മലയാളത്തിന്റെ ഇക്കാലത്തെ മഹിളകൾ
വീട്ടമ്മ അഥവാ ഹൗസ് വൈഫ് എന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ അത്ര മതിപ്പില്ല. “ആ...“നെറ്റി ചുളിച്ച ഒരു സ്വാഗതം ആയിരിക്കും കിട്ടുക. ഇത് ബുദ്ധി ഹീനത അല്ലേ? തികച്ചും അഭ്യസ്ത വിദ്യരായ വീട്ടമ്മമാർ ധാരാളമുള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഇതിനെ ഒരു കാരണമായി ഊന്നി പറയാവുന്നത് വിവാഹം വരെ പെൺകുട്ടികളെ പഠിപ്പിക്കുക എന്ന നമ്മുടെ ചിന്താഗതി തന്നെയാണ്. ഒരു സർവ്വേ കേരളത്തിൽ ഇപ്പോൾ നടത്തിയാൽ 8%ത്തിൽ കൂടുതൽ ബിരുദാനന്തര ബിരുദധാരികളായ സ്ത്രീകൾ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും. ജോലി തേടി ആണ്‍ ഇന്നത്തെ പെൺകുട്ടികൾ പോകുന്നത്. എല്ലാം നല്ലതിന് തന്നെ, കാരണം, സ്ത്രീകൾ അഭ്യസ്തവിദ്യർ അല്ലെങ്കിൽ നമ്മുടെ ഇപ്പോഴത്തെ ത്രിതല പഞ്ചായത്തിന്റെ കാര്യം എന്താകുമായിരിന്നു? പറഞ്ഞുവന്നത്, വീട്ടമ്മമാർ അഭ്യസ്ത വിദ്യരാണെങ്കിലും സമൂഹം അവരെ കാണുന്നത് അങ്ങനെയല്ല. ഈ സ്ഥിതിവിശേഷം മാറണമെങ്കിൽ അഥവാ മാറ്റണമെങ്കിൽ അവരുടെ വൈവിധ്യമാർന്ന കലാ വിരുതുകളും പാണ്ധിത്യവും നമ്മൾ അംഗീകരിച്ചാൽ മാത്രമേ സാധിക്കൂ. മസ്കറ്റിന്റെ പല ഭാഗത്ത് നിന്നും എണ്ണിപ്പെറുക്കിയെടുത്ത ചില വീട്ടമ്മമാരെ ഉദാഹാരണത്തിനായി എടുത്തു പറയട്ടെ.
പേര് −നീമാ റ്റൈറ്റസ്. താമസം മസ്കറ്റ്, ഒമാന്‍. ജോലി വീട്ടമ്മ, ഇഷ്ടവിനോദം തയ്യൽ, എംബ്രോയിഡറി, ക്വിൽറ്റിംഗ്, വിദ്യാഭ്യാസം എംജിനീയർ ബ്ലോഗ് − .http://madetotreasure.blogspot.com/
ഒരു കന്പ്യൂട്ടർ ഇഞ്ചിനീയർ ആയ നീമ എന്തു കൊണ്ടാണ്‍ തയ്യൽ, ചിത്രരചന, പാചകം എന്നിവയിലേക്ക് തിരിഞ്ഞത്? ഒരുദിവസം പോലും ഞാൻ ഒരു എഞ്ചിനീയർ ആയി ജോലി ചെയ്തിട്ടില്ല. എനിക്ക് ഒരു ബി.ടെക് ഡിഗ്രി ഉണ്ട് എങ്കിലും. പഠിത്തത്തിന്റെ കൂടെത്തന്നെ കല്യാണം പിന്നെ ദുബൈയിൽ ജീവിതവും തുടങ്ങി. കന്പ്യൂട്ട്ർ എന്റെ ഒരു വലിയ ആവേശം ആയിരുന്നെങ്കിലും പുതിയതായി കോളേജ് പഠിച്ചിറങ്ങിയ, ജോലിയിൽ അധികം പാഠവമില്ലാത്തെ ഒരാളിനു ജോലി നൽകാൻ ആരും തയ്യാറായില്ല. ജോലി അന്വേഷിക്കാനായി ഞാൻ കന്പ്യൂട്ടർ പരതി എങ്കിലും എന്റെ ശ്രദ്ധ പതിഞ്ഞത്, തയ്യലിന്റെ പലതരം മേഘലകളിലേക്കാണ്‍. തയ്യലിന്റെ വിവിധതരം രീതികളും മറ്റും ഞാൻ ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠിച്ചു.എന്നോ ഞാൻ മറന്ന, സ്കൂളിലും മറ്റും ധാരാളം ചെയ്തിരുന്ന ഒരു ഹോബികൂടെ ആയിരുന്നു, എംബ്രോയ്ഡറി.എന്റെ ഈ കഴിവിനെ പൂർവ്വാധികം താൽപ്പര്യത്തെടെ ഭർത്താവ് പ്രോത്സാഹിപ്പിക്കാറുണ്ട്. ആവശ്യമുള്ള സാധനങ്ങൾ കടകളിൽ നിന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനും വാങ്ങാനും, പിന്നെ പല ഓൺലൈൻ ഷോപ്പുകളിൽ നിന്ന് ഇന്റർനെറ്റ് വഴി വാങ്ങാനും മറ്റും സഹായിക്കുന്നു എന്ന് നീമ പറയുന്നു.
മനസ്സിൽ കുത്തിനിറച്ചിരുന്ന എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങൾ ആയിട്ടില്ല, എങ്കിലും ചിലതെങ്കിലും ചെയ്യാൻ സാധിച്ചു എന്നതിൽ സന്തോഷം ഉണ്ട്. ഉറക്കത്തിൽപ്പോലും എന്റെ സ്വപ്നങ്ങളുടെ ചവിട്ടുപടിയായി ഞാൻ കാണുന്നു. ദിവസത്തിന്റെ ഏതെങ്കിലും ഇത്തിരിനേരം എന്റേതു മാത്രമായ ഒരു ‘എനിക്ക്’എന്നൊരു സമയം കണ്ടെത്താറുണ്ട്. 24 മണിക്കൂറിൽ 6 മുതൽ 8 മണിക്കൂറെങ്കിലും ഞാൻ എന്റെ എംബ്രോയിഡറി തയ്യലുകൾക്കായി ചിലവാക്കുന്നു. ഒരു ഉപദേശം മറ്റുള്ളവർക്കായി എന്ത് എന്നുള്ള ചോദ്യത്തിനുത്തരം ആയി നീമ പറയുന്നു’, നമ്മുടെ ഇഷ്ടങ്ങളേയും താൽപ്പര്യങ്ങളേയും ആവേശത്തോടെ പിന്‍തുടരണം. ഇക്കാര്യത്തിൽ നാം അങ്ങേയറ്റം സ്വാർത്ഥരാവുന്നതിൽ ഒരു തെറ്റും ഇല്ല. ആരുടെയും താൽപ്പര്യങ്ങളെ കുറ്റപ്പെടുത്താൻ നമുക്ക് അവകാശം ഇല്ല. എംബ്രോയ്ഡറി ചെയ്യുന്നത് വെറും സമയവും പണവും നഷ്ടപ്പെടുത്തുക മാത്രം ആണെന്ന് പലരും എന്നെ കുറ്റപ്പെടുത്താറുണ്ട്. ഇത്തരം വിമർശനങ്ങൾക്ക് നേരെ നിങ്ങളുടെ ചെവി കൊട്ടിഅടക്കുക. മനസ്സിനും, നമ്മുടെ ബുദ്ധിക്കും ചേരുന്ന ഇത്തരം താൽപ്പര്യങ്ങളെ ആത്മാർത്ഥതയോടെ പിൻതുടരണം. മനസ്സിന്റെ സന്തോഷത്തിന് അത് ഏറെ പ്രയോജനം ചെയ്യും. തയ്യൽ വിവരമില്ലാത്തവർക്കുള്ളതാണ്‍ എന്നുളള വർത്തമാനങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക. ഇനിയും പല പുതിയ രീതികളും തയ്യലിൽ പഠിക്കാനുണ്ട്.
പേര്‍ −നസ്ലീൻ, വിദ്യാഭ്യാസം −ബി.എ സയൻസ്, സ്ഥലം− മസ്കറ്റ്, ജോലി− ഓയിൽ കന്പനി, ഹോബി− ഡിസൈനർ സൽവാർ, സാരി/ഡിസൈനിംഗ്. സുന്ദരികൾ, സുന്ദരങ്ങളായ വസ്ത്രങ്ങൾ മെനെഞ്ഞെടുത്താൽ അതിസുന്ദരമായിരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് നസ്ലീന്റെ എക്സിബിഷൻ കം സെയിലിൽ ഉള്ള സാരികളും സൽവാർ കമ്മീസുകളും. ഇന്ത്യയുടെ പലഭാഗത്തു നിന്നും നസ്ലീൻ തന്നെ തിരഞ്ഞെടുക്കുന്ന തുണികളും മറ്റും ചേർത്ത് നെയ്തെടുക്കുന്ന് സുന്ദരമായ വസ്ത്രങ്ങളുടെ ശേഖരം. വർഷത്തിലൊരിക്കൽ അല്ലെങ്കിൽ, സീസൺ അനുസരിച്ചു തീരുമാനിക്കുന്ന നസ്ലീനിന്റെ സെയിലിനായി, കാത്തിരിക്കുന്ന സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്, അതിൽ മിക്കവരും പിന്നെ നസ്ലീന്റെ നല്ല സുഹൃത്തുക്കളും ആയിത്തീരാറുണ്ട്.
“ഫാഷൻ ആന്റിഡോട്ട് നസ്ലീന്റെ ബുദ്ധിയിൽ ഉദിച്ച ഒരു സുന്ദരമായ പദ്ധതിയാണ്‍.സ്വന്തമായ ഒരു ലാബലിൽ സ്വന്തമായി തിരഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങളും, അവയുടെ വരവു ചിലവുകളും, വിൽപ്പന വിവരങ്ങളും മറ്റും നസ്ലീന്റെ വർഷങ്ങളായുള്ള പരിചയസന്പന്നമായ കഴിവിലൂടെ കാണാം. തന്റെ അടുത്ത സുഹൃത്തുക്കളുടെ സഹായം ധാരാളം ഉണ്ട്, ഈ സംരംഭങ്ങൾക്ക്. തുണിത്തരങ്ങളുടെയും, ഡിസൈനുകളുടെ മികവും, വൈവിദ്ധ്യങ്ങളും ഓരോ തവണയും വ്യത്യസ്ഥതപുലർത്താൻ നസ്ലീൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
പേര് −അശ്വതി രവി തോമസ്. സ്ഥലം− മസ്കറ്റ്. ഹോബി− കൊസ്റ്റ്യൂം ജ്വല്ലറി. സ്ഥാനം− വീട്ടമ്മ. കല്യാണമോ അല്ലാത്ത എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ, ഇന്നത്തെ സ്വർണത്തിന്റെ വിലയും നിരക്കും കാരണം, സ്വർണക്കടയിലേക്ക് ഒന്നു എത്തിനോക്കാൻ സാധാരണ ജനം ഇന്ന് തീർച്ചയായും മടിക്കും. എന്നാൽ പലതരം മുത്തുകളും, സീക്വൻസുകളും മറ്റും വെച്ച് നമ്മുടെ സ്വന്തം കലാവാസനകൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല ആദായകരമായ ഒരു ഹോബിയാണ് കോസ്റ്റ്യൂം ജ്വല്ലറി മെയ്ക്കിംഗ്. പലതരം മുത്തുകളും, കല്ലുകളും ധാരാളമായി ലഭിക്കുന്ന ഒമാനിൽ അശ്വതി കണ്ടുപിടിച്ച വളരെ സുന്ദരമായ ഒരു ഹോബിയാണിത്.
അശ്വതിയുടെ ഡിസൈനുകൾ തന്നെയാണ്‍ അതിന് ഉത്തമ ഉദാഹരണങ്ങൾ. പ്രത്യേകിച്ച് എന്തെങ്കിലും വിശേഷങ്ങൾ ഒന്നും തന്നെ ഇതിന്‍ മുന്നോടിയായി പറയാൻ അശ്വതിക്കില്ല.സ്വന്തം കൂട്ടുകാരുടെ സാരികൾക്ക് ചേരുന്ന കല്ലുകളും മുത്തുകളും ചേർത്ത് മാലകളും കമ്മലുകളും ഉണ്ടാക്കി. അതു കണ്ട് അവരുടെ കൂട്ടുകാരെത്തി. ഇന്ന് ഏതൊരു പ്രൊഫഷണൽ ചെയ്യുന്ന ആഭരങ്ങളോടും കിടപിടിക്കത്തക്ക ഡിസൈനുകളും മറ്റും ആണ് അശ്വതിയുടെത്. സുഹൃത്തുക്കളുടെയും, പള്ളികളുടെ സേവികാ സംഘം മീറ്റിംഗുകൾ, കോളേജ് അലൂമ്മികളുടെ മീറ്റിഗുകളിലും മറ്റും അശ്വതി തന്റെ ആഭരണങ്ങളുടെ പ്രദർശനം നടത്താറുണ്ട്.