ക്ഷമിക്കുന്നവനാണ് ധീരൻ
ആശ്രമാന്തരീക്ഷത്തിന്‍റെ ധന്യതയിൽ ഗുരുവിനഭിമുഖമായിരിക്കുന്ന ശിഷ്യരിൽ ഒരാൾ അപരാധം പോലെ ഗുരുവിനോടു പറഞ്ഞു; “ഗുരോ, ഞാൻ എത്ര ശ്രമിച്ചിട്ടും ചിലയാളുകളോടുള്ള ദേഷ്യം മനസ്സിൽ നിന്നും പോകുന്നില്ല. അവരോടു ക്ഷമിക്കുവാൻ കഴിയുന്നില്ല. അവരോടുള്ള ദേഷ്യം മനസ്സിൽ കട്ടപിടിച്ചു കിടക്കുന്നു.”
തികഞ്ഞ ശാന്തതയോടെ ഗുരു പറഞ്ഞു; “ഇനി മുതൽ നിങ്ങൾ ദേഷ്യം തോന്നുന്നവരുടെ പേരിൽ ഒരു ഉരുളക്കിഴങ്ങ് എടുത്ത് സൂക്ഷിച്ചുവെയ്ക്കുക. എത്രയാളോടു ദേഷ്യം തോന്നുന്നുവോ അത്രയും ഉരുളക്കിഴങ്ങ്.” ശിഷ്യന്മാർ അതുപോലെതന്നെ ചെയ്തു. ചിലർ ഒന്ന്, ചിലർ മൂന്ന്, അഞ്ച്, പത്തുവരെ സൂക്ഷിച്ചുവച്ചവരുമുണ്ട്.
ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോൾ ഒരു ദിവസം ശിഷ്യന്മാരെല്ലാവരുംകൂടി ഗുരുസന്നിധിയിലെത്തിയിട്ടു പറഞ്ഞു; “ഗുരോ ഞങ്ങൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങുകൾ ചീഞ്ഞുനാശായി ദുർഗന്ധം പരത്തുന്നു. അതെടുത്തു കളയട്ടേ?” ഗുരു പുഞ്ചിരി തൂകിയിട്ടു പറഞ്ഞു; “കുഞ്ഞുങ്ങളെ, ഇതുപോല തന്നെയാണ് നിങ്ങളുടെ ഉള്ളിലുള്ള ദേഷ്യവും. ആരോടെങ്കിലും ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ അതു മനസ്സിൽ നിന്ന് കളയാതെ പകയോടെ കൊണ്ടുനടന്നാൽ ചീഞ്ഞളിഞ്ഞ് വല്ലാത്ത ദുർഗന്ധം പരത്തും. സൂക്ഷിക്കണം.”
നാം കൊണ്ടുനടക്കുന്ന ദേഷ്യം നമ്മുടെ തന്നെ ആത്മാവിനെയും മനസ്സിനെയും ശരീരത്തിനെയും ഒരു നെഗറ്റീവ് എനർജി സൃഷ്ടിച്ച് നമ്മളെ ദുർബലരും, ഭാഗ്യമില്ലാത്തവരുമാക്കി മാറ്റുന്നു. കുറേക്കാലം കഴിയുന്പോൾ ആ ദേഷ്യം നമ്മുടെ സ്വഭാവമായി മാറുന്നു. അനിയന്ത്രിതമായ ദേഷ്യത്തിനടിമപ്പെടുന്ന സ്വഭാവത്തിൽ നിന്നും നമ്മുടെ ജീവിതം തന്നെ നമുക്ക് നഷ്ടപ്പെട്ട് പോകാം. ദേഷ്യപ്പെടുവാൻ എല്ലാവരാലും കഴിഞ്ഞെന്നിരിക്കും. എന്നാൽ ക്ഷമിക്കുവാൻ ധൈര്യശാലിക്കേ കഴിയൂ.