ജന്മാന്തങ്ങളിലേയ്ക്ക് നീളുന്ന പിച്ചപ്പാത്രം
ജന്മാന്തരങ്ങളും കർമ്മഗതികളും കണ്ടറിയുവാൻ കഴിയുന്ന ജ്ഞാനിയായ ഒരു ഗുരു ജിവിച്ചിരിക്കുന്നുവെന്നറിഞ്ഞ പണ്ധിതശ്രേഷ്ഠനായ സന്യാസി അദ്ദേഹത്തെ കാണുവാനായി യാത്രതിരിച്ചു. എന്തായിരുന്നു തന്‍റെ ജന്മാന്തര ചരിത്രം? എത്രയോ കാലമായി പിച്ചപ്പാത്രവും പേറി നടക്കുന്നു. ജ്ഞാനിയുടെ പാർപ്പിടം കണ്ട സന്യാസി ഞെട്ടി. രാജകൊട്ടരത്തിന് സമം. കൊട്ടാരത്തിലേതുപോലെ അതിനുള്ളിൽ ആട്ടവും പാട്ടും, ആഘോഷങ്ങളും.
കൊടിയ പിച്ചപ്പാത്രവും പേറി എത്രകാലമായി ഞാൻ തെണ്ടണ്ടുന്നു. ഗുരുവിതാ ആഘോഷത്തിമർപ്പിലും ആർഭാടത്തിലും. ഇതാണോ ആത്മീയതയിലേയ്ക്കുള്ള വഴി? ഒരിക്കലുമല്ല. എന്‍റെ വഴിയാണ് ശരി. എല്ലാമുപേക്ഷിച്ച് ഭിക്ഷാടനം ചെയ്ത് മോക്ഷം തേടുന്ന എന്‍റെ വഴിയാണ് ശരി. ചില നിഗമനങ്ങളിലെത്തി ഗുരുവിനെ കാത്തിരുന്നു. ഒറ്റയ്ക്ക് കാണുവാൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം ഗുരുവിനോട് ക്ഷോഭത്തോടെ ചോദിച്ചു. “ഇതാണോ ആത്മീയതയിലേയ്ക്കുള്ള ശരിയായ വഴി. ഇതു ശരിയല്ല... താങ്കൾക്ക് തെറ്റി”...
സന്യാസിയുടെ ദയനീയമായ ആത്മാർത്ഥതയിൽ ഗുരുവിന് അനുതാപം തോന്നി. “സ്നേഹിതാ, നിങ്ങൾ പറയുന്നത് വിശ്വസിച്ചുകൊണ്ട് ഈ നിമിഷം ഈ സന്പന്നതയും, ആഘോഷവും ഉപേക്ഷിച്ച് ഞാൻ നിങ്ങളോടൊപ്പം വരുന്നു”. ഉടയാടകൾ അഴിച്ചുവെച്ച് അദ്ദേഹം സന്യാസിക്കൊപ്പം നീങ്ങി. സന്യാസി അഭിമാനത്തോടെ മുന്‍പേ നടന്നു, ഗുരു പിന്നാലെയും. വലിയൊരു ജ്ഞാനിയെ തോൽപ്പിച്ചു ശിഷ്യപ്പെടുത്തിയിരിക്കുന്നുവെന്ന ഗർവ്വോടെ നടക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു കൊണ്ട് സന്യസി പറഞ്ഞു. “ഒരു നിമിഷം കാത്തു നിൽക്കൂ, ഞാനെന്‍റെ പിച്ചപ്പാത്രം അവിടെ വെച്ചു മറന്നുപോയി” അതുകേട്ട് ഗുരു “ഓ ഒരു പഴയ പാത്രമല്ലേ അതുപോകട്ടെ” എന്ന് പറഞ്ഞു. സന്യാസി പെട്ടെന്ന് ക്രുദ്ധനായി. “നിങ്ങൾക്കത് നിസ്സാരമായിരിക്കാം, പക്ഷേ ഞാനത് എത്രയോ കാലമായി കൂടെക്കൊണ്ടു നടക്കുന്നു. ജീവൻ പോകും വരെ ഞാനതുപേക്ഷിക്കില്ല”.
ഗുരു ഉറക്കെ ചിരിച്ചു. ഭൂമി കുലുങ്ങുതുപോലെ സന്യാസിക്ക് തോന്നി. ജന്മാന്തരങ്ങളുടെ − കർമ്മഗതികളുടെ ഊടും പാവിന്‍റേയും ഇടിമുഴക്കങ്ങൾ ധ്വനിക്ക് ചിരി. ആ ചിരിയുടെ അനുരണങ്ങളിൽ ഒരു നിമിഷം സന്യാസിക്ക് ജ്ഞാനാനുഭൂതിയുടെ ഉള്ളുണർവ്വുണ്ടായി. അദ്ദേഹം തിരിച്ചറിഞ്ഞു. കൊട്ടാര സദൃശ്യമായ പാർപ്പിടത്തിലെ ആഘോഷത്തിൽ മുഴുകിയപ്പോഴും പിച്ചപ്പാത്രവും പേറി താന്നോടൊപ്പം നടപ്പോഴും സകലവികാരങ്ങളും ഗുരുവിന്‍റെ ആത്മാവിനെ സ്പർശിക്കാതെ നിൽക്കുന്നു. ചേന്പിലത്താളിലുരുളും ജലമുത്ത് പോലെ സകലതും ബാഹ്യാവസ്ഥയെ മാത്രം സ്പർശിക്കുന്നു. താനോ... തികഞ്ഞ പണ്ധിതൻ... വസ്ത്രദീക്ഷയണിഞ്ഞ സന്യാസി... എല്ലാ വികാരവിചാരങ്ങളും മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടേയിരിക്കുന്നു. കർമ്മഗതിയാകും ഈ പിച്ചപ്പാത്രം ജന്മാന്തരങ്ങളായി ചുമക്കുവൻ. ഗുരുവോ... കർമ്മബന്ധം അറ്റവൻ... പണ്ധിതനായ സന്യാസി ഗുരുവിന്‍റെ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം ചെയ്തു.