പോർക്കളത്തിലെ ആന


തന്റെ ജീവിതം എപ്പോഴും സുഖകരമായിരിക്കണമെന്ന് മനുഷ്യർ‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടതു മാത്രം സംഭവിക്കണമെന്ന് നമ്മൾ‍ സ്വപ്നം കാണുന്നു. പക്ഷേ, വിധി പലപ്പോഴും മറിച്ചായിരിക്കും. സുഖം പോലെതന്നെ ദുഃഖവും ജീവിതത്തിൽ‍ വന്നുചേരും. ഇതു രണ്ടും ജീവിതത്തിന്റെ അനിവാര്യഘടകങ്ങളാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നില്ല. ദുഃഖം വരുന്പോൾ‍ താങ്ങാനാകുന്നില്ല. അതിൽ‍നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഇതിനുള്ള പോംവഴികളിലൊന്ന്, നിത്യജീവിതത്തിലെ അവസ്ഥകളെ അതാതുരീതിയിൽ‍ത്തന്നെ ഒട്ടും കൂടുതലോ കുറവോ ഇല്ലാതെ അനുഭവിക്കാൻ അല്ലെങ്കിൽ‍ നേരിടാൻ ശീലിക്കുക എന്നതാണ്. 

കോസാംബിക രാജ്യത്തെ ഉദേന രാജാവിന്റെ പത്‌നി മേഗാന്ദിക ബുദ്ധനോടു വൈരാഗ്യം വച്ചുപുലർ‍ത്തിയിരുന്നു. അതിസുന്ദരിയായ മേഗാന്ദികയെ ബുദ്ധനെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ അവരുടെ മാതാപിതാക്കൾ‍ ആഗ്രഹിച്ചിരുന്നു. രാഗദ്വേഷങ്ങളെ ജയിച്ച ബുദ്ധനാകട്ടെ തനിക്ക് ഇത്തരം ആനന്ദങ്ങളിലൊന്നും താൽപ്പര്യമില്ലെന്നു പറഞ്ഞ് വിവാഹാലോചന നിരസിക്കുക മാത്രമല്ല, സൗന്ദര്യം നിറഞ്ഞ ശരീരത്തിന്റെ ഉള്ളിൽ‍ മലവും മൂത്രവുമാണെന്നും അതിനെ കാലുകൊണ്ടുപോലും തൊടാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും പറയുകയുണ്ടായി. ബുദ്ധന്റെ വാക്കുകളിൽ‍ അപമാനം തോന്നിയ മേഗാന്ദിക പിന്നീട് ഉദേന രാജാവിനെ വിവാഹം ചെയ്യുകയായിരുന്നു.

ഏറെ നാളുകൾ‍ക്കുശേഷം ബുദ്ധൻ തന്റെ പരിചാരകനും ശിഷ്യനുമായ ആനന്ദനൊപ്പം കോസാംബിക സന്ദർ‍ശിക്കാനെത്തി. ഇതറിഞ്ഞ മേഗാന്ദിക രാജ്ഞി നഗരകവാടത്തിൽ‍ വച്ചുതന്നെ ബുദ്ധനെ ചീത്തവിളിച്ച് അപമാനിക്കാൻ ചിലരെ ഏർ‍പ്പെടുത്തി.  ബുദ്ധൻ നഗരത്തിൽ‍ പ്രവേശിച്ചപ്പോൾ‍ അവർ‍ ചുറ്റുംകൂടി അദ്ദേഹത്തെ കള്ളനെന്നും മടയനെന്നും വിഡ്ഢിയെന്നും  ഒട്ടകം, കാള, കഴുത, നരകവാസി എന്നൊക്കെയും വിളിച്ച് അപമാനിക്കാൻ തുടങ്ങി. 

ആക്ഷേപം അസഹനീയമായപ്പോൾ‍ ആനന്ദൻ ബുദ്ധനോടു പറഞ്ഞു ഭഗവാൻ ഇവിടുള്ളവർ‍ അങ്ങയെ അപമാനിക്കുകയും നിന്ദിക്കുകയുമാണ്, നമുക്ക് മറ്റുവല്ലിടത്തേക്കും പോകാം.

നമ്മൾ‍ എങ്ങോട്ടു പോകും ആനന്ദാ? ബുധൻ ചോദിച്ചു. ഭഗവാനേ നമുക്കു മറ്റു വല്ല നഗരങ്ങളിലേക്കും പോകാം. അവിടുള്ളവരും നമ്മെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്താലോ, അപ്പോൾ‍ നമ്മൾ‍ എവിടേക്കു പോകും ആനന്ദാ? പിന്നെയും കാണുമല്ലോ നഗരങ്ങൾ‍, നമുക്ക് അങ്ങോട്ടു പോകാം ഭഗവാനേ.

അങ്ങനെ പറയരുത് ആനന്ദാ, എവിടെയാണോ പ്രശ്‌നങ്ങളും വിഷമങ്ങളും നേരിടേണ്ടിവരുന്നത് അവിടെവച്ചുതന്നെ അതിനു പരിഹാരവും കണ്ടിരിക്കണം. പോർ‍ക്കളത്തിലെ ആന എങ്ങനെയാണോ അന്പേറ്റിട്ടും അനങ്ങാതെ നിൽ‍ക്കുന്നത്, അതുപോലെ ഈ നിന്ദാവാക്കുകളെ ഞാൻ സഹിക്കും. നിന്ദാവചനങ്ങളിൽ‍ മനസ്സിളകാത്തവനാണ് ഉത്തമനായ മനുഷ്യൻ. അസ്വസ്ഥനാകാതിരിക്കൂ ആനന്ദാ, ഈ ജനങ്ങൾ‍ ഏഴു ദിവസമേ നിന്ദാവചനങ്ങൾ‍ ചൊരിയൂ. എട്ടാമത്തെ ദിവസം അവർ‍ നിശബ്ദരായിക്കൊള്ളും  ആനന്ദന് ക്ഷമയുടെ തത്വം ഉപദേശിച്ചുകൊടുത്തുകൊണ്ട് ബുദ്ധൻ പറഞ്ഞു.

സ്വന്തം ജീവിതംകൊണ്ടു ബുദ്ധൻ പകർ‍ന്ന പാഠം നമുക്കും ഉൾ‍ക്കൊള്ളാം. പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്ന ഒരുവൻആദ്യമായി സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുക. ഭൗതീക കാര്യങ്ങളിൽ‍ ഓടിക്കൊണ്ടിരിക്കുന്ന മനസ്സ് എപ്പോഴും പ്രശ്‌നങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. അതിനെ വിജയപൂർ‍വം നേരിടാനുള്ള ശക്തി ആധ്യാത്മിക ചിന്താഗതികൊണ്ടേ സിദ്ധിക്കുകയുള്ളൂ. സർ‍വ്വവും ഈശ്വരനിൽ‍ സമർ‍പ്പിച്ച് രാഗദ്വേഷങ്ങളെ അകറ്റി ജീവിക്കുന്ന ഒരു വ്യക്തിക്ക് പ്രശ്‌നങ്ങളെ സാധാരണമട്ടിത്തിൽ‍തന്നെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരും.

You might also like

Most Viewed