കണ്ണീർ മണികളാൽ കഴുകിയ പാപക്കൂട്


1895ൽ‍ അമേരിക്കൻ‍ പ്രസിഡണ്ടായിരുന്ന സ്റ്റീഫൻ‍ ഗ്രോവർ‍ ക്ലീവ് ലാൻഡ് തന്റെ പ്രസംഗമധ്യേ ഇപ്രകാരം പറഞ്ഞു. “കുന്പസാരക്കൂട്ടിലെ മറയ്ക്കുള്ളിൽ‍ നിന്നുകൊണ്ട് താൻ‍ ചെയ്തുപോയ തെറ്റുകൾ‍ പുറത്തു കേൾ‍ക്കാതെ ഏറ്റു പറയുകയും അതോടെ ആ പാപങ്ങളെല്ലാം കഴുകിപ്പോയി എന്ന് കരുതി വീണ്ടും തെറ്റുകൾ‍ ആവർ‍ത്തിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന എന്നേയും നിങ്ങളെയുമോർ‍ത്ത് ഞാൻ ലജ്ജിക്കുന്നു. യാന്ത്രികത പോലെയുള്ള ഈ പ്രവർ‍ത്തിയല്ല, നിഷ്കളങ്കമായ പശ്ചാത്താപവും അതിന് പ്രതിവിധി തേടലുമാണ് യഥാർ‍ത്ഥ കുന്പസാരം എന്ന് വിശ്വസിപ്പിക്കുംവിധം എനിക്കു കഴിഞ്ഞ ദിവസം ഒരു കത്തു ലഭിച്ചു”-ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം കരുതിക്കൊണ്ടുവന്ന കത്ത് പുറത്തെടുത്തു വായിച്ചു.

“പ്രിയപ്പെട്ട പ്രസിഡണ്ടിന്,

ഞാൻ പതിനാറ് വയസുള്ള പെൺകുട്ടിയാണ്. പേര് അന്ന. വളരെ വിഷമത്തോടെയാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കുറ്റബോധത്താൽ‍ എനിക്ക് ഉറങ്ങാനാവുന്നില്ല. ഞാൻ‍ കുന്പസാരക്കൂട്ടിൽ‍ ഏറ്റു പറഞ്ഞിട്ടും എന്റെ വിഷമം മാറുന്നില്ല. അതുകൊണ്ടാണ് പ്രസിഡണ്ടിന് നേരിട്ടെഴുതി മാപ്പപേക്ഷിക്കുന്നത്. രണ്ട് വർ‍ഷങ്ങൾ‍ക്ക് മുന്പ് ഞാനൊരു തെറ്റു ചെയ്തു. മുന്പ് ഉപയോഗിച്ചു കഴിഞ്ഞ രണ്ട് സ്റ്റാന്പുകൾ‍ ഞാൻ സീലു മായ്ച്ചുകളഞ്ഞ് വീണ്ടും ഉപയോഗിച്ച് കത്തുകളയച്ചു. അത് ചെയ്യുന്പോൾ‍ തെറ്റിന്റെ ഗൗരവം ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ‍ എന്റെ മനസ് പലപ്പോഴും അന്ന് ചെയ്ത തെറ്റിനെയോർ‍ത്ത് വേദനിക്കുന്നു. പ്രിയ പ്രസിഡണ്ട്, ഞാനീ തെറ്റു ചെയ്തതിൽ‍ അങ്ങയോടു മാപ്പു ചോദിക്കുന്നു. ഈ കത്തിനൊപ്പം മൂന്ന് സ്റ്റാന്പുകൾ‍ അയയ്ക്കുകയും ചെയ്യുന്നു. ദയവായി താങ്കളെന്നോട് പൊറുക്കണമെന്ന് ഞാൻ ഒരിക്കൽ‍ക്കൂടി അപേക്ഷിക്കുകയാണ്. എനിക്കന്ന് വെറും 13 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

എന്ന് അന്ന”.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജി തന്റെ ആത്മകഥയിൽ‍ ഇപ്രകാരമെഴുതി: “എനിക്ക് 15 വയസുള്ളപ്പോൾ‍ എന്റെ ജ്യേഷ്ഠന്റെ കൈവെള്ളയിൽ ‍‍‍‍നിന്നും ഒരു കഷ്ണം സ്വർ‍ണം ഞാൻ മോഷ്ടിച്ചു. ആ കുറ്റബോധം എനിക്ക് താങ്ങാവുന്നതിലധികമായി മാറി. ഇനിയൊരിക്കലും മോഷ്ടിക്കില്ലെന്ന് ഞാൻ‍ തീരുമാനിച്ചു. അച്ഛനോട് എന്റെ തെറ്റ് തുറന്നുപറയാൻ‍ മനസ് വന്നില്ല. അദ്ദേഹമന്ന് രോഗിയായി കിടപ്പിലായിരുന്നു. എന്റെ തെറ്റ് ഒരു കടലാസു തുണ്ടിലെഴുതി മാപ്പപേക്ഷിച്ച് ഞാൻ‍ അച്ഛന് സമർ‍പ്പിച്ചു. ക്ഷിപ്രകോപിയായ അച്ഛൻ എന്നെ വഴക്കുപറഞ്ഞില്ല. മറിച്ച് ആ കണ്ണുകളിൽ‍നിന്നും നീർ‍ത്തുള്ളികൾ‍ കവിളിലൂടെ ഒലിച്ചിറങ്ങി കടലാസ് തുണ്ടിനെ നനച്ചു കുതിർ‍ത്തു. ഒരു നിമിഷം അദ്ദേഹം കണ്ണടച്ചു കിടന്നു. പിന്നീട് ആ കടലാസുതുണ്ട് കീറിക്കളഞ്ഞു. സ്നേഹത്തിന്റെ ആ കണ്ണു നീർ‍ത്തുള്ളികൾ‍ എന്റെ പാപങ്ങൾ‍ കഴുകിക്കളഞ്ഞ് ഹൃദയം ശുദ്ധീകരിച്ചു”. 

തെറ്റ് മനുഷ്യസഹജമാണ്. എന്നാൽ‍ തെറ്റുകൾ‍ക്ക് ഈ പ്രകൃതിയിൽ‍നിന്നും ശിക്ഷയുമുണ്ട്. ഒരു പക്ഷേ അത് നാളെയാവാം ലഭിക്കുന്നത്. അറിയാതെ വന്നുപോയ തെറ്റുകൾ‍ നമ്മുടെ കുറ്റബോധത്തിന്റെ, വേദനയുടെ കണ്ണുനീർ‍ത്തുള്ളികളാൽ‍ കഴുകിക്കളയുക. പിന്നീട് അത് ആവർ‍ത്തിക്കാതിരിക്കുക.

You might also like

Most Viewed