ഒരേ ഞെട്ടിലും രണ്ട് പൂക്കൾ


ഗുരു തന്റെ ചുറ്റും കൂടിയിരിക്കുന്ന ജനങ്ങളോട് ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും മനുഷ്യധർ‍മ്മത്തെക്കുറിച്ചുമെല്ലാം പ്രഭാഷണം നടത്തിക്കൊണ്ടിരുന്നു. ഈ സമയം അഹംഭാവിയായ ഒരു യോദ്ധാവ് ഗുരുവിനെ കാണാനെത്തി. ആ രാജ്യത്തെ സർ‍വ്വസൈന്യാധിപനും പേരുകേട്ട വില്ലാളിയുമായ ആയാൾ‍ ഗുരുവിന്റെ സാഹചര്യങ്ങളും രീതികളും കണ്ടുകഴിഞ്ഞപ്പോൾ‍ എന്തോ അയാൾ‍ക്ക് ആയാളോടു തന്നെ ഒരു വെറുപ്പ്. ഗുരുവിന് ആരോഗ്യം തീരെ കുറവ്. ആജ്ഞാശക്തിയും പ്രകടിപ്പിക്കുന്നില്ല. പേക്ഷേ, പൂർ‍ണ്ണമായ സന്തുഷ്ടി, പൂർ‍ണ്ണമായ പവിത്രത. ഇതെല്ലാം ബോധ്യപ്പെട്ട യോദ്ധാവിന് തികഞ്ഞ അപകർ‍ഷതാബോധം. 

തന്റെ വീരശൂര പരാക്രമങ്ങൾ‍ ഗുരുവിനും കൂടിയിരിക്കുന്നവർ‍ക്കും മുന്നിൽ‍ പ്രദർ‍ശിപ്പിച്ച് ഇവിടെയും ഖ്യാതി നേടുവാനായി കരുതിവന്നയാൾ‍ ലജ്ജയോടെ ഗുരുവിനോടു പറഞ്ഞു ‘ഗുരോ, എനിക്ക് എന്തെന്നില്ലാത്ത അപകർ‍ഷതാബോധം തോന്നുന്നു. ഞാനിവിടെ വരുന്നതിന് മുന്പ് എനിക്കൊരു കുഴപ്പവുമില്ലായിരുന്നു. അങ്ങയുടെ മുന്നിൽ‍ ഞാൻ‍ എത്തിപ്പെട്ടപ്പോൾ‍ സ്വയം അധമനാണെന്നു തോന്നിപ്പോകുന്നു. ഇതിന്−മുന്പ് ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ല. ഞാൻ‍ പലപ്പോഴും മരണത്തെ നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ ഭയന്നിട്ടില്ല. എന്തുകൊണ്ടാണിങ്ങനെ തോന്നുന്നത്’?

ഗുരു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു ‘കാത്തുനിൽക്കൂ, ഈ ജനങ്ങൾ‍ പോയിക്കഴിഞ്ഞ് നമുക്ക് സംസാരിക്കാം’.

യോദ്ധാവ് കാത്തിരുന്നു. ധാരാളം ആളുകൾ‍ ഗുരുവിനെ കാണുവാൻ‍ വന്നുകൊണ്ടേയിരുന്നു. യോദ്ധാവ് നിരാശയിലേക്കാണ്ട് ക്ഷീണിതനായിക്കൊണ്ടിരുന്നു. എല്ലാവരും പോയി. രാത്രിയായി. പുറത്ത് നല്ല നിലാവെളിച്ചം. ഗുരു യുവാവിനെയും കൂട്ടി നടക്കാനിറങ്ങി. 

തോട്ടത്തിലേയ്ക്ക് കടന്നതും ഗുരു പറഞ്ഞു ‘ഈ മരം നോക്കൂ... ഈ മഹാവൃക്ഷം ആകാശത്തോളം ഉയർ‍ന്ന് നിൽ‍ക്കുന്നു. അടുത്ത് ഒരു ചെറിയ വൃക്ഷവും. എന്റെ ജാലകത്തിലൂടെ ഞാനിവയെ വർ‍ഷങ്ങളായി കാണുന്നു. ഒരിക്കൽ‍പ്പോലും ഒരു പ്രശ്‌നവുമില്ലാതെ അവർ‍ രമ്യതയോടെ ജീവിക്കുന്നു. ചെറിയ മരം വലിയ മരത്തോട് ഒരിക്കലും അപകർ‍ഷതയുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. ഈ മരം ചെറുതാണ്, മറ്റേ മരം വലുതാണ് എന്നൊന്നും അവരുടെ കുശുന്പുപറച്ചിൽ‍ ഞാൻ‍ കേട്ടിട്ടേയില്ല. എന്താണ് കാരണമെന്ന് തോന്നുന്നുണ്ടോ?’

യോദ്ധാവ് പറഞ്ഞു, ‘കാരണം അവയ്ക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല’

ഗുരു പൊട്ടിച്ചിരിച്ചു ‘അപ്പോൾ‍ നിന്റെ ചോദ്യത്തിനുത്തരം നിനക്ക് നന്നായി അറിയാം’ ഗുരു നടന്നു നീങ്ങി. 

ഭൂമിയിൽ‍ ഒരു വ്യക്തിയുടെയും ജീവിതം മറ്റൊരു ജീവിതത്തോടു താരതമ്യപ്പെടുത്താനാവുന്നതല്ല. ഒരാളും തന്നെ മറ്റൊരാളെപ്പോലെയല്ല. ഒരാൾ‍ക്ക് കിട്ടിയ ജീവിതത്തെ തനിക്കു കിട്ടാത്തതുമായി താരതമ്യം ചെയ്യുന്നത് അർ‍ത്ഥശൂന്യതയാണ്. നാം എത്ര വേഗത്തിലോടിയാലും നമുക്കു മുന്പേ ഓടുന്ന ആരെങ്കിലുമുണ്ടാകും. നാം എത്ര സൗന്ദര്യമുള്ളവരെങ്കിലും നമ്മേക്കാൾ‍ സൗന്ദര്യമുള്ള ആരെങ്കിലും കാണും. നാം എത്ര വലിയ ധനികരെങ്കിലും ദരിദ്രരെങ്കിലും എത്രവലിയ ഗായകരെങ്കിലും നേതാവെങ്കിലും ലാളിത്യമുള്ളവരെങ്കിലും നമ്മെക്കാൾ‍ ഈ വിശേഷതകളുള്ള മറ്റാരെങ്കിലുമൊക്കെ ഭൂമിയിലുണ്ടാകും. ഒരച്ഛന്റെയും അമ്മയുടെയും മക്കളാണെങ്കിലും ഒരിക്കലും ഒരേപോലെയാകില്ല. ആ സത്യം മനസിലാക്കുക. അന്യരുമായി താരതമ്യപ്പെടുത്തി ജീവിതം അർ‍ത്ഥശൂന്യമാക്കാതിരിക്കുക.

You might also like

Most Viewed