ത്യാഗത്തിന്റെ മഹത്വം
നാരദ മഹർഷി ഒരിക്കൽ ലോകസഞ്ചാരത്തിന് ശേഷം മടങ്ങിയെത്തി താൻ കണ്ട അത്ഭുതത്തെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്, ‘ഭൂമിയിൽ എല്ലാവരും പുണ്യം ആഗ്രഹിക്കുന്നു. പക്ഷേ അതിനായി നന്മ ചെയ്യാൻ ആരും ഒരുക്കമല്ല! എല്ലാവരും പാപത്തെ ഭയക്കുന്നു. പക്ഷേ എന്നിട്ടും തെറ്റുകൾ ചെയ്യാതിരിക്കാൻ ആരും ശ്രമിക്കുന്നില്ല!’
പുരാണ കഥയാണെങ്കിലും ഈ വാക്കുകൾ എത്രയോ സത്യം. ഇതാണ് മനുഷ്യന്റെ ഇന്നത്തെ അവസ്ഥ. മനുഷ്യർക്ക് എല്ലാവർക്കും നിരവധി ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. എന്നാൽ അവ സാധിതമാക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്യാൻ ആരും സന്നദ്ധരല്ല. പിന്നെങ്ങനെ സ്വപ്നങ്ങൾ സഫലമാകും? സമൂഹത്തിന്റെ ഏത് തുറയിൽ നോക്കിയാലും ഇത്തരമൊരവസ്ഥ കാണാനാകും.
സ്വധർമ്മം അനുഷ്ഠിക്കുന്നവൻ അർഹിക്കുന്നത് തീർച്ചയായും ലഭിക്കും. പക്ഷേ, ധർമ്മം അനുഷ്ഠിക്കണമെങ്കിൽ ത്യാഗം ചെയ്യുവാനുള്ള മനസ്സു വേണം. അതാണ് പലർക്കും ഇല്ലാത്തത്. ഇന്നത്തെ വിദ്യാഭ്യാസം ആ ത്യാഗത്തിന്റെ മഹത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നുമില്ല. ത്യാഗത്തിലൂടെയല്ലാതെ മഹത്തായതൊന്നും, ഒരിക്കലും, ആരും നേടിയിട്ടില്ല എന്ന ഗുരുവചനങ്ങൾ ഓർമ്മ വരുന്നു. ഇക്കാര്യം എന്നും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ.
ലക്ഷ്യബോധം, ആ ലക്ഷ്യത്തിലെത്താനുള്ള ഇച്ഛാശക്തി, അത് നേടിയെടുക്കാനുള്ള കഠിനാധ്വാനം, ഈശ്വര കാരുണ്യം ഇതൊക്കെയാണ് ഏതൊരു വ്യക്തിയുടെയും ജീവിതവിജയത്തിനുള്ള അടിസ്ഥാന ഘടകങ്ങൾ.