പൊ­ഴി­ഞ്ഞു­ വീ­ഴാ­ത്ത പഴങ്ങളും ചത്ത പാ­ന്പും


ഒരിക്കൽ‍ ഒരു സൂഫി സന്യാസി തന്റെ ഗുരുവിനോട് അനുവാദം ചോദിച്ചു. ഗുരോ കുറെകാലങ്ങളായി മനസ്സിൽ‍ ഒരാഗ്രഹം ഏകാന്തമായ ഒരിടത്ത് പോയി ധ്യാനവും പ്രാർ‍ത്ഥനയുമായി കഴിഞ്ഞു കൂടണം, അനുവദിക്കണേ. ഗുരു അരുളി നിനക്കതിനുളള സമയമായി. പക്ഷെ ആളിപ്പടർ‍ത്തുന്ന വികാരങ്ങൾ‍ക്ക് ചൂടു പകരുവാൻ പാടില്ല. അങ്ങനെയായാൽ‍ പാന്പ് പിടുത്തക്കാരന് പറ്റിയ അബന്ധം വരും. ഒരിടത്ത് ഒരു പാന്പ് പിടിത്തക്കാരനുണ്ടായിരുന്നു. ഒരു ദിവസം പാന്പുകളെ അന്വേഷിച്ച് സകലയിടത്തും തിരഞ്ഞിട്ടും ഒന്നിനെ പോലും കിട്ടിയില്ല. അയാൾ‍ മല മുകളിലേക്ക് കയറി. അവിടെ മഞ്ഞ് മൂടി കിടക്കുന്നു. മഞ്ഞിൽ‍ പുതഞ്ഞ് മരവിച്ചുപോയ ഒരു പാന്പിനെ അയാൾ‍ കണ്ടെടുത്തു. അത് ചത്ത പാന്പാണ് എന്ന് കരുതി പാന്പിനെയും തോളിലിട്ട് അയാൾ‍ ബാഗ്ദാദിലേക്ക് പോയി. അവിടെ നേരം പോക്കിനായി ചീട്ട്കളി നടത്തുന്ന ഒരു ക്ലബ്ബിൽ‍ എത്തിച്ചേർ‍ന്നു. ആ മുറിയിൽ‍ ചൂട് കിട്ടുവാനായി കത്തിച്ചിരുന്ന കൽ‍ക്കരി അടുപ്പിനകത്ത് പാന്പിനെ പ്രദർ‍ശിപ്പിച്ച് അയാൾ‍ വലുപ്പം പറഞ്ഞുകൊണ്ടിരുന്നു. ചൂട് ലഭിച്ചപ്പോൾ‍ പാന്പിന്റെ മരവിപ്പ് വിട്ടകന്നു. അതിന് ജീവൻ വെയ്ക്കുകയും ആ ഉണർ‍വ്വിൽ‍ അത് പലരേയും ഓടി നടന്ന് കടിച്ചു, കടിച്ചവരെല്ലാം മരിക്കുകയും ചെയ്തു”. കഥ ഒന്ന് നിർ‍ത്തികൊണ്ട് ഗുരു തുടർ‍ന്നു. ഉഗ്ര വിഷമുളള ആ പാന്പിനെപോലെയാണ് ഭോഗേച്ഛ. അത് നിന്നിൽ‍ നിന്നും മരിച്ചുപോയെന്ന് നീ കരുതരുത്. തണുപ്പിന്റെ ആധിക്യം കൊണ്ട് തൽ‍ക്കാലം അത് തളർ‍ന്നുകിടക്കുകയാണ്. അതിനെ താലോലിക്കാൻ മുതിരരുത്. അതിന് ലാളനയുടെ ചൂട് പകർ‍ന്നാൽ‍ അത് ജീവൻ വെയ്ക്കും. അത് മരവിപ്പിൽ‍ നിന്ന് ഉണരും. അതിന് സഹതപിക്കാൻ പോകരുത്. വിശുദ്ധമായ ഒരു യുദ്ധത്തിലൂടെ നീ അതിനെ കൊന്ന് കളയുക. കാമാസക്തിയെ കൊന്ന ആ ധീരതയ്ക്കു പകരമായി ദൈവം നിന്നെ ചേർ‍ത്തണക്കണം. ഗുരുവിന്റെ ഉപദേശം ശിരസ്സാവഹിച്ചു പോകുന്നതിന് അനുവാദം വാങ്ങുന്പോൾ‍ ഗുരു ഒന്നുകൂടി പറഞ്ഞു. നീ നിന്റെ പ്രതിജ്ഞകൾ‍ ലംഘിക്കാതിരിക്കാൻ ശ്രമിക്കുക.

ശിഷ്യൻ നടന്നുനീങ്ങി. ഏകാന്തമായ ഒരു കുന്നിന്‍ മുകളിലെത്തി. വൃക്ഷലതാദികളാൽ‍ നിബിഢമായ കുന്നിലെ വൃക്ഷങ്ങളിൽ‍ ധാരാളം പഴങ്ങൾ‍.. കാറ്റിൽ‍ അവ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. താൻ എടുത്ത മുൻ പ്രതിജ്ഞകളോടൊപ്പം അദ്ദേഹം മറ്റൊരു പ്രതിജ്ഞ കൂടി എടുത്തു. കാറ്റിൽ‍ കൊഴിഞ്ഞുവീഴുന്ന പഴങ്ങളല്ലാതെ ആ വൃക്ഷങ്ങളിൽ‍ നിന്നും ഒരു കായ്കനി പോലും താൻ അടർ‍ത്തി ഭക്ഷിക്കുകയില്ല. ഒരുപാട് കാലം ആ പ്രതിജ്ഞ ലംഘിക്കാതിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

എന്നാൽ‍ കുറെനാൾ‍ കഴിഞ്ഞപ്പോൾ‍ കാലാവസ്ഥ മാറി. കാറ്റുവീശാതെയും പഴങ്ങൾ‍ ഒന്നുപോലും താഴെ വീഴാതെയുമായി. പ്രതിജ്ഞ ലംഘിക്കാതിരിക്കുവാൻ ആവതു ശ്രമിച്ചുകൊണ്ട് അദ്ദേഹം പട്ടിണി കിടന്നു. ദിവസങ്ങൾ‍ നീങ്ങി. ഒരു ദിവസം ശരീരം താങ്ങാനാവാതെ തളർ‍ന്ന് അദ്ദേഹം ബോധരഹിതനായി ഒരിടത്ത് വീണുകിടന്നു. ജ്ഞാനിയായ ഗുരു ഇതെല്ലാം അറിയുന്നുണ്ടായിരുന്നു. 

അദ്ദേഹം ശിഷ്യനെ തേടിയെത്തി. അബോധാവസ്ഥയിൽ‍ നിന്നുണർ‍ത്തി എഴുന്നേൽ‍പ്പിച്ചിരുത്തി. ഗുരുവിനെ കണ്ടമാത്രയിൽ‍ ശിഷ്യൻ പറഞ്ഞു. ഗുരോ ഞാൻ എന്റെ പ്രതിജ്ഞയിൽ‍ ഒന്നുപോലും ലംഘിച്ചിട്ടില്ല. ഈ മരങ്ങളിൽ‍ നിന്നും കാറ്റടിച്ച് വീഴുന്ന പഴങ്ങളല്ലാതെ ഇറുത്തെടുത്തു ഭക്ഷിക്കില്ലയെന്ന് ഞാൻ എടുത്ത പ്രതിജ്ഞപോലും പാലിച്ചുവരുന്നു ഗുരുവേ. ഗുരു പുഞ്ചിരിയോടെ പറഞ്ഞു. ഇത് ആത്മഹത്യയ്ക്ക് തുല്യമാണ്. നീ പ്രതിജ്ഞ എടുക്കുന്പോൾ‍ ആ പ്രതിജ്ഞയോടൊപ്പം ദൈവം അനുവദിക്കുമെങ്കിൽ‍ എന്നുകൂടി ചേർ‍ക്കേണ്ടതായിരുന്നു. അത് മറന്നുപോയതെന്തേ... കഷ്ടം! എപ്പോഴും നമ്മുടെ ഏതു പ്രതിജ്ഞയോടൊപ്പവും ദൈവം അനുഗ്രഹിച്ചാൽ‍ എന്നുകൂടി ചേർ‍ക്കണം. എല്ലാ പ്രവർ‍ത്തികളും ഭരിക്കുന്നത് ദൈവത്തിന്റെ ഇച്ഛയാവണം. ഓരോ നിമിഷവും മനുഷ്യഹൃദയങ്ങൾ‍ ഓരോ പുതിയ നിശ്ചയങ്ങൾ‍ സ്വന്തമാക്കുന്നു. അത് ഓരോ സന്ദർ‍ഭങ്ങളും മെനയുന്ന നിശ്ചയങ്ങളാണ്. അത് സന്ദർ‍ഭങ്ങൾ‍ക്കനുസരിച്ച് മാറുകയില്ലെന്ന് പറയുവാൻ കഴിയുകയില്ല. ലജ്ജിക്കുവാൻ വേണ്ടി മാത്രം പ്രതിജ്ഞ എടുക്കരുത്. ദൈവം അനുവദിച്ചാൽ‍ എന്ന് കൂട്ടിച്ചേർ‍ത്തുകൊണ്ട് ദൈവത്തിന്റെ ഇച്ഛ നടക്കുവാൻ വേണ്ടി പ്രാർ‍ത്ഥിക്കുക.

You might also like

Most Viewed