ്മിക്കും കൂട്ടായി ഉണ്ടായിരുന്നത്. എന്നാൽ തന്റെ കുഞ്ഞും ഭർത്താവും തന്നെ വിട്ടുപിരിഞ്ഞുപോയി എന്ന് മനസ്സിലാക്കാതെ ഇന്നും അബോധാവസ്ഥയിൽ കഴിയുന്ന ലക്ഷ്മി മുന്നോട്ട് എന്തായിരിക്കാം ജീവിതം വെച്ചുനീട്ടുക, ദൈവം എന്ത് രക്ഷയായിരിക്കാം അവൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്! അതിനായിരിക്കുമോ ഇങ്ങനൊരു പാട്ടിന്റെ താളം ഇട്ടത്, നിനക്കായി തോഴി പുനർജ്ജനിക്കാം...