സന്യാസത്തിന്റെ ആന്തരികപാഠം
മിടുക്കനായ ആ യുവ ഡോക്ടർ രോഗികൾക്കു പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ നിഴൽ വെളിച്ചം പോലും അവർക്ക് ആശ്വാസം പകർന്നു. കുറേക്കാലം ഇങ്ങനെ ചികിത്സകളുമായി കഴിഞ്ഞപ്പോൾ ഡോക്ടർക്ക് ജീവിതത്തോടുതന്നെ വിരക്തി. അദ്ദേഹം 'നാൻഇൻ' എന്ന സെൻ ഗുരുവിന്റെ ആശ്രമത്തിലെത്തി.
ദിവസങ്ങൾ കാത്തിരുന്നപ്പോൾ ഗുരുദർശനത്തിന് അനുവാദം ലഭിച്ചു. ഗുരു ചോദിച്ചു “എന്തിനുവേണ്ടി വന്നു?”. “എനിക്കു ധ്യാനം ശീലിക്കണം. സന്യാസിയാകണം”. ഡോക്ടറുടെ മറുപടിയെ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ടു ഗുരു പറഞ്ഞു “ഡോക്ടർ കുറേക്കൂടി കഷ്ടപ്പെട്ട് രോഗികളെ ശുശ്രൂഷിക്കുക. അവരുടെ വേദനയകറ്റുക. സന്തോഷത്തോടെ പോകൂ”. ഗുരുവിന്റെ ഉത്തരം ഡോക്ടറെ സമാധനപ്പെടുത്തിയില്ല. പിന്നെയും പിന്നെയും പലപ്രാവിശ്യങ്ങളായിച്ചെന്ന് ഡോക്ടർ തന്റെ ആഗ്രഹം ഗുരുവിനെ അറിയിച്ചുകൊണ്ടിരുന്നു. എല്ലാ പ്രാവിശ്യവും ഗുരു അതേ ഉത്തരം പറഞ്ഞു. ക്ഷമ നശിച്ച ഡോക്ടർ ഒരിക്കൽ തുറന്നു പറഞ്ഞു. “ഗുരോ അങ്ങയുടെ ഉത്തരം എനിക്ക് ഒട്ടും തൃപ്തിയേകുന്നില്ല. പക്ഷേ ഇനി ഞാനൊരിക്കലും ഈ ചോദ്യവുമായി വരില്ല.” ഇതു പറഞ്ഞ് അയാൾ ദുഃഖത്തോടെ പുറത്തേയ്ക്കു പോകുന്പോൾ ഗുരു ആയാളെ തിരിച്ചുവിളിച്ചു. ഗുരു പറഞ്ഞു “ക്ഷമിക്കൂ, ഞാൻ നിങ്ങളോട് വളരെ പരുഷമായി പെരുമാറി. എല്ലാം ഒരു പരീക്ഷയായിരുന്നു”. തുടർന്ന് ഗുരു ഡോക്ടർക്ക് സന്യാസത്തിന്റെയും ധ്യാനത്തിന്റെയും ആന്തരികപാഠങ്ങൾ ഉപദേശിച്ചുകൊടുത്തു. ധ്യാനപരിശീലനം നൽകി, സന്യാസദീക്ഷയും നൽകി.
ഡോക്ടർ പിന്നീട് വളരെക്കാലം സന്യാസിയായി ഏകാന്തതയിൽ ധ്യാനപരിശീലനം തുടർന്നു. അദ്ദേഹത്തിന് ജ്ഞാനദർശനങ്ങൾ കൈവന്നു. വളരെക്കാലം കഴിഞ്ഞ് ഒരിക്കൽ പരസ്പരം കണ്ടുമുട്ടിയപ്പോൾ “എന്തു ചെയ്യുന്നു” എന്ന ഗുരുവിന്റെ ചോദ്യത്തിന് ഡോക്ടർ ചിരിച്ചുകൊണ്ടു മറുപടി നൽകി “രോഗികളെ ശുശ്രൂഷിക്കുന്നു, അവരുടെ വേദന മാറ്റാൻ ശ്രമിക്കുന്നു”. ധ്യാനത്തെക്കുറിച്ചോ സന്യാസത്തെക്കുറിച്ചോ ഗുരു ഒന്നും ചോദിച്ചില്ല, ഡോക്ടർ ഒന്നും പറഞ്ഞുമില്ല.