എന്റെ മക്കളുടെ ഓർമ്മകൾ
“നാളെ, നാളെ, നാളെ-……. എല്ലാം ഇന്നല്ലെങ്കിൽ നാളെ ശരിയാകും”എന്ന് പറഞ്ഞു നീട്ടി നീട്ടിക്കൊണ്ടുപോകുന്ന പ്രവാസിയുടെ ജീവിതത്തിന്‍റെ മുക്കാലൽ ഭാഗവും ഇവിടെ തന്നെ ജീവിച്ചു തിരുന്നു. അവസാനം രോഗം നിറഞ്ഞ ശരീരവും, മരവിച്ച മനസ്സുമായി, പ്രതീക്ഷകൾ കൈവിടാതെ എത്തുന്ന പ്രവാസി വൃദ്ധസദനങ്ങളുടെ നീണ്ട ലിസ്റ്റിൽ അവസാനിക്കുന്നു.സ്വന്തം, എന്റെ, ഞാൻ എന്ന വാക്കുകൾ വിട്ട്, നമുക്ക്, സഹോദരങ്ങൾക്ക്, മാതാപിതാക്കൾ എന്ന ബഹുവിന്യാസത്തിൽ വിശ്വസിച്ചു ജീവിച്ചുവരുന്ന പ്രവാസി പിന്നെ, ‘തനിച്ച്’ എന്ന ഒറ്റവാക്കിൽ അവസാക്കുന്നു. എല്ലാം വെട്ടിപ്പിടിക്കാനെത്തിയവർ, കഷണ്ടിയും, കുടവയറും, കുറെ മാറാരോഗങ്ങളുടെ ‘ഏക്സസ്സ് ലഗ്ഗേജു’ മായി തിരികെയെത്തുന്നു
നാടും വീടും വിട്ട് സ്വർണം വാരിക്കൂട്ടാൻ, കോട്ടകൊത്തളങ്ങളുള്ള വീടുകൾ കെട്ടിപ്പടുക്കാൻ പണ്ട് മച്ചുവാ കയറി വന്നിരുന്ന പ്രവാസി ഇന്ന് ജെറ്റ് എയറും, ഗൾഫ് എയറും, എമറേറ്റ്സും മറ്റും കയറി വീണ്ടും എത്തി, ഗൾഫിൽ, കാശുണ്ടാക്കാൻ! എന്നാൽ ആ വലിയ നേട്ടത്തിനൊപ്പം നഷ്ടമായി അവരുടെ മറ്റൊരു വശം, കുടുംബ ബന്ധങ്ങൾ, വീട്, മാതാപിതാക്കൾ എല്ലാം തന്നെ. വീട്ടുകാർക്കും, സഹോദരങ്ങൾക്കും വേണ്ടി ഹോമിക്കപ്പെടുന്ന അവരുടെ ജീവിതം, നമ്മുടെ ജീവിതത്തിന്റെ ഭാഗമായി നാം കൂടെക്കൂട്ടുന്ന കുഞ്ഞുങ്ങളുടെ ജീവിതം, നാം അവർക്ക് പോലും അപരിചിതമായിത്തീരുന്ന ഒരു ജീവിത ശൈലിയുടെ ഭാഗം ആക്കുന്നു. എല്ലാം കൂടികൂട്ടിക്കിഴിച്ചപ്പോൾ കുഞ്ഞുങ്ങളുടെ ജീവിതത്തെ ഈ കവിതയിൽ ഒന്നു കുറിച്ചെടുക്കാൻ ശ്രമിച്ചു……….
എന്റെ മക്കളുടെ വിഷാദങ്ങൾ
അമ്മതൻ കയ്യാൽ പിച്ചവെച്ചു പഠിച്ചു,
ബേബി വാക്കർ എന്നെ ഓടാൻ പഠിപ്പിച്ചും,
മേരിയും അവളുടെ ലിറ്റിൽ ലാന്പുകളും
എന്നെ ആംഗലേയഭാഷയുടെ ആരാധകനാക്കി,
ബർഗറും, ചിപ്സും, പെപ്സിയും ‘ഫേവറേറ്റ്സുകൾ‘.
കാർട്ടൂൺ താരങ്ങൾ എന്റെ കൂട്ടുകാരായി,
സ്വപ്നങ്ങളിൽ അവരെന്നെ ‘ഹിമാൻ’ ആക്കി,
അച്ഛൻ കയ്യാൽ കന്പ്യൂട്ടർ പഠിച്ചു
ബൈക്കുകളും, സ്പീഡ് ബോട്ടുകളും
വിരൽത്തുന്പിൽ ‘ഗ്രാൻഡ്‍ പ്രീ‘ റേയ്സ്‍ നടത്തി.
നിറങ്ങളും ചിത്രങ്ങളും എന്റെ ‘മൗസിന്റെ’വികൃതികളായി
ഞാനൊരു ‘കട്ട്− ആൻഡ് −പേസ്റ്റ്‘ ഉപജ്ഞാതാവായി.
സമ്മർ ഹോളിഡെലെ ‘ഓൾഡ് ഗ്രാനി’യുടെ വീട് തടവറയായി,
എ.സിയും കന്പ്യുട്ടറും ടി.വിയും എൻ നഷ്ടബോധങ്ങൾ,
മടക്കത്തെക്കുറിച്ചോർത്തു ഞാൻ വിഷാദനായി.
ഇതിനിടെ ഓടി ഓടി ആലുക്കാസിലും, പാർഥാസിലും,
ടൈയിലർ ‘അങ്കിൾ’ന്റെ അടുത്തും പായുന്ന അമ്മ.
ഖദർ മുണ്ടും ഷർട്ടുമിട്ട്, കയ്യിൽ ഒരു ‘ലോക്കലും,
ഇന്റർനാഷണൽ മൊബൈലുമായി, ക്ലബ്ബിലേക്ക് പായുന്ന ‘അപ്പ’.
എല്ലാ‘കസിൻ ഹൗസി’ലും, പോകുന്പോൾ കിട്ടുന്ന, ഉമ്മയും,
ചെള്ളക്കു പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി.
കൂടെവന്ന വാക്യം‘ഇവനപ്പച്ചന്റെ തനി ഛായ ’
ആകപ്പാടെ എനിക്കൊരു‘ജെൽ’ ചെയ്യാത്ത തോന്നൽ!
മുപ്പതു ദിവസത്തിനു ശേഷം, വീണ്ടും എന്റെ വീട്ടിലേയ്ക്ക്
ഞാനറിയാത്ത, എന്നെ അറിയാത്ത വീട്ടിൽ നിന്ന്
എന്റെ ‘റിയൽ’വീട്ടിലേക്ക്.
പ്രവാസികളായ അഭിപ്രായങ്ങൾ ഒരുമിച്ചു കൂട്ടിയെടുത്തപ്പോൾ വ്യത്യസ്ഥമായ അഭിപ്രായങ്ങളെക്കാൾ എല്ലാവർക്കും ഒരേ മനസ്സും ചിന്താഗതിയും ആഗ്രഹങ്ങളും ആണെന്ന് മനസ്സിലാകും………
നാട്ടിലെ ഒഴിവുകാലം?
ഗൾഫിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറിയ ജോർജ് സാമുവൽ പറയുന്നതു ശ്രദ്ധിക്കൂ….“ഒരു വലിയ അർത്ഥത്തിൽ പറഞ്ഞാൽ കുടുംബവും, ബന്ധുക്കാരും വീട്ടുകാരും ആയി നമ്മൾ ചിലവഴിക്കുന്ന നല്ല സമയങ്ങൾ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നു. നാട്ടിലെ ബഹളങ്ങളും വിശേഷങ്ങളും നിറഞ്ഞ അന്തരീക്ഷം, വീട്ടിലെ നല്ല രുചിയുള്ള ആഹാരങ്ങൾ, പലരും നമുക്കായി കരുതി വെക്കുന്ന വിഭവങ്ങളും പലഹാരങ്ങളും. ഇതൊക്കെ എല്ലാ അവധിക്കാലത്തെയും നമ്മൾ മനസ്സിൽ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ ആണ്. അതു പൊലെ ഖത്തറിലെ ഒരു മൾട്ടിനാഷണൽ കന്പനിയിലെ ഒരു മാനേജർക്കും എതിരഭിപ്രായം ഇല്ല, മറിച്ച്, വീട്ടിലെ സമാധാനപരമായ അന്തരീക്ഷം, വർഷങ്ങളോളം നാം തന്നെ സ്വരുക്കൂട്ടിയെടുത്ത വിയർപ്പിന്റെ വിലയാൽ വാങ്ങിയ വീട്ടിൽ സമാധാനത്തോടെയുള്ള താമസം, അത് വർഷത്തിൽ വിരലിലെണ്ണാൻ മാത്രം കുറച്ചു ദിവസങ്ങൾ ആണെങ്കിൽ പോലും” പേര് വെളിപ്പെടുത്താൻ ആഗ്രഹം ഇല്ലാത്ത ഒരു പ്രവാസി, മനസ്സു തുറന്നു ഈ വരികളിലൂടെ.
എന്താണ് ഒരു ഒഴിവുകാലത്ത്, ഏറ്റവും പ്രതീക്ഷിക്കുന്നത്?
നാട്ടിലെത്തിക്കഴിഞ്ഞാൽ, മനഃസമാധാനം, നിരന്തരം അലട്ടുന്ന ഫോൺ വിളികൾ ഇല്ല, ജോലിസ്ഥലത്തെ പ്രയാസങ്ങളും അലച്ചിലുകളും മറ്റും ഇല്ലാത്ത സമാധാനമായ ദിവസങ്ങൾ. വീട്ടിലെ ശാന്തമായ ശുദ്ധമായ, അന്തരീക്ഷം, അയൽക്കാർ, മഴ,കാറ്റ്, അന്പലത്തിലെ കോളാന്പി മൈക്കുകളിലൂടെ എത്തുന്ന പാട്ടുകൾ, ഈ വഴികളിൽക്കൂടിയുള്ള നടപ്പുകൾ, സമയപരിധി അനുസരിച്ച്, കുടുംബവുമായൊരു വിനോദയാത്ര, ഇത്രയൊക്കെ എല്ലാവരുടെയും അവധിക്കാല പ്രതീക്ഷകൾ ആണ്. പലർക്കും കുടുംബവുമായുള്ള ഒരുഅടുത്തിടപെടലുകൾ, താമസം, ബന്ധുക്കളെ കാണുക, സ്വന്തമായിത്തന്നെ, കൃത്യനിഷ്ടയും, സമയവും പാലിക്കാതെ, സമാധാനമായി, ഫോണും അലാറവും ഒന്നും ഇല്ലാതെ, സ്വസ്തമായ കുടുംബത്തോടൊപ്പം ചിലവിടാൻ പറ്റുന്ന, വർഷത്തിന്റെ ഏറ്റവും നല്ല സമയം.
പ്രവാസിയായതിനാൽ നിങ്ങളുടെ മക്കൾക്ക് നഷ്ടമാകുന്ന നാട്ടിലെ ജീവിതത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ?
ജോർജ്ജിന്റെ മനസ്സിൽ നിന്നു പറയുന്നു... എന്നും എപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു നഷ്ടബോധമാണ് നമ്മൾ അനുഭവിച്ച ആ നല്ല നാളുകൾ നമ്മുടെ കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ മാതാപിതാക്കൾ നമുക്ക് നൽകിയ കുടുംബ ബന്ധങ്ങളുടെ ഒരു കെട്ടുറപ്പ് നമ്മുടെ കുട്ടികൾക്ക് നൽകാൻ നമുക്കു സമയത്തിന്റെ കിശിവ് എന്ന പരാതികാരണം കഴിയുന്നില്ല എന്നൊരു തോന്നൽ ഏതൊരു പ്രവാസിയുടെയും മനസ്സിലും ഇന്നുണ്ട്. എന്നാൽ പ്രവാസിതന്നെയായ മറ്റൊരാളുടെ അഭിപ്രായത്തിൽ ‘നാട്ടിൽ നിന്നും മാറി മറ്റൊരു ലോകത്തു ജീവിക്കുന്ന നമുക്ക്, എല്ലാ സുഖസൗകര്യങ്ങളും കുട്ടികൾക്ക് നൽകാൻ സാധിക്കുന്നുണ്ട്. എന്നാൽ കുടുംബ ബന്ധങ്ങൾ നമുക്ക് നഷ്ടമാകുന്നു. കുടുംബത്തിന് വേണ്ടി നമ്മൾ കഷ്ടപ്പെടുന്പോൾ നമുക്ക് നഷ്ടമാകുന്നത് ‘കുടുംബം ‘എന്ന ബന്ധം തന്നെയാണ്.
ഇക്കാലത്ത്, പുരോഗതിയുടെ ഭാഗമായി, മറ്റൊരു വലിയ മാർക്കറ്റ് പ്രവാസികൾക്കായി!!........തിരികെ വന്നാൽ!!! വരുന്ന കാലത്ത് എവിടെ സെറ്റിൽ ചെയ്യണം, അതിനു വരെ, ഇന്ന് മാർക്കറ്റിംഗ് കന്പനികൾ സർവ്വേകൾ നടത്തുന്നു. പ്രവാസികൾക്ക് താമസിക്കാൻ കൊള്ളാവുന്ന ലോകത്തെ 221 നഗരങ്ങളിൽ ഡൽഹിയുടെ സ്ഥാനം 143−ാമത് മാത്രം. 140−ാമതാണ് ബംഗളൂരുവിന്റെ സ്ഥാനം. 144−ാമതാണ് മുംബൈയുടെ സ്ഥാനം. കൊൽക്കത്തയുടേത് 145−ാമതും. ഓസ്‌ട്രേലിയയിലെ വിയന്നയാണ് പട്ടികയിൽ ഒന്നാമത്. മനുഷ്യവിഭവശേഷി കൺസൾട്ടൻസി രംഗത്തെ പ്രമുഖരായ മെഴ്‌സർ നടത്തിയ സർവ്വെയിലാണ് തലസ്ഥാന നഗരത്തിന്റെ സ്ഥാനവും നിർണയിച്ചത്. മെഴ്‌സറിന്റെ സർവ്വെയിൽ പരിസ്ഥിതി സൗഹൃദ നഗരങ്ങൾക്കും റാങ്കിംഗ് നിശ്ചയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ നഗരങ്ങൾ ഏറെ പിന്നിലാണ്. ജലലഭ്യത, മാലിന്യനിർമ്മാർജനം, അഴുക്കുചാൽ, വായുമലിനീകരണം, ഗതാഗതക്കുരുക്ക് എന്നിവ കണക്കിലെടുത്താണ് പരിസ്ഥിതിസൗഹൃദ നഗരങ്ങൾക്ക് റാങ്ക് നിശ്ചയിച്ചത്.