ചാരം കൊണ്ട് മൂടിപ്പോയ കനൽകട്ടകൾ
ധ്യാന ഗുരുവിനെ തേടിയലഞ്ഞ അയാൾ ഒരു ദിനം കണ്ടെത്തി. ജ്ഞാനിയായ ഗുരുവിനെ നമസ്കരിച്ച് എഴുന്നേറ്റ അയാളോട് ഗുരു കാരുണ്യപൂർവ്വം പെരുമാറി. ഗുരു ചോദിച്ചു, എന്തിനു വേണ്ടി വന്നു?ഗുരോ എനിക്ക് ഈ ആശ്രമത്തിന്റെ അന്തരീക്ഷവും, അന്തേവാസികളുടെ പെരുമാറ്റവുമെല്ലാം വളരെ സന്തോഷം പകരുന്നു. പ്രദേശവാസികളും വളരെ നന്മയുള്ള ആളുകളായി തോന്നി. ജ്ഞാനിയായ അവിടുന്ന് ആശ്രമം സ്ഥാപിക്കുന്നതിന് വേണ്ടി ഇങ്ങനെയൊരു സ്ഥലം തിരഞ്ഞെടുത്തുവെങ്കിൽ ഈ പ്രദേശം അത്രയ്ക്ക് നല്ലതായിരിക്കുമല്ലോ. അതുകൊണ്ട് ഞാൻ എന്റെ നാട്ടിലുള്ള വസ്തുവും വീടുമെല്ലാം വിട്ട് ഈ ആശ്രമത്തിനടുത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്നു. അവിടുന്ന് അനുവദിക്കണം.
ഗുരു ഒന്ന് മൂളിയതിന് ശേഷം ചോദിച്ചു. ആകട്ടെ നിങ്ങളുടെ ഗ്രാമത്തിലുള്ള ജനങ്ങൾ എങ്ങിനെയുള്ളവരാണ്? അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് ഭേദം. അൽപം പോലും സ്നേഹമില്ലാത്ത ആളുകൾ വഞ്ചനയും ചതിയും കാപട്യവും എല്ലാം അവരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നത്പോലെയാണ്. ഞാൻ മടുത്തു. എനിക്കവിടുന്ന് പോന്നാൽ മതി. ഗ്രാമവാസികളോടുള്ള വെറുപ്പ് അയാളുടെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. ഗുരു പറഞ്ഞു "സ്നേഹിതാ അതിനേക്കാൾ മോശമാണ് ഈ പ്രദേശം. ഞാൻ ഇവിടെ വന്നുപോയല്ലോ എന്ന് ഓർത്ത് വിഷമിക്കുകയാണ്. ഈ പ്രദേശം ഒരിക്കലും നിങ്ങളെപോലെ ഒരാൾക്ക് താമസിക്കുവാൻ ഉതകുന്നതല്ല. നിങ്ങൾ പോയി വരൂ.
അബദ്ധം പിണഞ്ഞില്ലല്ലോ എന്ന സന്തോഷത്തോടെ അയാൾ യാത്ര പിരിഞ്ഞു. മറ്റൊരു ദിവസം മറ്റൊരാൾ ഗുരുവിനെ തേടിയെത്തി. അയാളുടെ ആവശ്യവും ആശ്രമത്തിനടുത്തുള്ള ശാന്തമായ പ്രദേശത്ത് താമസിക്കുക എന്നുള്ളതായിരുന്നു. ആയാളും തന്റെ ആവശ്യം ഗുരുവിനെ അറിയിച്ചു. ആദ്യം ചോദിച്ച അതെ ചോദ്യം. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന പ്രദേശത്തുള്ള ജനങ്ങൾ എപ്രകാരമാണ്? എന്ന് ഗുരു ചോദിച്ചു. അയാൾ പറഞ്ഞു ഗുരോ ഞാൻ ഇപ്പോൾ താമസിക്കുന്ന പ്രദേശത്തുള്ള ആളുകൾ വളരെ നല്ലവരാണ്. എല്ലാവരും നല്ല സ്നേഹമുള്ളവരും സഹായ മനഃസ്ഥിതിയുള്ളവരുമാണ്. എല്ലാവരും വളരെയധികം കഷ്ടപ്പെട്ട് വീടിനും നാടിനും വേണ്ടി ജീവിക്കുന്നവരാണ്. അവരെയെല്ലാം വിട്ട് ഇവിടേയ്ക്ക് പോരുന്നതിൽ എനിക്ക് വിഷമമുണ്ട്. എന്നാലും ജ്ഞാനിയായ അങ്ങ് താമസിക്കുന്ന ഈ ആശ്രമത്തിനടുത്ത് താമസിക്കുവാൻ എനിക്ക് ഉത്ക്കടമായ ആഗ്രഹമുണ്ട്. അനുവദിച്ചാലും.
ഗുരു പറഞ്ഞു , ശരിയാണ് ഈ പ്രദേശം വളരെ നല്ലതാണ്. നന്മയും സ്നേഹവും നിറഞ്ഞ നല്ലവരായ ഗ്രാമീണർ. താങ്കൾ ഇതിനടുത്ത് താമസിച്ച് കൊള്ളൂ.
അയാളും സന്തോഷത്തോടെ പോയി കഴിഞ്ഞപ്പോൾ രണ്ടിനും സാക്ഷിയായി അടുത്ത് നിന്ന ശിഷ്യൻ ഗുരുവിനോട് ചോദിച്ചു ഗുരോ അവിടുന്ന് ഒരേ ചോദ്യത്തിന് രണ്ടാളോടും രണ്ടുത്തരമാണല്ലോ പറഞ്ഞത്. ആദ്യത്തെ ആളോട് ഈ പ്രദേശം ഒട്ടും നല്ലതല്ലെന്നും താമസിക്കാൻ കൊള്ളില്ലെന്നും പറഞ്ഞു. രണ്ടാമത്തെ ആളോട് ഈ പ്രദേശം ഏറ്റവും നല്ലതാണെന്നും പറഞ്ഞു. ഇങ്ങനെ രണ്ട് പേരോടും രണ്ടായിട്ട് പറഞ്ഞതെന്താണെന്നും മനസിലാകുന്നില്ല.
ഗുരു ചിരിച്ച് കൊണ്ട് തുടർന്നു ആദ്യത്തെയാളുടെ ഗ്രാമവാസികളെല്ലാം മോശമാണെന്നും സ്നേഹക്കുറവുള്ളവരാണെന്നും നന്മയില്ലാത്തവരാണെന്നും അയാൾ പറഞ്ഞത് അയാളുടെ നന്മയുടെ കുറവാണ്. എല്ലാവരുടെയും കുറ്റങ്ങൾ മാത്രമേ അയാൾ കണ്ടുള്ളൂ. അയാൾക്ക് ആരേയും സ്നേഹിക്കാൻ കഴിഞ്ഞില്ല. അയാൾ ഈ ദേശത്ത് വന്ന് കുറച്ച് കഴിയുന്പോൾ അത് തന്നെ ഇവിടെയുള്ളവരെക്കുറിച്ചും പറയും. രണ്ടാമത്തെ ആളുടെ മനസിന്റെ നന്മയാണ് അവിടെയുള്ളവരെല്ലാം നന്മയുള്ളവരാണെന്ന് പറഞ്ഞത്. ദേശങ്ങളുടെ കുറ്റമല്ല. രണ്ട് പേരുടെയും മനസികാവസ്ഥകളുടെ നിലയാണ്. നന്മയുള്ളവരെ ഒരു ആശ്രമത്തിന്റെ അടുത്ത് താമസിക്കാവൂ .
ഇന്ന് ചെറിയ കുട്ടികൾ പോലും ദോഷമാത്ര ദർശിനികളായിക്കൊണ്ടിരിക്കുന്നു. കാരണം അവർ മുതിർന്നവരിൽ നിന്ന് ലോകം ചീത്തയായി ചീത്തയായി എന്ന് ഓരോ നിമിഷവും കേട്ടുകൊണ്ട് വളരുന്നു. അതുകൊണ്ട് അധികം കുട്ടികളും സിനിക്കുകളായി വളരുന്നു. ഇത് മാറ്റുവാനായി ഒരു അദ്ധ്യാപകൻ കുട്ടികളോട് പറഞ്ഞു
ഞാൻ നിങ്ങൾക്ക് പുതിയൊരു പാഠം പഠിപ്പിക്കുകയാണ്. നാളെ മുതൽ എല്ലാവരും ഇതിന്റെ ഉത്തരം ചെയ്തുവരണം. ഓരോ കുട്ടിയിലും നിങ്ങൾ കാണുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് ഓരോരുത്തരായി എഴുതി വരണം. കുട്ടികൾക്ക് അത് വളരെ ഇഷ്ടമായി. പിറ്റേന്നാൾ മുതൽ അവരോരുത്തരും അതെഴുതിക്കൊണ്ട് വന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർക്കത് തുടരാൻ പ്രയാസമായി. കാരണം പ്രത്യക്ഷമായ ഗുണങ്ങളോട് കൂടിയ ഗുണങ്ങളുള്ള നന്മയുള്ള ചിലരെപ്പറ്റി അവർ തുടക്കത്തിലെഴുതി. തുടർന്ന് പ്രത്യക്ഷമായ ഗുണങ്ങളോട് കൂടിയ ഗുണമുള്ളവരെ അവർക്ക് കാണാൻ പ്രയാസമായി. മാഷ് പറഞ്ഞു. എല്ലാവരിലും ഗുണങ്ങളുണ്ട്, നന്മയുണ്ട്, എന്നാൽ ചിലരിൽ അത് ചാരത്തിനുള്ളിലെ കനൽ പോലെ മറഞ്ഞ് കിടക്കുന്നു. വളരെ സൂക്ഷിച്ച് ശ്രദ്ധിച്ച് നോക്കുകയെ വേണ്ടൂ. നിങ്ങൾക്കും കാണാം. തുടർന്ന് അവർ ഓരോ സഹപാഠിയുടെയും ഗുണങ്ങളെ ഉണർന്നിരുന്ന് നോക്കാൻ തുടങ്ങി. അപ്പോൾ അവരിലെല്ലാം അവർക്ക് നന്മകൾ കാണാൻ കഴിഞ്ഞു. അത് കഴിഞ്ഞപ്പോൾ അടുത്ത ക്ലാസിലെ കുട്ടികളെക്കുറിച്ച് എഴുതിവരാൻ പറഞ്ഞു. അത് തുടർന്നപ്പോൾ അവരിൽ ആന്തരികമായ ഒരു പരിവർത്തനം നടക്കുകയായിരുന്നു. എല്ലാവരും നല്ലവരാണ് എന്ന് അവർക്ക് ബോധ്യപ്പെട്ടു. ഇപ്പോളവർക്ക് ലോകത്തിന്റെ ദോഷങ്ങളും കാണാൻ കഴിയുന്നുണ്ട്. കാരണം ഗുണങ്ങളെ കുറിച്ചറിയാൻ പഠിച്ച് വന്നപ്പോൾ അവരുടെ ദോഷങ്ങളും മനസിലാക്കുവാൻ കഴിഞ്ഞു. എന്നാൽ ദോഷത്തെക്കാളേറെ അവരുടെ ഗുണങ്ങളാണ് മനസിലേക്ക് വേഗം കടന്നുവരാറുള്ളത്.