ജസീല ഷെറീഫ് - നിറങ്ങളുടെ ചിറകിലേറി
സപ്ന അനു ബി ജോർജ്ജ്
സത്യസന്ധതയോടെയുള്ള ഉത്സാഹം കണ്ട് മനസ്സിലാക്കിയ സഹൃദയരും, കൂട്ടുകാരും, സഹപാഠികളും, കുടുംബവും, ഡോ. ജസീല ഷെറീഫിനെ അത്യധികം പ്രോത്സാഹിപ്പിച്ചു എന്നുള്ളത്, അവരുടെ കഴിവുകൾക്ക് പറന്നുയരാൻ വലിയ ചിറകുകൾ നൽകി. ഗൃഹഭരണത്തിന്റെ തിരക്കുകൾക്കും ഉദ്യോഗസംബന്ധമായ തന്റെ ഉത്തവാദിത്വങ്ങളോടുള്ള ആത്മാർത്ഥതയ്ക്കുമൊപ്പം ചിത്രകലയോടുള്ള അഭിനിവേശവും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ വളരെ ശ്രദ്ധിക്കുന്നു അവർ. അതുമാത്രമല്ല ജസീലയുടെ താൽപര്യങ്ങൾ... എഞ്ചീനീയറിംഗിനോടൊപ്പം, റിസേർച്ച്, ഫൈനാനാൻഷ്യൽ മാനേജ്മെന്റ്, സംഗീതം, കഥാരചന, കാർട്ടൂൺ വര എന്നിങ്ങനെ പോകുന്നു ജസീലയുടെ അഭിരുചികളുടെ ലിസ്റ്റ്!
പെയിന്റിംഗ് മാനസികോല്ലാസത്തിനുള്ള ഒരു തെറാപ്പിയല്ലേ എന്നുള്ള ചോദ്യത്തിന് ജസീല ഉത്തരം പറയുന്നതിങ്ങനെ. “മനസ്സിന് അത് ആനന്ദപ്രദമായ ഒരു കാര്യമാണ്. തുടക്കത്തിൽ എനിക്ക് വെറും ഒരു ഹോബി മാത്രമായിരുന്നു പെയിന്റിംഗ്. എന്നാൽ ഇന്നത് എന്റെ ആശയപ്രകടനത്തിന്റെ, മനോവിചാരങ്ങളുടെ പ്രതിഫലനമായി മാറിയിരിക്കുന്നു. ചിത്രരചനയിൽ നമ്മൾ പലതരം സങ്കേതങ്ങളും, നിറങ്ങളുടെ കൂട്ടുകളും, മാധ്യമങ്ങളും, പ്രയോഗശൈലികളും പരീക്ഷിക്കുന്നു. മറ്റു പല പ്രശസ്തരായ ചിത്രകാരന്മാരിൽ നിന്നും കാണാനും പഠിക്കാനും ശ്രമിക്കുന്നു. തീക്ഷ്ണമായ ഒരു താൽപര്യം ഉള്ളവർക്ക് മാത്രമേ അതിനെ ഭാവപ്രചുരമായി ചിത്രരചനാ പോലെയുള്ള ഒരു കലയെ പിന്തുടരാൻ സാധിക്കുകയുള്ളൂ. ഇന്ന് ഞാൻ ഹോബിയെന്നതിലുപരി ചിത്രകലയെ ആത്മാർത്ഥതയോടെ പിന്തുടരുന്നുണ്ട് എന്ന് തീർച്ചയായും പറയാൻ സാധിക്കും.”
തിരുവനന്തപുരം എഞ്ചീനീയറിംഗ് കോളേജിൽ നിന്നും ബിരുദം എടുത്ത ജസീല, കേരള യൂണീവേഴ്സിറ്റിയിൽ നിന്നും എം.ബി.എയും, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും എടുത്തിട്ടുണ്ട്. കൂടാതെ സിംഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം. എസ്-.സി ഫിനാൻസും ചെയ്തിട്ടുണ്ട്. ഷുമൂഖ് ഇൻവെസ്റ്റ്മെന്റ്സിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആണ് ജസീല. അവരുടെ ഭർത്താവ് ഷെറീഫ് പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോർ ഇൻഡസ്ട്രിയൽ എേസ്റ്ററ്റ്സ്, ഒമാനിൽ സ്ട്രാറ്റജിക് പ്ലാനിംഗ് അഡ്-വൈസർ ആണ്. മകൾ ലണ്ടനിൽ ഒരു ഫിനാൻഷ്യൻ ജേർണലിന്റെ അസോസിയേറ്റ് എഡിറ്റർ ആണ്. മകൻ ഇൻഡസ്ട്രിയൽ ഡിസൈൻ പഠിച്ചുകൊണ്ടിരിക്കുന്നു.
കുടുംബവിശേഷങ്ങൾക്ക് ശേഷം അത്യാവേശത്തോടെ നിറങ്ങളെക്കുറിച്ച് ജസീല വീണ്ടും വാചാലയായി! “സ്കൂൾ കാലം തൊട്ടെ ഞാൻ പെയിന്റിംഗ് ചെയ്തിരുന്നു. കോളേജിലെത്തിയപ്പോൾ അത് കൂടുതൽ താൽപര്യത്തോടെ കാണാൻ തുടങ്ങി. എന്നാൽ വിവാഹശേഷം മുടങ്ങിക്കിടന്നിരുന്ന പെയിന്റിംഗ് ഏതാണ്ട് ആറ് വർഷം മുൻപ് മാത്രമാണ് വീണ്ടും പൊടി തട്ടിയെടുത്ത് കാര്യഗൗരവത്തോടെ കണ്ടു തുടങ്ങിയത്. ഇന്ന് ഒരോ ചിത്രരചനയ്ക്ക് മുൻപും അതെങ്ങനെ ഫ്രെയിം ചെയ്യണമെന്നും ഏത് നിറക്കൂട്ടുകൾ തിരഞ്ഞെടുക്കണമെന്നും, അതിന്റെ മീഡിയം എന്തായിരിക്കണം എന്നൊക്കെയുള്ള തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാം, ഫെയിസ്ബുക്ക് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയായിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.” ജസീലയുടെ ചിത്രങ്ങളടങ്ങിയ ഒരു വെബ് സൈറ്റും (www.jazeelapaintings.com) ഉണ്ട്. പല രാജ്യങ്ങളും സന്ദർശിക്കുന്ന വേളയിൽ പലതരം ചിത്രപ്രദർശനങ്ങൾ കാണുകയും, പ്രശസ്തങ്ങളായ ആർട്ട് ഗ്യാലറികൾ സന്ദർശിക്കുകയും ചെയ്യുന്നത് നമ്മുടെ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യാപ്തിയും അറിവും തരുന്നുവെന്ന് ജസീല പറഞ്ഞു. തനിക്ക് ചിത്രകലയെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങളും, പരിശീലനത്തിനുള്ള സി.ഡികളും ഉണ്ടെന്നും, അതിലൂടെയാണ് ചിത്രകലയെക്കുറിച്ച് കൂടുതൽ പഠിച്ചതും പരിശീനം നേടിയതുമെന്ന് ജസീല പറയുന്നു. ആദ്യം മിലിന്ദ് മല്ലിക്കിന്റെ വാട്ടർ കളർ പെയിന്റിംഗ് കണ്ട് പഠിച്ചിരുന്നു. പിന്നീട് ആൽവരോ കാസ്റ്റനെറ്റ്, ജോസഫ് ബുക്വിച് എന്നീ പ്രശസ്ത ചിത്രകാരന്മാരുടെ രചനാരീതികളും കണ്ടും പഠിച്ചും മനസ്സിലാക്കിയിരുന്നു. എല്ലാവർക്കും ഹോബികൾ ആവശ്യമുണ്ടോ എന്ന ചോദ്യത്തിനുത്തരമായി അവർ പറയുന്നത്, ഒരോരുത്തരുടെ സമയവും സൗകര്യവും അനുസരിച്ച് ഇഷ്ടമുള്ള താൽപര്യം തിരഞ്ഞെടുക്കാവുന്നതാണ് എന്നാണ്. അങ്ങനെയാകുന്പോൾ അത് മനസ്സിന് ധാരാളം സന്തോഷവും സമാധാനവും തരും എന്ന് ജസീല തറപ്പിച്ചു പറയുന്നു. കോഫി, സോഫ്റ്റ് പേെസ്റ്റൽ, അക്രിലിക് എന്നീ മാധ്യമങ്ങളും ചെയ്യാറുണ്ട് എന്ന് അവർ സന്തോഷത്തോടെ പറഞ്ഞു.
മോഡേൺ പെയിന്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ജസീലയുടെ മറുപടി, എല്ലാത്തരം ചിത്രങ്ങളെയും, മാധ്യമങ്ങളെയും, പല കാലഘട്ടങ്ങളിലുള്ള ചിത്രരചനാ രീതികളെയും കുറിച്ച് മനസ്സിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നായിരുന്നു. മോഡേൺ ആർട്ട് എന്ന് വിളിക്കുന്ന നൂതന സന്പ്രദായങ്ങൾ അഥവാ സമകാലിക കലാസൃഷ്ടികൾ വ്യത്യസ്തങ്ങളായ ആശയങ്ങളുടെ ആവിഷ്കാരങ്ങളാണ്. അവ വെറും അനുകരണങ്ങൾ അല്ല. കലാകാരന്മാർ തങ്ങളുടെ ചുറ്റുപാട്, ചിന്താഗതി, തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിക്കൊണ്ടു വേണം ചിത്രങ്ങൾ വരയ്ക്കേണ്ടത്. അതുപോലെതന്നെ പലതരം മാധ്യമങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുക എന്നതും ഒരു ചിത്രകാരനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്നും ജസീല മനസ്സിലാക്കിത്തരുന്നു, നമുക്ക്! ഒരു ചിത്രകാരന്റെ നിറങ്ങളും ഭാവങ്ങളും അർത്ഥതലങ്ങളും ആ ചിത്രം കാണുന്നവരോട് സംവദിക്കണം. യഥാർത്ഥമായ അനുകരണം പഴയകാലത്തെ ചിന്താഗതിയാണ്. ജീവനുള്ള, ജീവകലയുള്ള ചിത്രങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. പിന്നീടാണ് ഇംപ്രഷനിസം പോലെയുള്ള നൂതനരീതികൾ വന്നത്. കലാരൂപത്തിന്റെ ശക്തി അത് എത്രകണ്ട് മികച്ചതായാലും അത് കാഴ്ചക്കാരോട് സംവദിക്കണം.
ചിത്രകല തനിക്കെന്താണെന്ന് ചോദിച്ചപ്പോൾ, ജസീലയുടെ മറുപടി ഉടനടി വന്നു, “എന്റെ ഭാവങ്ങളും വികാരങ്ങളും താൽപര്യങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമം. എന്നെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും, ലാൻഡ് സ്കേപ് ചിത്രങ്ങളിൽ പ്രകൃതിയുടെ പല ഭാവങ്ങളും അന്തരീക്ഷത്തിന്റെ മൂഡുമൊക്കെ സൃഷ്ടിച്ചെടുക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്.
ചിത്രങ്ങൾ കൂടുതൽ വർണ്ണങ്ങളും ഭാവങ്ങളും ഇനിയും വിരിയിക്കട്ടെ എന്നാശംസിക്കുന്നു.