ഗുരുചരണം ശരണം...
സത്യത്തിന്റെയും ഭക്തിയുടെയും വിജയം
ജ്ഞാനിയും പണ്ധിതനുമെങ്കിലും ദരിദ്രനും നിരാലംബനുമായിരുന്നു ഹോജ നസറുദ്ദീൻ മുല്ല. സമൂഹത്തിലെ അഴിമതിയും പക്ഷപാതിത്വവും അദ്ദേഹത്തെ അസ്വസ്ഥനാക്കി. അവർക്കെതിരെയുള്ള പ്രവർത്തനങ്ങളും കൊച്ചു കൊച്ചു നർമ്മം കലർന്ന കഥകൾ ചേർത്തുള്ള പ്രഭാഷണങ്ങളുമായി ജനനന്മയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു വന്നു. കുപ്രസിദ്ധ കൊള്ളത്തലവനായിരുന്ന തിമൂർ ഈ അവസരത്തിൽ പശ്ചിമേഷ്യ ആക്രമിക്കുവാൻ പദ്ധതിയിട്ട് ഹോജയുടെ ദേശത്തെത്തിയ തിമൂർ എന്ന് പേര് കേട്ടപ്പോഴേയ്ക്കും പലരും വീടും നാടും ഉപേക്ഷിച്ച് അന്യദേശങ്ങളിലേയ്ക്ക് യാത്രയായി. മറ്റുള്ളവർ ഭയം കൊണ്ട് വിറച്ചു കഴിഞ്ഞുകൂടി. മുല്ല തനിക്കെതിരാണെന്ന് തിമൂർ അറിഞ്ഞിരുന്നു. പത്ത് ദിവസത്തിനകം മുല്ലയെ കൊന്നിരിക്കും എന്ന സന്ദേശവും തിമൂർ മുല്ലയ്ക്ക് എത്തിച്ചു. ഒരു ദിവസം മുല്ല പള്ളിയിൽ മതപ്രസംഗം നടത്തുകയായിരുന്നു. ആൾക്കൂട്ടത്തിൽ ഒരാളായി ഒരു ഫക്കീർ വേഷം ധരിച്ച് തിമൂർ കേൾവിക്കാർക്കിടയിലിരുന്നു.
‘അർത്താരികൾക്ക് അല്ലാഹു കഠിനശിക്ഷ നൽുന്നതാണ്’, പ്രസംഗം ഉപസംഹരിച്ചുകൊണ്ട് മുല്ല പറഞ്ഞു. അപ്പോൾ വിശ്വാസികളുടെ കൂടെ നിന്നും ഒരാൾ എഴുന്നേറ്റു വന്നുകൊണ്ട് പറഞ്ഞു.
‘ഇല്ല അല്ലാഹു നിങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളില്ല’
‘കാരണം’മുല്ല ചോദിച്ചു.
‘നിങ്ങൾ ചെയ്ത പ്രവർത്തികൾക്കുള്ള ശിക്ഷയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഒരാൾ ചെയ്യുന്ന പ്രവൃത്തി തന്നെ കടുത്ത ശിക്ഷയാണെന്നിരിക്കെ മറ്റെന്ത് ശിക്ഷയാണ് അയാൾ അനുഭവിക്കേണ്ടത്. നിങ്ങളുടെ വിധി നിങ്ങളുടെ വിധി നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു.’
മുല്ല ചോദിച്ചു,’നിങ്ങൾ ആരാണ്?’
‘ഞാനൊരു ഫക്കീർ. പേര് തിമൂർ’
ഞൊടിയിടയിൽ വിശ്വാസികളുടെ കൂടെയിരുന്ന തിമൂറിന്റെ അനുയായികൾ ആയുധങ്ങളുമായി മുല്ലയെ വളഞ്ഞു. നസറുദ്ദീൻ മുല്ല എല്ലാം കാണുന്നുണ്ടായിരുന്നു. എങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിൽ ചോദിച്ചു. ‘ഒന്ന് ചോദിച്ചു കൊള്ളട്ടെ, അപ്പോൾ മുടന്തൻ തിമൂർ എന്ന കൊള്ളക്കാരൻ നിങ്ങൾ തന്നെയാണോ?’
‘സംശയിക്കേണ്ട ഞാൻ തന്നെ’
ഇതിനകം ഭയം കൊണ്ടു സ്തംഭിച്ചു പോയ വിശ്വാസികളോട് ചിരിച്ചുകൊണ്ടു മുല്ല പറഞ്ഞു. ‘സഹോദരന്‍മാരെ കൂട്ട പ്രാർത്ഥന കഴിഞ്ഞാണല്ലേ നമ്മളിരിക്കുന്നത്. ഇനി നമുക്ക് ചരമ പ്രാർത്ഥന തുടങ്ങാം.’
മുല്ലയുടെ ഫലിതം തിമൂറിന് നന്നെ രസിച്ചു. മരണത്തിന്റെ മുഖത്തു നോക്കി പരിഹസിച്ചു ചിരിക്കാൻ ജ്ഞാനിയായ നസറുദ്ദീൻ മുല്ലയ്ക്കല്ലാതെ മറ്റാർക്കാണ് കഴിയുക. തിമൂർ മുല്ലയെ തന്റെ രാജസഭയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
പ്രാർത്ഥനയുടെ മഹാത്മ്യം ഈ സംഭവം വിളിച്ചോതുന്നു. സത്യത്തിനും വിനയത്തിനും ഭക്തിക്കും മുന്പിൽ ഏത് തിന്മകളും തലകുനിക്കും എന്നതിന് തെളിവാണിത്. ഈശ്വര ഭക്തിയിലൂടെ ശക്തിയും ധൈര്യവും കർമ്മശേഷിയും സ്വായത്തമാക്കാൻ ഏതൊരു വിശ്വാസിക്കും കഴിയും. അതാണ് ജീവിതവിജയത്തിനുള്ള ആത്യന്തികമായ വഴി.