പ്രാർത്ഥനയിൽ പുലർത്തേണ്ട വിശുദ്ധി


ഒരാൾ‍ തന്റെ ഗ്രാമത്തിൽ‍നിന്ന് അടുത്തഗ്രാമത്തിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. കാട്ടിൽ‍ക്കൂടിയായിരുന്നു യാത്ര. ദീർ‍ഘനേരമായുള്ള നടത്തം അയാളെ ക്ഷീണിതനാക്കി. വിശ്രമിക്കാനായി ഒരു മരത്തണലിലിരുന്നു. വിശപ്പും ദാഹവും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിലെന്ന് അയാൾ‍ ആശിച്ചു. ഒട്ടും താമസമുണ്ടായില്ല, ഒരു പാത്രത്തിൽ‍ വെള്ളം മുന്നിൽ‍ പ്രത്യക്ഷപ്പെട്ടു. സന്തോഷത്തോടുകൂടി വെള്ളം കുടിച്ചു. പക്ഷേ വിശപ്പു മാറിയിട്ടില്ല. കുറച്ചു ഭക്ഷണം കൂടി ലഭിച്ചിരുന്നെങ്കിൽ‍. അതിനും ഒട്ടും താമസമുണ്ടായില്ല. സർ‍വ്വവിധ വിഭവങ്ങളോടും കൂടിയ സദ്യതന്നെയാണ് മുന്നിലെത്തിയത്. ഭക്ഷണം കഴിച്ചു വിശപ്പുമാറ്റിയ അയാളുടെ അടുത്ത ആഗ്രഹം വിശ്രമിക്കാൻ ഒരു കിടക്ക കിട്ടിയാൽ‍ കൊള്ളാമെന്നതായിരുന്നു. പട്ടുമെത്തയാണ് മുന്നിലെത്തിയത്. ആശ്ചര്യഭരിതനായ അയാൾ‍ മെത്തയിൽ‍ക്കിടന്നു. അപ്പോൾ‍, വഴിനടന്നു കാലുകളിൽ‍ വേദന അനുഭവപ്പെട്ട അയാൾ‍ക്കു കാലുകളുഴിയാൻ ആരെയെങ്കിലും കിട്ടിയാൽ‍ നന്നായിരുന്നു എന്ന് തോന്നി. പ്രത്യക്ഷപ്പെട്ടത് അതിസുന്ദരിയായ ഒരു യുവതിയാണ്. അവൾ‍ അടുത്തിരുന്ന് അയാളുടെ കാലുകളുഴിയുവാൻ തുടങ്ങി. വനാന്തരത്തിൽ‍ ഇത്രയധികം സൗകര്യങ്ങൾ‍ ലഭിച്ചത് വഴിപോക്കനെ ഏറെ സന്തോഷത്തിലാക്കി. കിടക്കയിൽ‍ കിടന്നു വിശ്രമിക്കാൻ തുടങ്ങി. പക്ഷേ മനസ് അടങ്ങിയിരുന്നില്ല. പലവിധ ചിന്തകൾ‍ മനസിലേയ്ക്കു കടന്നുവന്നുകൊണ്ടിരുന്നു. ആനയും കടുവയുമൊക്കെയുള്ള കാടല്ലേ ഇത്? ഒരു കടുവയെങ്ങാനും ഇപ്പോൾ‍ ഇങ്ങോട്ടുവന്നാൽ‍ ഞാനെന്താണ് ചെയ്യുക? ഇക്കാര്യം മനസിൽ‍ വിചാരിച്ചതും കടുവ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അത് അയാളുടെ കഴുത്ത് കടിച്ചുമുറിച്ചു ചോര കുടിക്കുവാൻ‍ തുടങ്ങി. അയാൾ‍ വിശ്രമിക്കാനായി ഇരുന്നത് കൽപവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നു. 

ചോദിക്കുന്നതെന്തും നൽകുന്ന കൽപ്പവൃക്ഷമാണ് ഈശ്വരൻ‍. ആത്മാർ‍ത്ഥയോടുകൂടി എന്തുതന്നെ ആവശ്യപ്പെട്ടാലും ഈശ്വരൻ നൽകും. നമ്മുടെ പരിമിതമായ ബുദ്ധിയിൽ‍ നല്ലതെന്ന് തോന്നുന്നതാണ് നാം ഈശ്വരനോട് ആവശ്യപ്പെടാറുള്ളത്. പണത്തിനും സുഖസൗകര്യങ്ങൾ‍ക്കും വേണ്ടിയുള്ള ആഗ്രഹങ്ങളാണ് നമ്മുടെ പ്രാർ‍ത്ഥനകളിൽ‍ കൂടുതലായും മുഴച്ചുനിൽ‍ക്കാറുള്ളത്. അതെല്ലാം ഈശ്വരൻ നമുക്കു നൽകി അനുഗ്രഹിക്കുന്നു.
പക്ഷേ നമ്മുടെ മനസ് ചഞ്ചലമാണ്. അത് ഏതെല്ലാം വഴിയിൽ‍ക്കൂടി ഓടുമെന്ന് നമുക്കറിഞ്ഞുകൂടാ. നമുക്ക് ലഭിക്കുന്ന അനുഗ്രങ്ങളുടെ പിന്നിൽ‍ ഒരു കടുവ ഒളിഞ്ഞിരിപ്പുണ്ടാകാം. അത് രോഗ പീഡകളുടെയും മരണത്തിന്റെയും സന്പത്ത് നഷ്ടമാകലിന്റെയും ഒക്കെ രൂപത്തിൽ‍ പ്രത്യക്ഷപ്പെടും. അതുകൊണ്ട് ലൗകീകമായ അഗ്രഹങ്ങൾ‍ സാധിച്ചുകിട്ടാൻ വേണ്ടിയാകരുത് പ്രാർ‍ത്ഥന. ഈശ്വര സാക്ഷാത്കാരമാകണം പ്രാർ‍ത്ഥനയുടെ ഉദ്ദേശം. നമുക്ക് നല്ലത് എന്താണെന്ന് അജ്ഞാനികളായ നമ്മെക്കാൾ‍ നന്നായറിയുന്നത് സർ‍വ്വജ്ഞനായ ഈശ്വരനാണ്. 

തെറ്റുകൾ‍ക്ക് പരിഹാരം കാണാനുള്ള സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ‍. പക്ഷേ, അവിടെെുവച്ചുതന്നെ തെറ്റു ചെയ്താലോ. ആ തെറ്റിന് ഒരിടത്തും പരിഹാരം കാണാൻ‍ കഴിയില്ല. അതുകൊണ്ട് കൽപ്പവൃക്ഷമായ ഈശ്വരന്റെ അടുത്തു ചെല്ലുന്പോൾ‍ മനസ് നിർ‍മ്മലമായിരിക്കണം. ദുർ‍വിചാരങ്ങളൊന്നുംകൊണ്ട് ഈശ്വരന്റെ അടുത്തേയ്ക്ക് പോകരുത്. അക്കാര്യത്തിൽ‍ നാം വലിയ ശ്രദ്ധ പുലർ‍ത്തണം. 

You might also like

Most Viewed