ധനികൻ, സന്പന്നൻ...
എവിടെയോ ഒരിക്കൽ വായിച്ച കഥ ഇപ്രകാരമാണ്. ആ ഗ്രാമത്തിലെ ധനാഢ്യനായ തോട്ടമുടമയാണെങ്കിലും അദ്ദേഹം തന്റെ തൊഴിലാളികളോട് ദയാപൂർവ്വമായിട്ടാണ് പെരുമാറിയിരുന്നത്. അവരുടെ ക്ഷേമങ്ങൾ അദ്ദേഹം ദിവസവും അന്വേഷിച്ചുപോന്നു. പ്രഭാതത്തിലെ കുതിരസവാരിക്കിടെ അവരോട് കുശലം പറയുകയും അവരുടെ ജീവിതത്തെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു. എല്ലാവരിൽ നിന്നും വ്യത്യസ്ഥനായി തോട്ടത്തിന്റെ ഓരത്ത് ഒരു കുടിലിൽ താമസിച്ചിരുന്ന വൃദ്ധനെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കീറിപ്പറിഞ്ഞ ഒരു കന്പിളി മാത്രം സ്വന്തമായുണ്ടായിരുന്ന വൃദ്ധൻ, അയാളുടെ ജോലി കൃത്യമായി നിർഹിച്ചശേഷം സദാ പ്രാർത്ഥനയിൽ മുഴുകിക്കഴിഞ്ഞുവന്നു. വൃദ്ധൻ ആകെ കഴിച്ചിരുന്ന ഭക്ഷണം രണ്ടു റൊട്ടിക്കഷണം മാത്രമാണ്.
പുതിയ കന്പിളി നൽകാമെന്നും ആവശ്യത്തിനു ഭക്ഷണം നൽകാമെന്നുമെല്ലാം പലകുറി യജമാനൻ പറഞ്ഞുനോക്കിയെങ്കിലും വൃദ്ധൻ അതൊന്നും സ്വീകരിക്കാതെ പറയും − “എന്റെ ജീവന്‍ നിലനിൽക്കുവാൻ ഇത്രയും ആഹാരം തന്നെ ധാരാളമാണ്. തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഈ കന്പിളി മതി. യജമാനന്റെ സന്മനസിന് നന്ദിയുണ്ട്. സഹായം ആവശ്യമുള്ള മറ്റാർക്കെങ്കിലും അത് പ്രയോജനപ്പെടട്ടെ, നന്ദി. ദൈവത്തിനു സ്തുതി ”.
സദാ സംതൃപ്തനും പ്രസന്നവദനനുമായിരിക്കുന്ന വൃദ്ധൻ ഒരു ദിവസം വളരെ മ്ലാനവദനനായി കാണപ്പെട്ടു. യജമാനൻ കുതിരപ്പുറത്തുനിന്നിറങ്ങി വൃദ്ധന്റെയടുത്തെത്തി കാരണമാരാഞ്ഞു. വൃദ്ധൻ പറഞ്ഞു യജമാനനെ ഞാൻ വല്ലാതെ വിഷമിച്ചിരിക്കുകയാണ്. കാരണം എനിക്കിന്നു പ്രഭാതത്തിലെ പ്രാർത്ഥനാസമയത്ത് ഒരു വെളിപാടുണ്ടായി. ഇന്നു രാത്രി ഈ ഗ്രാമത്തിലെ ഏറ്റവും സന്പന്നനായ വ്യക്തി മരണപ്പെടും എന്നാണ് അറിയിച്ചുകിട്ടിയത്. എനിക്കു കിട്ടിയിട്ടുള്ള ദർശനങ്ങളൊന്നും ഇതുവരെ പാഴായിട്ടില്ല. അതുകൊണ്ടുതന്നെ ഞാൻ അതീവ ദുഃഖിതനാണ്”.
വൃദ്ധന്റെ സംഭാഷണം കേട്ടപ്പോൾ യജമാനൻ മരവിച്ചതുപോലെയായി. മുഖത്തെ പേശികൾ വലിഞ്ഞുമുറുകി. ഉത്കണ്ഠ നിറഞ്ഞ മനസ്സോടെ അദ്ദേഹം വേഗംതന്നെ ബംഗ്ലാവിലേയ്ക്ക് മടങ്ങി. പ്രശസ്തരായ ഡോക്ടർമാരെയെല്ലാം വരുത്തി സകലവിധ പരിശോധനയും നടത്തി. എന്നാൽ അദ്ദേഹത്തിൽ ഒരു രോഗവും കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.
ആ രാത്രി യജമാനന് ഉറങ്ങാൻ കഴിഞ്ഞില്ല. വൃദ്ധന്റെ വെളിപാടുകൾ ഇന്നോളം പാഴായിട്ടില്ല. ഈ ഗ്രാമത്തിലെ ഏറ്റവും വലിയ ധനാഢ്യൻ ഞാൻ തന്നെയാണ്. അദ്ദേഹം കിടക്കയിൽ ഉറക്കം വരാതെ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഡോക്ടർമാർ സകലവിധ ചികിത്സാ സംവിധാനങ്ങളുമൊരുക്കി അടുത്ത മുറിയിൽ കാത്തിരുന്നു. സൂര്യൻ ഉദിച്ചു തുടങ്ങിയപ്പോഴാണ് യജമാനന്‍ സമാധാനത്തോടെ ഉറങ്ങാൻ കിടന്നത്. മയങ്ങിയതേയുള്ളൂ, തുടരെത്തുടരെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അദ്ദേഹം വാതിൽ തുറന്നു. ആഗതൻ പറഞ്ഞു − “യജമാനനേ, നമ്മുടെ തോട്ടത്തിന്റെ ഓരത്തുള്ള കുടിലിൽ താമസിച്ചിരുന്ന വൃദ്ധൻ ഇന്നലെ രാത്രി മരിച്ചുപോയി”.