പുതിയ മനുഷ്യനാകാൻ...

ഒരു പുതിയ വർഷംകൂടി നമുക്ക് ലഭിച്ചിരിക്കുന്നു. പുതിയതായ എന്തിനൊപ്പവും ഒരുപിടി പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. പലതും മാറ്റിയെടുക്കാനുള്ള, നേടിയെടുക്കാനുള്ള, സഫലീകരിക്കാനുള്ള ഒരു നല്ല തുടക്കമായാണ് പലരും പുതുവ ർഷത്തെ കാണുന്നത്. ഇപ്പോൾ നമ്മളായിരിക്കുന്ന അവസ്ഥ നമ്മളിൽ പലർക്കും തൃപ്തികരമല്ല. അതുകൊണ്ട് നാം മാറാൻ ശ്രമിക്കുന്നു. നമുക്കൊരു പുതിയ മനുഷ്യനാകേണ്ടതുണ്ട്. അതിന് പറ്റിയ സമയമായാണ് പലരും ഓരോ വർഷത്തിന്റെ ആരംഭത്തേയും കാണുന്നത്. പുതുവത്സര പ്രതിജ്ഞകൾ അങ്ങനെ ഉണ്ടാകുന്നതാണ്.
പുതുവത്സര പ്രതിജ്ഞകളുടെ കാലദൈർഘ്യം, അല്ലെങ്കിൽ അവ പാലിക്കാനുള്ള നമ്മുടെ ശ്രമം പലപ്പോഴും ഒരു തമാശയാണ്. ഓരോ പുതുവർഷത്തിലും ഈ തമാശകൾ നമുക്ക് ആവർത്തിക്കേണ്ടിവരുന്നത് അതിലും വലിയ തമാശയായി മാറുന്നു. നമ്മുടെ നന്മയ്ക്ക് വേണ്ടി, കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി, ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് നമ്മൾ മാറാൻ ശ്രമിക്കേണ്ടത്. അപ്പോൾ ലോകവും അതിനെ നയിക്കുന്ന ദൈവവും നിങ്ങളെ സഹായിക്കാനുണ്ടാകും. ദൈവത്തിന്റെ കാരുണ്യം നിങ്ങളോടൊപ്പമുണ്ടാകും. അചഞ്ചലമായ വിശ്വാസത്തോടെ നിങ്ങളുടെ പ്രതിജ്ഞകൾ പൂർത്തിയാക്കാൻ നിങ്ങൾക്കാകും.
‘വിശ്വാസം അതല്ലേ എല്ലാം’ എന്നത് വെറും പരസ്യവാചകം മാത്രമല്ല. കടുക് മണിയോളം വിശ്വാസമുണ്ടെങ്കിൽ മലകളെതന്നെ നിങ്ങൾക്ക് മാറ്റാനാകുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. അചഞ്ചലമായ വിശ്വാസത്തിന് മുന്നിൽ ഈശ്വരന് വരെ നേരിട്ട് പ്രത്യക്ഷപ്പെടേണ്ടി വരുമെന്ന് ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. ഇത് മനസിലാക്കിത്തരാൻ പലവിധ കഥകളും ശ്രീരാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഇതാണ്.
‘ഗ്രാമ ക്ഷേത്രത്തിലെ പൂജാരി അത്യധികം ഭക്തിയും വിശ്വാസവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അയാളുടെ മകനും ഇതുപോലെ തന്നെയായിരുന്നു. ഒരുദിവസം അച്ഛൻ എന്തോ കാര്യത്തിനായി മറ്റൊരു ഗ്രാമത്തിലേയ്ക്ക് പോകേണ്ടി വന്നു. ദേവന് നിവേദ്യം അർപ്പിക്കാനുള്ള ചുമതല മകനെയാണ് ഏൽപ്പിച്ചിരുന്നത്. നിവേദ്യം അർപ്പിക്കാൻ മറന്നാൽ ഭഗവാൻ പട്ടിണിയാകുമെന്നും അതിനിടവരുത്തരുതെന്നും മകനെ പ്രത്യേകം ഓർമിപ്പിക്കുവാൻ പൂജാരി മറന്നില്ല. കുട്ടി ഉച്ചയ്ക്ക് നിവേദ്യം സമർപ്പിച്ചു. പക്ഷേ ദേവപ്രതിമയ്ക്ക് ഒരനക്കവുമുണ്ടായില്ല. ദേവൻ പ്രതിമയിൽനിന്ന് ഇറങ്ങിവന്നു മുന്നിലിരുന്നു ഭക്ഷണം കഴിക്കുമെന്നാണ് കുട്ടി വിചാരിച്ചിരുന്നത്. ഇത് സംഭവിക്കാതിരുന്നതിൽ അവന് വളരെ വിഷമുണ്ടായി. താൻ സമർപ്പിച്ച ഭക്ഷണം എത്രയും വേഗം വന്നു കഴിക്കാൻ അവൻ കരഞ്ഞുവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കുട്ടിയുടെ നിഷ്‌കളങ്ക വിശ്വാസവും വ്യാകുലതയും കണ്ടു ഭഗവാൻ താഴെയിരുന്നു നിവേദ്യം മുഴുവൻ ഭക്ഷിച്ചു. കുട്ടി സന്തുഷ്ടനായി ശ്രീകോവിലിൽ നിന്ന് പുറത്തുവന്നു. പൂജ കഴിഞ്ഞ നിവേദ്യം പുറത്തുകൊണ്ടുവരാൻ മറ്റുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ഭഗവാൻ എല്ലാം കഴിച്ചല്ലോയെന്നായിരുന്നു കുട്ടിയുടെ നിഷ്‌കളങ്ക മറുപടി. വിശ്വാസം വരാത്ത ഭക്തന്മാർ അകത്തുപോയി നോക്കിയപ്പോൾ യഥാർത്ഥത്തിൽ എല്ലാം ഭഗവാൻ കഴിച്ചിരിക്കുന്നതായി കണ്ട് ആച്ഛര്യപ്പെട്ടു.’
അകവൂർ ചാത്തന്റെയും പരബ്രഹ്മത്തിന്റെയും കഥയും ഇത് തന്നെയാണ്. അകവൂർ മനയിലെ വേദപണ്ധിതനായ തിരുമേനിയുടെ ആശ്രിതനായിരുന്നു ചാത്തൻ. ഒരിക്കൽ ചാത്തൻ പരബ്രഹ്മസ്വരൂപത്തെക്കുറിച്ചു ചോദിച്ചു. പരബ്രഹ്മം തൊഴുത്തിൽ നിൽക്കുന്ന മാടൻ പോത്തിനെപ്പോലിരിക്കുമെന്നായിരുന്നു തിരുമേനിയുടെ പരിഹാസം. ചാത്തൻ അത് വിശ്വസിച്ചു. മാടൻ പോത്തിന്റെ രൂപത്തിൽത്തന്നെ പരബ്രഹം ചാത്തന് പ്രത്യക്ഷപ്പെടുകയും ചെയ്തു.
അതാണ് വിശ്വാസത്തിന്റെ ശക്തി. നിങ്ങൾക്ക് നിങ്ങളെ മാറ്റണമെങ്കിൽ വേറെയൊന്നും ചെയ്യേണ്ടതില്ല. ദൃഢവിശ്വസത്തോടെ പ്രവർത്തിച്ചാൽ മാത്രം മതിയാകും. ധൈര്യം നിറഞ്ഞ ഹൃദയവും ഇച്ഛാശക്തിയാൽ പൂരിതമായ മനസും അപ്പോൾ നിങ്ങൾക്കുണ്ടാകും.