അടുക്കിന്റെ അലകളിൽ സ്വർഗ്ഗത്തിന്റെ പ്രത്യയശാസ്ത്രം
മഞ്ഞുകണങ്ങൾ പെയ്തുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഡിസംബർ മാസ രാത്രി. ക്രിസ്തുമസ് അടുക്കുന്തോറും ഫാദർ വില്യംസിനെ തന്റെ സംശയം സദാ അലട്ടിക്കൊണ്ടിരുന്നു. സ്വർഗ്ഗവും നരകവുമാണ് അദ്ദേഹത്തിന്റെ ചിന്താവിഷയം. സ്വർഗ്ഗവും നരകവും യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ സംശയമിതാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ബൈബിൾ പഠിച്ച് അതുപോലെ ജീവിക്കുന്നവരും സ്വർഗ്ഗത്തിലെത്തുന്നു. ദുഷ്ടന്മാർ നരകത്തിലുമെത്തുന്നു.
ഇതിനിടയിൽ മറ്റൊരു വിഭാഗമുണ്ടല്ലോ ബൈബിൾ പഠിക്കാത്തവരും, ക്രസ്തുവിൽ വിശ്വാസമില്ലാത്തവരും. എന്നാൽ മറ്റുള്ളവർക്ക് നന്മയുണ്ടാകണമെന്ന് കരുതി നല്ലതുമാത്രം ചെയ്തു ജീവിക്കുന്നവരുമായ നല്ല മനുഷ്യർ. അവർ മരണശേഷം എവിടേയ്ക്ക് പോകും. ഫാദറിന്റെ മുന്നിലേയ്ക്ക് ആദ്യം കടന്നുവന്ന രണ്ട് മുഖങ്ങൾ പ്രശസ്ത ശാസ്ത്രജ്ഞരായ ഡാർവിന്റേതും ഹക്‌സിലിയുടേതുമായിരുന്നു. അവർ ലോകത്തിന് നന്മ പകരാൻ വേണ്ടി മാത്രം ജീവിച്ചു. പക്ഷെ അവർക്ക് ക്രിസ്തുവിലും ബൈബിളിലും വിശ്വാസമില്ലായിരുന്നു. ഡാർവിനും ഹക്‌സിലിയും ഇപ്പോൾ സ്വർഗ്ഗത്തിലായിരിക്കുമോ അതോ നരകത്തിൽ തള്ളപ്പെട്ടു കാണുമോ?
ചിന്തിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. ചിന്തയുടെ വ്യാകുലതയിൽ കുറേയധികസമയം ഉറങ്ങാതെ കിടന്നു. വളരെ വൈകി എപ്പോഴോ ഉറങ്ങിപ്പോയി. ഗാഢമായ നിദ്രയിൽ ഫാദറിന് ഒരു സ്വപ്നദർശനമുണ്ടായി. താൻ മരിച്ചിരിക്കുന്നു. മരിച്ചുകഴിഞ്ഞുള്ള തന്റെ യാത്ര സ്വർഗ്ഗത്തിലെത്തിച്ചേർന്നു. സ്വർഗ്ഗത്തിലെത്തിയ ഫാദറിന് വിശ്വസിക്കാനായില്ല. തന്റെ ഊഹങ്ങൾക്കെല്ലാമപ്പുറമുള്ള മനോഹാരിത, എവിടെയും സന്തോഷത്തിന്റെ അലയൊലികൾ.
ദുഃഖവും ദുരിതവുമില്ലാത്ത ആനന്ദത്തിന്റെ പൂർണ്ണ ഭാവം. ഇതെല്ലാമാസ്വദിക്കുന്പോഴും ഫാദർ ശാസ്ത്രജ്ഞരായ ഡാർവിനേയും, ഹക്‌സലിയേയും അവിടെയെല്ലാം പരതിക്കൊണ്ടേയിരുന്നു. ഒരിടത്തും കാണാതായപ്പോൾ അവർ നരകത്തിൽ തള്ളപ്പെട്ടു കാണുമെന്ന് ഫാദർ കരുതി.
നരകത്തിലെ അവസ്ഥ എന്തായിരിക്കും, ഹെക്‌സിലിയുടേയും ഡാർവിന്റേയും അവസ്ഥ എന്തായിരിക്കും? അദ്ദേഹത്തിനത് അറിഞ്ഞേ മതിയാവൂ. സ്വർഗ്ഗത്തിലെ കാര്യസ്ഥന്റെ അനുവാദത്തോടെ അദ്ദേഹം നരകത്തിലേയ്ക്ക് യാത്ര തിരിച്ചു. ദുർഘടവും, വൃത്തിഹീനവുമായതും, അറപ്പുള്ളവാക്കുന്നതുമായ യാത്രയുടെ അന്ത്യത്തിൽ നരകത്തിന്റെ ഏറ്റവും അടിത്തട്ടിലെത്തി. അവിടെയാണ് ഡാർവിനും, ഹെക്‌സിലിയും.
ഫാദറിന് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. ഇത് നരകം തന്നെയോ? ഇതുവരെ കടന്നുപോന്ന നരകവഴികൾ വെച്ചുനോക്കുന്പോൾ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഇവിടെ സ്വർഗ്ഗത്തേക്കാൾ മനോഹരമായിരിക്കുന്നു. സ്വർഗ്ഗത്തിനു മുകളിലുള്ള സ്വർഗ്ഗതലമാണോ ഇത്. മനോഹരമായ പൂന്തോട്ടങ്ങൾ, മനംമയക്കുന്ന ഗന്ധം, വൃത്തിയും വെടിപ്പുമുള്ള നിരത്തുകൾ, ആകർഷണീയങ്ങളായ വീടുകൾ, സർവ്വ സുഭിക്ഷതയും, ആനന്ദവും, അത്ഭുതത്തോടുകൂടി നിൽക്കുന്ന ഫാദറിനടുത്തേയ്ക്ക് ഒരാൾ നടന്നുവന്നു.
ഹസ്തദാനം നൽകിക്കൊണ്ടു പറഞ്ഞു ‘ഫാദർ ഞാനാണ് ഹക്‌സിലി. ഫാദർ സംശയിക്കണ്ട. ഇതു നരകം തന്നെയാണ്. നരകത്തിന്റെ ഏറ്റവും അടിത്തട്ട്. ഞങ്ങളിവിടെ എത്തുന്പോൾ ഇവിടുത്തെ അവസ്ഥ ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു. ഞങ്ങൾക്ക് ദുഃഖം അടക്കാനായില്ല. ഏറ്റവും ശോചനീയമായ ആ അവസ്ഥയിൽ ഞങ്ങൾ വാവിട്ടു കരഞ്ഞുകൊണ്ട് ദിനങ്ങൾ തള്ളിനീക്കി. അതാ ആ കാണുന്ന സ്ഥലത്ത് ഇരുന്പുരുകിയൊലിച്ച് തിളച്ചു മറിയുകയായിരുന്നു. അതിനപ്പുറം ചുട്ടു പഴുത്ത മണൽ കാട്. അതിനുചുറ്റും മലിനജലം വന്നടിയുന്ന തടാകം. അങ്ങോട്ടൊന്നും നോക്കാനേ കഴിയില്ല. ശ്വസിക്കാനേ കഴിയാത്ത ആ അവസ്ഥയിൽ ഞങ്ങളൊരു തീരുമാനമെടുത്തു. ആ തീരുമാനം നരകത്തിലെ എല്ലാവരേയും വിളിച്ചുക്കൂട്ടി ഞങ്ങൾ പറഞ്ഞു. കുറേക്കൂടി കഷ്ടതകൾ അനുഭവിക്കാൻ അവരെ പ്രാപ്തരാക്കി. മലിനജലം കോരി ഉരുകിയൊലിക്കുന്ന ഇരുന്പിലേയ്ക്കൊഴിച്ചു. കുറേ ദിവസം കഴിഞ്ഞപ്പോൾ ഇരുന്പ് തണുത്തു. തണുത്തുകൊണ്ടിരുന്ന ഇരുന്പ് മുറിച്ചെടുത്ത് ഞങ്ങൾ പണി ആയുധങ്ങളും യന്ത്രങ്ങളുമുണ്ടാക്കി. വളരെനാൾ അദ്ധ്വാനിച്ച് ഞങ്ങൾ നരകത്തെ സ്വർഗ്ഗമാക്കി മാറ്റി. ഇപ്പോൾ സ്വർഗ്ഗസ്ഥർക്ക് പോലും അസൂയയാണ്. ഞങ്ങൾ മറ്റൊന്നും ചെയ്തില്ല. എല്ലാം ഇവിടുണ്ടായിരുന്നു. എല്ലാം യഥാസ്ഥാനത്തുവെച്ചു എന്നു മാത്രം. എല്ലാം ക്രമപ്പെടുത്തി പരിഷ്‌കരിച്ചാൽ ഏത് നരകവും സ്വർഗ്ഗമാക്കി മാറ്റാം. അല്ലെങ്കിൽ സ്വർഗ്ഗവും നരകമായിത്തീരാൻ അധികകാലം വേണ്ട... ഈ തീരുമാനമാണ് ഞങ്ങൾ നരകവാസികളെ വിളിച്ചുകൂട്ടി ആദ്യം പറഞ്ഞത്.