എളി­മയെ­ ജയി­ക്കാൻ അഹന്തയ്ക്കാ­വി­ല്ല


വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു കൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷിക്ക് അതിന്റെ കാരണം എന്തെന്നറിഞ്ഞേ മതിയാകൂ. 

ഒരിക്കൽ‍ മഹാവിഷ്ണുവിനെ നേരിൽ‍ കണ്ടപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷി തുറന്നുചോദിച്ചു. ഭഗവാനേ, ഞാനും വസിഷ്ഠനും ഒരേവിധത്തിൽ‍ തപശ്ശക്തി നേടിയവരും ഒരേപോലെ കഴിവുള്ളവരുമാണ്. എന്നിട്ടും എല്ലാവർ‍ക്കും വസിഷ്ഠനോടാണു കൂടുതലിഷ്ടം. എന്താണതിന്റെ കാരണം? എത്ര ചിന്തിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. ദയവായി പറഞ്ഞുതന്നാലും.

മഹാവിഷ്ണു വിനീതപൂർ‍വം വിശ്വാമിത്രമഹർ‍ഷിയെ പ്രണമിച്ചുകൊണ്ടു പറഞ്ഞു, മഹാമുനേ, താങ്കളുടെ ചോദ്യത്തിന് ഉടനടി ഒരുത്തരം തരാൻ‍ പ്രയാസമാണ്. കുറച്ചുകാലം ക്ഷമയോടെ കാത്തിരുന്നാൽ‍ ഇതിന്റെ യാഥാർ‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാക്കിത്തരാം.

ദിവസങ്ങൾ‍ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു. അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ‍ ഇരുവരും ശ്രേഷ്ഠരിൽ‍ ശ്രേഷ്ഠരാണ്. അതേപോലെ സദാ കർമ്‍മനിരതരുമാണ്. ഞാൻ‍ നിങ്ങളെ ഒരു കാര്യം ഏൽ‍പ്പിക്കുകയാണ്. കുറച്ചു ദിവസങ്ങൾ‍ക്കകം ഇരുവരും നിങ്ങളെക്കാൾ‍ താഴ്ന്നവരായ നൂറ്റൊന്നു പേരെ ഊട്ടണം. അതിനുശേഷം എന്നെ വന്നു കാണുകയും വേണം.

വിഷ്ണുവിന്റെ നിർ‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മഹർ‍ഷിവര്യർ‍ യാത്രയായി. പിറ്റേന്നു തന്നെ വിശ്വാമിത്ര മഹർ‍ഷി നൂറ്റൊന്നിനു പകരം ആയിരത്തൊന്നാളുകൾ‍ക്ക് വിഭവസമൃദ്ധമായ സദ്യ നടത്തി. തികഞ്ഞ സന്തോഷത്തോടെ അടുത്ത ദിവസം തന്നെ മഹാവിഷ്ണുവിന്റെ സമീപമെത്തി കാര്യങ്ങൾ‍ അറിയിക്കുകയും ചെയ്തു. 

ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർ‍ഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ‍ കഴിഞ്ഞപ്പോൾ‍ വസിഷ്ഠ മഹർ‍ഷി ക്ഷീണിച്ചവശനായി വൈകുണ്ഠത്തിലെത്തി. കണ്ടമാത്രയിൽ‍ തന്നെ മഹാവിഷ്ണു ചോദിച്ചു അങ്ങ് തീരെ അവശനാണല്ലോ, എന്തേ വരാൻ ഇത്ര വൈകിയത്?

ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽ‍പ്പിച്ച കർമ്മം നിർ‍വ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു ഭൂമിയിൽ‍ കണ്ടെത്താനായില്ല. പക്ഷിമൃഗാദികൾ ‍പോലും എന്നെക്കാൾ‍ ശ്രേഷ്ഠരാണ്. പിന്നെ എങ്ങനെയാണ് ഞാൻ താഴ്ന്നവരെ ഊട്ടുന്നത്.

മഹാവിഷ്ണു വിശ്വാമിത്ര മഹർ‍ഷിയെ നോക്കി പറഞ്ഞു ,എന്തുകൊണ്ടാണ് വസിഷ്ഠ മഹർ‍ഷിയെ ലോകം കൂടുതൽ‍ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ‍ അങ്ങേയ്ക്കു ബോധ്യമായിക്കാണുമല്ലോ. അങ്ങ് ലോകത്തുള്ളവരെല്ലാം അങ്ങയേക്കാൾ‍ താഴെ എന്നു വിശ്വസിക്കുന്നു. വസിഷ്ഠ മഹർ‍ഷി എല്ലാവരും തന്നെക്കാൾ‍ വലിയവരെന്നു വിശ്വസിക്കുന്നു. അങ്ങയുടെ അഹങ്കാരത്തേക്കാൾ അദ്ദേഹത്തിന്റെ എളിമയാണ് ആളുകൾക്കിഷ്ടം.

You might also like

Most Viewed