കർ­മ്മത്തി­ന്റെ­ മാ­നദണ്ധങ്ങൾ


ലോകത്ത് ജീവിക്കുന്ന ആളുകൾക്ക് അവരവർ ചെയ്യുന്ന ജോലിയോട് ആദരവും മറ്റുള്ളവർ ഒന്നും ചെയ്യുന്നില്ല എന്ന തോന്നലുമുണ്ട്. അദ്ധ്വാനിക്കുന്ന ജോലിയാണ് ഏറ്റവും വലുത് എന്ന് കരുതി മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരുണ്ട്. ഓരോർത്തർക്കും അവരവരുടെ ജോലിയാണ് ഏറ്റവും വലുത് എന്ന് കരുതുന്ന സ്ഥിതിയാണ് പൊതുവേയുള്ളത്. സ്വാമി ചിന്മയാനന്ദൻ വിവരിച്ച ഒരു സംഭവകഥ ഇവിടെ സൂചിപ്പിക്കട്ടെ.ഒരാൾ പാടത്ത്് പണിയെടുക്കുന്നു. കിതയ്കുന്നു, വിയർക്കുന്നു. ഒരാൾ ഒരു കവി. കവിത എഴുതുന്നു. കിളക്കുകയോ, വിയർക്കുകയോ ചെയ്യുന്നില്ല. തൊഴിലാളികളുടെ ദൃഷ്ടിയിൽ കവി ജോലി ചെയ്യുന്നില്ല. അതെ സമയം ശാസ്ത്രജ്ഞൻ ധനം ദുർവ്യയം ചെയ്യുന്നു വെന്നാണ് കവി കരുതുന്നത്. ചിന്തകൻ സമയം പാഴാക്കുന്നുവെന്ന് ശാസ്ത്രജ്ഞനും തോന്നും. ഓരോരുത്തരും കരുതുന്നു മറ്റുള്ളവർ അലസന്മാരാണ് എന്ന്. താൻ മാത്രം അത്യദ്ധ്വാനം ചെയ്യുന്നു എന്നാണ് അവരവർ ചിന്തിക്കുന്നത്. 

ഒരു ചിത്രകാരൻ വഴിവക്കിലുള്ള തടാകത്തിന്റെ കരയിലിരുന്ന് കല്ലുകൾ എടുത്ത് വെള്ളത്തിലിട്ട് അലകൾ സൃഷ്ടിക്കുന്നു. അവയിൽ ദൃശ്യമാവുന്ന പ്രകാശവും നിഴലും വീക്ഷിച്ച് കൊണ്ടിരുന്നു. ആ വഴിക്ക് വന്ന ഒരു ഗ്രാമീണൻ തന്റെ പശുതൊഴുത്തിൽ നിന്നും കറന്നെടുത്ത പാൽ ചുമന്നുകൊണ്ട് അടുത്തുള്ള നഗരത്തിലേക്ക് വിൽക്കാൻ പോകുന്പോൾ തടാകക്കരയിലിരിക്കുന്ന ആളെ കണ്ട് അസൂയയോടെ പറഞ്ഞു: കണ്ടില്ലേ മടിയൻ ഒരു പണിയും ചെയ്യാതെ ഇരുന്ന് സമയം കളയുന്നു! ഞാനാകട്ടെ പകൽ മുഴുവനും അദ്ധ്വാനിച്ചിട്ടും എത്ര കഷ്ടിച്ചാണ് ജീവിക്കുന്നത്? അതും പിരുപിറുത്തുകൊണ്ട് ഗ്രാമീണൻ അങ്ങാടിയിലേക്ക് നടന്നു. അന്നത്തെ വിൽപ്പന കഴിഞ്ഞ് ചന്തയിൽ നിന്നും തിരിച്ചുവരുന്പോൾ ആ ഗ്രാമീണൻ മടിക്കുത്തഴിച്ച് പണം എണ്ണി നോക്കുകയാണ്. ഇത് കന്നുകാലികൾക്ക്, ഇത് വീട്ടുചിലവിന്, എന്നിങ്ങനെ കണക്ക് നോക്കുന്പോൾ വയസ്സുകാലത്തേക്ക് നീക്കി വെക്കാൻ ബാക്കിയൊന്നുമില്ലല്ലോ എന്നോർത്ത് സ്വയം നെടുവീർപ്പിടുന്നു. മനസ്താപത്തോടെ മുന്നോട്ട് നീങ്ങുന്പോൾ അയാൾ കണ്ടത് എന്തെന്നല്ലേ? അതാ ഇരിക്കുന്നു രാവിലത്തെ മടിയൻ! രാവിലെ കണ്ടമാതിരി തന്നെ തടാകക്കരയിലിരുന്ന് ഒരു കൈകൊണ്ട് കല്ല് വെള്ളത്തിലിട്ടുകൊണ്ടിരിക്കുകയാണ്. മറ്റേ കയ്യിലെ റൊട്ടി കഷ്ണം കടിച്ച് തിന്നുന്നുമുണ്ട്! പാവം ഗ്രാമീണൻ അവിടെ നിന്നു. അയാൾക്ക് സ്വയം ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. അവിടെ നിന്നു കൊണ്ട്-അപ്പോഴേക്കും അവിടെ എത്തിച്ചേർന്ന വേറെയും കുറെ ആളുകളോട് −അലറാൻ തുടങ്ങി− ഇന്നാട്ടിൽ ഒരു ഭരണകൂടം ഉണ്ടോ? ഇവനെ പോലെയുള്ള മടിയൻമാർ നാടിന് ഭാരമാണ്. ഇത്തരക്കാരെ വെച്ച് പൊറുപ്പിക്കരുത്. വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. ഒരു പണിയുമെടുക്കാതെ ഇവൻ റൊട്ടി തിന്നുന്നു. നാടിന്റെ സന്പദ് വ്യവസ്ഥയെ തകിടം മറിക്കലല്ലേ ഇത്. ഇത്രയും നേരം അദ്ധ്വാനിക്കുകയായിരുന്ന എനിക്കാകട്ടെ ഇതുവരെ ഒന്നും തിന്നാൻ കഴിഞ്ഞിട്ടില്ല. ഇതെന്തോരന്യായം?" പാവം ഗ്രാമീണൻ! അയാൾക്കറിയുമോ, വിശ്വവിഖ്യാതനായ ചിത്രകാരൻ മെഡിസിയായിരുന്നു ആ മടിയൻ എന്ന്. വെള്ളത്തിന്റെ അലകളിൽ തത്തിക്കളിക്കുന്ന വെളിച്ചവും നിഴലും സസൂക്ഷ്മം നിരീക്ഷിച്ച്, ആ മഹാനായ ചിത്രകാരൻ തന്റെ കാൻവാസിലേക്ക് ചിത്രങ്ങൾ പകർത്തി. മന്ദമാരുതന്റെ തലോടലേറ്റ് താമരപൂക്കൾ ചാഞ്ചാടുന്പോൾ കൊച്ചലകൾ ഓളം വെട്ടുന്ന പൊയ്കയുടെ വക്കത്ത് ഉണ്ണിയേശുവിനെ മടിയിൽ വെച്ച്കൊണ്ടിരിക്കുന്ന വിശുദ്ധ മാതാവിന്റെ വിശ്വോത്തരമായ ആ മോഹന ചിത്രം അങ്ങനെ രൂപം പൂണ്ടു. അലകളെ നിരീക്ഷിച്ച്കൊണ്ട്, അത് കാൻവാസിലേക്ക് പകർത്തേണ്ട മാതിരി, അദ്ദേഹം സസൂക്ഷ്മമായി പഠിക്കുകയായിരുന്നു. ആ ഗാഡശ്രമം ഗ്രമീണന് പാഴ്്വേലയായിത്തോന്നി. 

ആ ചിത്രവും − മറിയവും ഉണ്ണിയേശുവും − അനശ്വര ഖ്യാതി നേടി. ഏതൊരു ജോലിക്കും അതിന്റേതായ യോഗ്യതയുണ്ട്. ചെയ്യുന്ന ജോലികളെ പരസ്പരം വിലയോടെ കാണുക. ഈ സംഭവ കഥ അതാണ് നമുക്ക് മനസ്സിലാക്കി തരുന്നത്.

You might also like

Most Viewed