ചിദാകാശത്തിലെ വാതിലുകൾ
ജ്ഞാനിയായ ഒരു ഗുരു ജപ്പാനിൽ ജീവിച്ചിരുന്നു. ചക്രവർത്തിയുടെ അവസാന കാലഘട്ടത്തിൽ ഗുരുവിനെ കാണണം എന്ന മോഹമുദിച്ചു. അദ്ദേഹത്തിന് ഒന്നേ അറിയേണ്ടതുളളൂ. സ്വർഗ്ഗവും നരകവും ആത്മീയ ഗ്രന്ഥങ്ങളിൽ പലേടത്തും പ്രതിപാദിച്ചു കാണുന്നു. അതു സത്യമോ മിഥ്യയോ എന്നറിയണം. ഗുരുവിന്റെ ആശ്രമത്തിലേയ്ക്കുളള വഴി അതീവ ദുർഘടമായിരുന്നു.
കാടുകളും മലകളും പുഴകളും താണ്ടി ദിവസങ്ങളോളം യാത്രചെയ്ത് അവശനിലയിൽ ചക്രവർത്തി ആശ്രമത്തിലെത്തി. എത്ര കഷ്ടപ്പെട്ടാണെങ്കിലും മരണത്തിനുശേഷം എന്താണെന്നറിയുവാനും, മരണത്തിന് നശിപ്പിക്കാനാവാത്തതു കണ്ടെത്തണമെന്നുളള അതിയായ ആഗ്രഹമായിരുന്നു ചക്രവർത്തിയെ ഈ കഷ്ടപ്പാടുകൾ സഹിച്ച് അവിടെയെത്തിച്ചത്. ഗുരുവിനെ നമസ്ക്കരിച്ചുകൊണ്ടു ചക്രവർത്തി ചോദിച്ചു “നരകവും, സ്വർഗ്ഗവും യഥാർത്ഥത്തിലുണ്ടോ. അതറിയുവാനാണ് ഞാൻ അങ്ങയെത്തേടിയെത്തിയത്” എന്റെ മരണമടുത്തു. മരണശേഷം ഞാൻ എവിടെക്കാണ് പോകുന്നത്? സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ? ഗുരു ചിരിച്ചു പൊട്ടിപ്പൊട്ടി ചിരിച്ചു. പരിഹസിക്കും വിധമുളള ചിരി, അസഹ്യമായ ചിരി ഒടുവിൽ ചിരിയമർത്തിപ്പിടിച്ചു കൊണ്ടു ഗുരു പറഞ്ഞു. ഈ രാജ്യത്തെ ചക്രവർത്തി ഇത്രയ്ക്ക് ഒരു വിഢിയാണെന്ന് ഞാൻ ഇപ്പോഴാണറിയുന്നത്. ഇത്രയും വിഢിയും ബോധമില്ലാത്തവനുമായ നീ എങ്ങിനെ രാജ്യം ഭരിച്ചു. നീ ഭരിച്ച രാജ്യത്തെ ജനങ്ങൾ ഇപ്പോൾ മൂഢ സ്വർഗ്ഗത്തിലായിരിക്കുമല്ലോ.
പരിഹാസ വാക്കുകൾ ചക്രവർത്തിക്ക് സഹിക്കാവുന്നതിനപ്പുറമായി. അദ്ദേഹത്തിന്റെ ചിന്താശക്തിപോലും പോയി. താൻ എവിടെയാണ് നിൽക്കുന്നതെന്ന ബോധം പോലും മറഞ്ഞു പോകത്തക്ക നിലയിൽ അതിഭയങ്കരമായ രോഷത്തോടെ തന്റെ വാളുരൂകയും ഗുരുവിന്റെ കഴുത്ത് ഖണ്ധിക്കുവാൻ മുന്നോട്ടായുകയും ചെയ്തു. ഗുരു ചിരിച്ചുകൊണ്ടു പറഞ്ഞു “നില്ല് നില്ല് ഇതാണ് നരകവാതിൽ” ചക്രവർത്തി പെട്ടന്ന് സ്തംഭിച്ചു നിൽക്കുകയും വാൾ തിരിച്ച് ഉറയിലിടുകയും ചെയ്തു. ഗുരുവിനെ നിർന്നിമേഷനായി നോക്കി, ആർദ്രമായ നയനങ്ങൾ. അപ്പോൾ ഗുരു ചിരിച്ചുകൊണ്ടു പറഞ്ഞു “താങ്കൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചു, ഇനി താങ്കൾക്കു പോകാം” ഒന്നും പറയനാവാതെ നിൽക്കുന്ന ചക്രവർത്തിയെ നോക്കി ഗുരു ഒരിക്കൽക്കൂടി പറഞ്ഞു.
“ഓർക്കുക, കോപം, ഹിംസ, സംസാരാത്മകത ഇവയാണ് നരകവാതിലുകൾ. സ്വർഗ്ഗം നിങ്ങളുടെ മനസ്സിനുളളിലാണ്. ധാരണ, പ്രേമം, നിശബ്ദത ഇവയത്രേ സ്വർഗവാതിലുകൾ. അവ നിങ്ങളുടെ മനസ്സിനപ്പുറമാണ്. രണ്ടിന്റേയും അനുഭവങ്ങൾ ഞാൻ തന്നു. ക്ഷമിക്കുക ഇങ്ങനെ പ്രവർത്തിച്ചാലേ താങ്കൾക്ക് ബോധ്യമാവുകയുളളൂ. എനിക്ക് അങ്ങിനെയൊക്കെ പറയണമായിരുന്നു. ചക്രവർത്തി കൃതജ്ഞതയോടെ ഗുരുപാദങ്ങളിൽ നമസ്ക്കരിച്ചു”.