നിരാശ ദൈവത്തിന്റെ പ്രതിയോഗി
മഹാനായ മയോഴ്സിന്റെ വാക്കുകൾ ഇപ്രകാരമാണ് “ദൈവം നിങ്ങളുടെ എല്ലാ കുറവുകളും ക്ഷമിക്കുന്നു. പക്ഷേ നിങ്ങളുടെ നൈരാശ്യം പൊറുക്കുകയില്ല”. നൈരാശ്യം ക്ഷമിക്കപ്പെടാത്ത പാപമാകുന്നു. കാരണം ദൈവത്തിന്റെ പ്രവർത്തനങ്ങൾക്കെതിരായി നിൽകുന്ന ശക്തികൾക്കു നമ്മൾ കീഴ്പ്പെടുകയാണ് നിരാശബദ്ധരായിത്തീരുന്നതിലൂടെ സംഭവിക്കുന്നത്. നിരാശയെ മറികടക്കുവാനുള്ള ഏകമാർഗ്ഗം ഈശ്വരവിശ്വാസമാണ്.
അചഞ്ചലമായ ഭക്തിയിലും വിശ്വാസത്തിലും കേവലകാരണങ്ങൾ കൊണ്ടുണ്ടാകുന്ന നിരാശ ഒഴുകിപ്പോകുന്നു. ഭക്തിയുടെ പ്രതീകമായി ഭാരതം വാഴ്ത്തുന്ന കവിയത്രിയും ഭക്തയുമായ മീരയുടെ ചരിത്രം തന്നെ അതിന്് ഉദാത്തമായ ഉദാഹരണമാണ്. ഒരു കൊച്ചുകുട്ടിയായിരുക്കുന്പോൾ തന്നെ മീര ശ്രീകൃഷ്ണനെ തന്റെ ആത്മനാഥനായി സ്വീകരിച്ചു. ഏതോ ലോകത്തിരുന്ന് അനുഗ്രഹവും നിഗ്രഹും ചൊരിയുന്ന അരൂപിയായിട്ടല്ല അവൾ ശ്രീകൃഷ്ണനെക്കണ്ടത്. കൃഷ്ണന്റെ സാന്നിദ്ധ്യസൗഭാഗ്യം ഒരു നിഴൽപോലെ എപ്പോഴും കൂടെക്കരുതി. തന്റെ സന്തോഷങ്ങളും, ദുഖങ്ങളുമെല്ലാം പങ്കുവെച്ചു. പരാതി പറഞ്ഞു. കൂറന്പുകാണിച്ചു. അറിയാത്തകാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിരാശയും, ഭയവും, ഇരുട്ടും മൂടുന്ന സന്ദർഭങ്ങളിലെല്ലാം ആ പാദങ്ങളിൽ മുറുകെപ്പുണർന്ന് അവൾ വളർന്നു. രജപുത്രരാജാവായ രത്തൻ സിംഗിന്റെ പുത്രിയായ മീരയെ മീവാറിലെ ഭോജരാജകുമാരൻ വിവാഹം കഴിച്ചു. എന്നാൽ അധിക കാലം കഴിയുന്നതിന് മുന്പുതന്നെ രാജകുമാരൻ അന്തരിച്ചു. വൈധവ്യത്തിന്റെ മരുഭൂമിയിലേക്ക് കാലുകുത്തേണ്ടിവന്നെങ്കിലും ഏകാകിനിയായിത്തീർന്നതായി മീരയ്ക്ക് തോന്നിയില്ല. അവൾ തന്റെ ഭക്തിയിലും വിശ്വാസത്തിലും മുറുകെപ്പുണർന്നു. എന്നാൽ മീവാറിലെ ഭരണാധിപനായിരുന്ന ഭർത്താവിന്റെ സഹോദരൻ റാണയ്ക്ക് മീരയുടെ ഭക്തിമാർഗ്ഗത്തോടു വെറുപ്പായിരുന്നു. ഭക്തിമാർഗ്ഗവും, സന്യാസിമാരുമായിട്ടുള്ള അടുപ്പവും ഉപേക്ഷിക്കണമെന്ന് റാണ മീരയോട് ആവശ്യപ്പെട്ടു. എന്നാൽ ഭക്തിമാർഗ്ഗം ഉപേക്ഷിക്കാൻ മീര തയ്യാറായില്ല. തന്റെ ഭർത്താവു തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന ക്ഷേത്രത്തിലെത്തി ഭജനപാടുകയും, നൃത്തം വെയ്ക്കുകയും, പ്രാർത്ഥന നടത്തുകയുമെല്ലാം ചെയ്യുന്നത് മീര പതിവാക്കി. ഇതിൽ നിന്നെല്ലാം അവരെ പിൻതിരിപ്പിക്കുവാനായി റാണ അവരുടെ ഇഷ്ടതോഴികളേയും സഹോദരരേയും പറഞ്ഞയച്ചു. ആർക്കും മീര വശംവദയാകുന്നില്ലെന്ന് കണ്ടപ്പോൾ അവരെ കൊന്നുകളയുവാൻ തന്നെ തീരുമാനിച്ചു.
ഒരു ദിവസം ഒരു ദൂതൻ വശം വിഷം കലർത്തിയപാനീയം മീരയ്ക്ക് കൊടുത്തയച്ചു. “അത് വിഷമാണ് കുടിക്കരുത്” എന്ന് ഭർതൃസഹോദരിയായ ഉദാഭായി പറഞ്ഞിട്ടും “ഇത് അമൃതായി ഞാൻ സ്വീകരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് മീര കുടിക്കുകയാണ് ഉണ്ടായത്. അവർ ജീവിതത്തിൽ ധീരമായി മുന്നേറി ‘മുന്നോട്ട് മാത്രം’ എന്നതായിരുന്നു മീരയുടെ ആപ്തവാക്യം. കൊട്ടാരത്തോട് അവർ വിടവാങ്ങി താഴ്വരയിലേക്ക്, ലാളിത്യത്തിന്റെ പൂർണ്ണതയിലേക്കിറങ്ങിയ അവരുടെ ജീവിതം ധന്യമായിത്തീർന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭക്തമീര ജനഹൃദയങ്ങളിൽ നിന്നും മായാതെ നിൽക്കുന്നു. ഭക്തിയും, ഈശ്വരവിശ്വാസവുംകൊണ്ട് നിരാശയും, ഒറ്റപ്പെടലും, എതിർപ്പുകളുമെല്ലാം മറികടന്നെത്തിയ ധീരഭക്തയായി മീര നിലകൊള്ളുന്നു.