ശുചീന്ദ്രത്തിന്റെ കഥയും സ്ത്രീയുടെ മാഹാത്മ്യവും
ശുചീന്ദ്രം, ഇന്ദ്രന് ശുചി കിട്ടിയ സ്ഥലം. സപ്തർഷികളിൽ ഒരാളായ അത്രി മഹർഷിയുടെ വാസം കൊണ്ട് പവിത്രമായിത്തീർന്ന ഇടം. ആ സ്ഥലത്ത് വന്നിരുന്ന് തപസ് ചെയ്ത കാരണം ഇന്ദ്രന് ഗൗതമമഹർഷിയിൽ നിന്നേറ്റ ശാപത്താലുണ്ടായ വൈരൂപ്യം മാറിക്കിട്ടി. ഇന്ദ്രൻ ശുചിയായി.
ശുചീന്ദ്രത്തിന്റെ കഥ ഇതാണ്. ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുടെ പത്നിമാരോട് നാരദൻ അപേക്ഷിക്കുന്നു. തന്റെ ഭാണ്ധത്തിലുള്ള പാറക്കല്ലുകൾ വറുത്ത് മലരാക്കിക്കൊടുക്കണം. മൂന്ന് ദേവിമാരും നാരദന്റെ അപേക്ഷയെ തമാശയായി കണക്കാക്കി. സ്വർഗലോകത്ത് നടക്കാത്ത കാര്യം ഭൂലോകത്ത് നടക്കുമോ എന്ന് നോക്കട്ടെ എന്നു പറഞ്ഞ് നാരദൻ ഭൂമിയിലേക്ക് യാത്രയായി. അത്രിമഹർഷിയുടെ ആശ്രമത്തിലെത്തി. മഹർഷിയുടെ ധർമ്മപത്നി അനസൂയാദേവിയുണ്ട് അവിടെ. നാരദൻ തന്റെ അപേക്ഷ അവരോടും നടത്തി. ഒട്ടും താമസിച്ചില്ല, പാറക്കല്ലുകൾ വാങ്ങി വറചട്ടിയിലിട്ടു. മഹർഷിയുടെ പാദതീർത്ഥം സൂക്ഷിച്ചിരുന്നതെടുത്ത് ആ പാറക്കല്ലുകളിൽ അല്പം തളിച്ചു. സാവധാനം ഇളക്കി. അത്ഭുതം! പാറക്കല്ലുകൾ ഒന്നില്ലാതെ മലരായി മാറി. ആ മലരും ഭാണ്ധത്തിൽപ്പേറി നാരദൻ സ്വർഗലോകത്തെത്തി. ത്രിമൂർത്തികളുടെ പത്നിമാരെക്കണ്ട് വിവരം ധരിപ്പിച്ചു.
ദേവിമാർക്ക് സഹിച്ചില്ല. ഭൂലോകത്തിൽ അങ്ങനെയൊരു പതിവ്രതയോ? എങ്കിൽ അതൊന്നറിഞ്ഞിട്ടു തന്നെ. അവളുടെ പാതിവ്രത്യം നശിപ്പിച്ചിട്ടു തന്നെ വേറെ കാര്യം. ഭർത്താക്കന്മാരെ അതിനായി നിയോഗിച്ചു. അവർ സന്യാസവേഷം ധരിച്ച് ഭൂമിയിലേക്കിറങ്ങി. അനസൂയയെ സമീപിച്ചു. ഭവതി ഭിക്ഷാംദേഹി. വിശപ്പിന് ആഹാരം ആവശ്യപ്പെട്ടു. യഥോചിതം സന്യാസിമാരെ സ്വീകരിച്ചിരുത്തി ആഹാരം വിളന്പാൻ തുടങ്ങിയപ്പോൾ ഒരു പ്രശ്നം. അനസൂയ മറവിൽ നിന്നുകൊണ്ടാണ് ആഹാരം വിളന്പുന്നത്. കാരണം പുരുഷന്മാരുടെ മുന്പിൽ മാന്യമായി വരാൻ തക്ക വസ്ത്രം കൈവശമില്ല. തങ്ങളുടെ മുന്പിൽ നേരെ വന്നുനിന്നു വിളന്പിയില്ലെങ്കിൽ ആഹാരം വേണ്ട, സന്യാസിമാർ ശഠിച്ചു.
അനസൂയാദേവി ധർമ്മസങ്കടത്തിലായി. സ്വഭർത്താവായ അത്രിമുനിയെ നിമിഷം ധ്യാനിച്ചു. കാര്യം മനസിലാക്കി. തന്നെ ചതിച്ചു നശിപ്പിക്കാൻ വന്നിരിക്കുന്ന ത്രിമൂർത്തികളാണ് ഇവർ. വീണ്ടും അത്രിമഹർഷിയുടെ പാദതീർത്ഥം കൈയിലെടുത്ത് കൈനീട്ടി. സന്യാസിമാരുടെ മേൽ തളിച്ചു. ഞൊടിയിടയിൽ ത്രിമൂർത്തികൾ പിഞ്ചുശിശുക്കളായി മാറി. കൈയും കാലും കുടഞ്ഞ് കളിച്ചു കൊണ്ടു കിടന്നു. കുഞ്ഞുങ്ങളെ മൂന്ന് തൊട്ടിൽ കെട്ടി അതിൽ കിടത്തി ഉറക്കി. ഭർത്താക്കന്മാരെ കാണാതെ വിഷമിച്ചു ഭയന്ന ദേവിമാർ നാരദനിൽ നിന്നും വിവരമറിഞ്ഞു ആശ്രമത്തിലെത്തി അത്രി മഹർഷിയോട് മാപ്പിരന്ന് മംഗല്യഭിക്ഷ യാചിച്ച് ഭർത്താക്കന്മാരെ തിരികെ കൊണ്ടുപോയി എന്നു കഥ.
തപോധനനായ തന്റെ ഭർത്താവിന്റെ പരിചരണ ശുശ്രൂഷയാൽ നേടിയ പുണ്യശക്തികൊണ്ട് ത്രിമൂർത്തികളെപ്പോലും നൊടിയിടയിൽ ശിശുനൈർമല്യത്തിലെത്തിക്കാൻ കഴിഞ്ഞ പതിവ്രത. ഏതു പ്രലോഭനത്തിന്റെയും ചതിയുടെയും മുന്നിൽ സധൈര്യം പുണ്യത്തിലേക്ക് മുന്നേറി തന്റെ സാന്നിധ്യം കൊണ്ട് താൻ കഴിയുന്ന അന്തരീക്ഷത്തിനും നാടിനും അഷ്ടൈശ്വര്യങ്ങളും സാധ്യമാക്കിയ സാധ്വീരത്നം അനസൂയയുടെ മഹത്വമാണ് ശുചീന്ദ്രം വിളിച്ചു പറയുന്നത്.
അനസൂയയുടെ മഹത്വം വിളിച്ചോതുന്നതിലൂടെ സ്ത്രീയുടെ മാഹാത്മ്യവും ഒപ്പം ഗൃഹസ്ഥാശ്രമ ജീവിതത്തിന്റെ പ്രധാന്യവും മനസിലാക്കേണ്ടതാണ്. ദൈവ നിശ്ചയപ്രകാരമുള്ള കുടുംബജീവിതത്തിലുടെ ഗൃഹസ്ഥാശ്രമികൾക്ക്, ആത്മീയ വഴിയിലെ വളർച്ചയുടെ ഉന്നതങ്ങളിലേക്ക് എത്താൻ കഴിയും എന്ന സന്ദേശവും ഇതിലുണ്ട്.