എന്താണ് യഥാർത്ഥ സന്പാദ്യം?
ഒരു സത് സംഗവേദി. തൊട്ടുമുന്നിലിരിക്കുന്ന ഹസ്രത്ത് ഉമറിനോട് മുഹമ്മദ് നബി ചോദിച്ചു, നിങ്ങൾക്ക് എന്തൊക്കെ സന്പാദ്യങ്ങളാണുള്ളത്? എനിക്ക് ഭാര്യയും അഞ്ച് മക്കളും കുറച്ചു ധനവും നാലേക്കർ ഭൂമിയും സന്പാദ്യമായിട്ടുണ്ട്. പ്രവാചകൻ തൊട്ടടുത്തിരുന്ന പലരോടും ഇതേ ചോദ്യം ചോദിച്ചു. സ്വന്തം ഭൗതിക സന്പാദ്യത്തെക്കുറിച്ചുള്ള വസ്തുതകൾ ഓരോരുത്തരും മറച്ചുവക്കാതെ പറഞ്ഞു. അടുത്ത ഊഴം ഹസ്രത്ത് അലിയുടേതായിരുന്നു. ‘പ്രവാചകാ ഈ എളിയവന്റെ ഒരേയൊരു സന്പാദ്യം ഈശ്വരനും പ്രവാചകനും മാത്രമാണ്. മറ്റൊരു യശസ്സും എനിക്കുവേണ്ട. ഇതു രണ്ടുമെന്റെ സ്ഥിര സന്പാദ്യമായിരിക്കാൻ അല്ലയോ പ്രവാചകാ അങ്ങെന്നെ ആശീർവദിക്കണേ’
പ്രവാചകൻ മറുപടി പറഞ്ഞു
‘എന്റെ സോദരന്മാരെ ഹസ്രത്ത് അലി സത്യം അറിയുന്നു. നമ്മുടെ ഈ രണ്ട് കണ്ണുകൾ കൊണ്ടു കാണുന്നവയ്‌ക്കെല്ലാം നാശമുണ്ട്. വളരെ ക്ഷണനേരത്തേയ്ക്ക് മാത്രമേ അവ നമ്മോടൊപ്പമുണ്ടാവുകയുള്ളൂ. ദൈവത്തിന്റെ യഥാർത്ഥ ഭക്തന്‍, പ്രശസ്തിയ്ക്കും പണത്തിനും വേണ്ടിയുള്ള ലൗകീക ബന്ധങ്ങൾ മനസ്സുകൊണ്ടു വെടിയുന്നു’. പ്രവാചകന്മാരുടെയും ആചാര്യന്മാരുടെയും വചനങ്ങളും വിചാരധാരകളും വിലയം പ്രാപിച്ചു നിൽക്കുന്ന ഈ ഭൂമിയിൽ മനുഷ്യന്റെ സ്വാർത്ഥത എവിടെ എത്തി നിൽക്കുന്നു? ജമ്മു കാശ്മീരിൽ ഏതാനും വർഷങ്ങൾക്ക് മുന്പ് നടന്ന സംഭവം ഇതിന് തെളിവാണ്. കുപ് വാര ജില്ലയിലെ മാച്ചിൽ നടന്ന മൂന്ന് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസിൽ പട്ടാള കോടതി കേണൽ ഉൾപ്പെടെ ആറു സൈനികർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2012 ഏപ്രിൽ മാസത്തിലാണ് ജമ്മുവിലെ മാച്ചിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തായി ദാരുണമായ ഈ കൊലപാതകങ്ങൾ നടന്നത്. ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് മൂന്ന് ചെറുപ്പക്കാരെ അവിടെ വിളിച്ചുവരുത്തിയശേഷം വെടിവെച്ചു കൊന്നു. പിറ്റേന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സേന വെടിവച്ചു കൊന്നു എന്നായിരുന്നു. സാധാരണക്കാരായ ആളുകളെയാണ് കൊന്നതെന്ന് ആരോപിച്ച് അവിടെ പ്രക്ഷോഭമുയർന്നു. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പണത്തിനും പദവിയ്ക്കുംവേണ്ടി അത്യാർത്തി മൂത്ത ചില ഉദ്യോഗസ്ഥന്മാർ നടത്തിയ ഈ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ക്ഷണനേരത്തെ പ്രശസ്തിയ്ക്ക് വേണ്ടി എത്ര വലിയ ക്രൂരതയാണ് തങ്ങൾ ചെയ്യുന്നത് എന്നത് മനസ്സിലാക്കാനുള്ള കാഴ്ച അവർക്കില്ലാതെ പോയി. അതിന് കാരണമെന്താവാം?
ഭൗതികമായ നേട്ടങ്ങളാണ് പ്രധാനപ്പെട്ട ജീവിതലക്ഷ്യം എന്ന തെറ്റായ ധാരണ. ദൈവവിശ്വാസമോ ദൈവഭയമോ ദൈവസ്‌നേഹമോ ഇല്ലാത്ത വ്യക്തികൾക്ക് മാത്രമേ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രപഞ്ചത്തിന്റെ സങ്കീർണ്ണതയെക്കുറിച്ചോ അതിന്റെ വൈപുല്യത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാനോ മനസിലാക്കാനോ ഉള്ള സാഹചര്യം കിട്ടാത്തവർ, ചെയ്യുന്ന തെറ്റ് തിരുത്താനോ തടയാനോ ഒരു സുഹൃത്തോ ബന്ധുവോ ഒരു ആത്മീയാചാര്യനോ ലഭിക്കാത്ത അവസ്ഥ. മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റിയുള്ള ബോധമില്ലായ്മ. സ്‌നേഹം, സത്യം, ധർമ്മം ഇവയെപ്പറ്റിയൊന്നും ചിന്തിക്കാൻ അവസരം കിട്ടാത്ത അവസ്ഥ. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അറിവില്ലായ്മ നമ്മുടെ എല്ലാ സന്പാദ്യങ്ങളിലും െവച്ച് ഏറ്റവും വലുത് ദൈവകാരുണ്യവും ദൈവസ്‌നേഹവും ആണ് എന്ന അറിവില്ലായ്മയാണ് ഈ അവസ്ഥയിലേയ്ക്ക് മനുഷ്യൻ മാറുന്നത്. തെറ്റായ പ്രവർത്തികളിലേയ്ക്ക് ക്രൂരന്മാരായി നയിക്കപ്പെടുന്നു.