ഇല്ലാത്തവനിൽ നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും
ദൈവം നമുക്ക് തരുന്ന കഴിവുകൾ, നമുക്കും, ലോകത്തിനും വേണ്ടി ഉപയോഗിക്കാതെ അലസരും സ്വാർത്ഥരും ആകുന്നവർക്കുള്ള താക്കീതായി യേശുദേവൻ പറഞ്ഞ ഒരു കഥയുണ്ട്.
ഒരു പ്രഭു യാത്ര പുറപ്പെടുംമുന്പ് തന്റെ ഭൃത്യന്മാരെ വിളിച്ച് ഓരോരുത്തർക്കും സന്പത്ത് വീതിച്ചു നൽകി. ഒന്നാമന് അഞ്ചും രണ്ടാമന് രണ്ടും മൂന്നാമന് ഒന്നും താലന്തുകളാണ് അദ്ദേഹം നൽകിയത്. അഞ്ചു താലന്തു ലഭിച്ചവൻ വ്യാപാരം ചെയ്ത് അഞ്ചു താലന്തു കൂടി സന്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാൽ, ഒരു താലന്തു ലഭിച്ചവൻ അതുപയോഗിച്ചില്ല. അവൻ പോയി തനിക്ക് ലഭിച്ച താലന്ത് മണ്ണിൽ കുഴിച്ചിട്ടു.
ഏറെക്കാലത്തിന് ശേഷം പ്രഭു തിരിച്ചെത്തി. ഭൃത്യന്മാർ യജമാനനെ സമീപിച്ച് തങ്ങൾ ചെയ്ത കാര്യങ്ങൾ വിവരിച്ചു. അഞ്ച് താലന്തു കിട്ടിയവൻ വന്ന്, അഞ്ച് കൂടി യജമാനന് സമർപ്പിച്ചു. എന്നിട്ടു പറഞ്ഞു: “യജമാനനേ, അങ്ങ് എനിക്ക് അഞ്ച് താലന്താണല്ലോ നൽകിയത്. ഇതാ, ഞാൻ അഞ്ചുകൂടി സന്പാദിച്ചിരിക്കുന്നു”. യജമാനൻ പറഞ്ഞു: “കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, ചെറിയകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ ഇനി നിന്നെ ഞാൻ ഏൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേയ്ക്ക് നീ പ്രവേശിക്കുക”.
രണ്ടു താലന്ത് കിട്ടിയവനും വന്നുപറഞ്ഞു: “യജമാനനേ, അങ്ങ് നൽകിയ രണ്ട് താലന്തുകൾകൊണ്ട് ഞാൻ മറ്റ് രണ്ട് കൂടി സന്പാദിച്ചിരിക്കുന്നു.” യജമാനൻ പറഞ്ഞു: “കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേക കാര്യങ്ങൾ നിന്നെ ഞാൻ ഏൽപ്പിക്കും. നീയും യജമാനന്റെ സന്തോഷത്തിലേയ്ക്ക് പ്രവേശിക്കുക”.
ഒരു താലന്ത് കിട്ടിയവൻ വന്നു പറഞ്ഞു: “യജമാനനേ, അങ്ങ് വിതയ്ക്കാത്തിടത്ത് നിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ എനിക്ക് ഭയമായി. നീ എനിക്ക് നൽകിയ താലന്ത് ഞാൻ മണ്ണിൽ മറച്ചുെവച്ചു. ഇതാ, നിന്റേത് എടുത്തുകൊളളുക.” യജമാനൻ പറഞ്ഞു: “ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാൻ വിതയ്ക്കാത്തിടത്ത് നിന്ന് കൊയ്യുന്നവനും വിതറാത്തിടത്ത് നിന്ന് ശേഖരിക്കുന്നവനും ആണെന്ന് നീ മനസ്സിലാക്കിയിരുന്നല്ലോ. എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കൽ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാൻ വന്ന് എന്റെ പണം പലിശ സഹിതം വാങ്ങുമായിരുന്നല്ലോ? പ്രഭു ഉത്തരവിട്ടു “ആ താലന്ത് അവനിൽ നിന്നെടുത്ത്, പത്ത് താലന്തുള്ളവന് കൊടുക്കുക.”
അതെ, ഉള്ളവന്് വീണ്ടും നൽകപ്പെടുകയും അവന്് മേൽക്കുമേൽ സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും.
പ്രവൃത്തിക്കൊത്ത് നമ്മെ അനുഗ്രഹിക്കുന്ന ഒരു ദൈവത്തെയാണ് ഈ കഥയിൽ കാണാൻ കഴിയുന്നത്. അതോടൊപ്പം ദൈവം നൽകിയ കഴിവുകൾ വേണ്ടവിധം പ്രയോജനപ്പെടുത്താതിരിക്കുന്നവർ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകളെക്കുറിച്ചും യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. മടിയും അലസതയും മൂലം കഴിവുകൾ പ്രയോജനപ്പെടുത്താതെ ജീവിതം പ്രശ്നങ്ങളാൽ നിറയ്കക്കുന്ന ധാരാളം പേരെ നമുക്ക് കണ്ടെത്താൻ കഴിയും. അത്തരം ആൾക്കാരെയാണ് മൂന്നാമത്തെ ഭൃത്യൻ പ്രതിനിധീകരിക്കുന്നത്. ദൈവം നൽകിയ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന, ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായ ഒന്നാമത്തെയും രണ്ടാത്തെയും കൂട്ടരാകട്ടെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു.