ആ പച്ചിലയിൽ ഒന്നു തൊടണം
ജൂതന്‍മാരില്‍ വിശുദ്ധനായിരുന്നു റബ്ബി ബുഹാം. ജൂതവിശുദ്ധരില്‍ ത്രികാല ജ്ഞാനിയായ സന്യാസി. സന്യാസവൃത്തിയിലെ അവധൂതകാലം നിരന്തരമായ സഞ്ചാരത്തിന്‍റേതാണ്. ശരീര ബോധമില്ലാതെ കിട്ടുന്നത് ഭക്ഷിച്ച്, എവിടെയെങ്കിലും ഉറങ്ങി ആത്മാവിന്‍റെ ഉദ്ബോധന പ്രയാണം. റബ്ബി ബുഹാമിനൊപ്പം കുറച്ച് ശിഷ്യന്മാർ. ശാന്തവും പ്രകൃതി സുന്ദരവുമായ ഒരു മനോഹര ഗ്രാമത്തിലേക്ക് അവര്‍ പ്രവേശിച്ചു. നിശബ്ദതയുടെ ഗഹനതയില്‍ പ്രകൃതിയുടെ ലയതാളശബ്ദങ്ങള്‍ മാത്രം നുകരുന്ന ധ്യാനശാന്തതയില്‍ ലയിച്ച് ആ സംഘം നീങ്ങിക്കൊണ്ടിരുന്നു. ഒരു കാരണവുമില്ലാതെ നടത്തം നിര്‍ത്തിക്കൊണ്ട് ഗുരു ഒരു പിടി നനഞ്ഞ മണ്ണ് വാരി എടുത്തു കൈക്കുള്ളില്‍ വച്ചുകൊണ്ട് അതിന്‍റെ നേരെ പ്രേമപൂര്‍വ്വം ഒന്നു നോക്കി. അനന്തരം അത് എടുത്ത അതേ സ്ഥാനത്ത് തന്നെ വച്ചു. ഗൂഢമായ ഏതോ മഹാരഹസ്യം തിരിച്ചറിഞ്ഞ നിര്‍വൃതി ആ കണ്ണുകളില്‍ തെളിഞ്ഞു. ശിഷ്യന്‍മാര്‍ക്ക് ഒന്നും മനസ്സിലായില്ല. പ്രാര്‍ത്ഥനാ നിര്‍ഭരമായ ഭാവത്തോടെ അദ്ദേഹം മധുരമായി ആകാശത്തേക്കു തലയുയര്‍ത്തി. മന്ത്രംപോലെ, ആപ്തവാക്യം പോലെ ആ ചുണ്ടുകൾ മൊഴിഞ്ഞു ഈ ഒരു പിടി മണ്ണ് ഈ പ്രത്യേകമായ സ്ഥലത്ത് തന്നെ ഇരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് നാം ഒരിക്കലും അറിയുന്നില്ല.
മഹാനായ റബ്ബി ബുഹാം അരുളിയ പരമ സത്യം മറന്നുപോയ മനുഷ്യരാശിയാണ് ഒരിക്കല്‍ സ്വര്‍ഗ്ഗമായിരുന്ന ഭൂമിയെ ഇന്നീ കാണും വിധം നരകമാക്കിയത്. ഭൂമിയിലെ മുഴുവന്‍ മരങ്ങളെയും ഇല്ലാതാക്കുന്നതും. ഭൂമിയിലെ മുഴുവന്‍ പുഴകളെയും മലിനമാക്കുന്നത്, അന്തരീക്ഷം വിഷലിപ്തമാക്കി നാശം വിതക്കുന്നത്. ഭൂമിയുടെ ഘടനയെ മാറ്റി മറിച്ച് സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നത് ഒക്കെ.ശ്രീബുദ്ധ ഭഗവാന്‍ മുതല്‍ സകല ആചാര്യ പരമ്പരകളും ഈ സത്യം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനുഷ്യനെ ഓര്‍മ്മപ്പെടുത്തി. ഒരു ശലഭം പൂവിന്‍റെ ദലങ്ങളേയോ കേസരങ്ങളേയോ നോവിക്കാതെ തേന്‍ നുകരുന്നതുപോലെ മനുഷ്യന്‍ തന്‍റെ ആവശ്യങ്ങളെ പ്രകൃതിയില്‍ നിന്നും നിറവേറ്റണം, എന്ന് ശ്രീ ബുദ്ധന്‍ അരുളിയ സത്യം മാനവരാശി മറന്നുപോയി. സെയന്‍റ് ഫ്രാന്‍സിസ് തന്‍റെ ശിഷ്യനായ ലിയോവിന് ഒരു കഥ പറഞ്ഞു കൊടുത്തു. ഒരിക്കല്‍ ഒരു നല്ല മനുഷ്യന്‍ സത്കര്‍മ്മങ്ങള്‍ പുലര്‍ത്തി സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തിച്ചേര്‍ന്നു. സകല ഐശ്വര്യ സമ്പദ് സമൃദ്ധമായ സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം ഭൂമിയിലേക്ക് ഒന്ന് എത്തി നോക്കി. ഭൂമിയില്‍ ഇളം കാറ്റിലാടിക്കളിക്കുന്ന വൃക്ഷങ്ങളെ നോക്കി ആ മഹാത്മാവ് പറഞ്ഞു, എനിക്കാ പച്ചിലയില്‍ ഒന്നു കൂടി തൊടണം.
പരിഷ്കൃതിയുടെ ഭ്രാന്തവേഗത്തില്‍ നമുക്ക് നഷ്ടമാകുന്നത്, നമ്മുടെ കാലടികള്‍ക്ക് നഷ്ടമാകുന്നത് മണ്ണുമായുള്ള ബന്ധമാകുന്നു. ഭൂമിയുമായി അതിന്‍റെ ജീവല്‍ സ്പന്ദനവുമായി ശരിയായ സ്പര്‍ശവും ബന്ധവും ഉണ്ടാകുന്പോൾ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ അനുഭുതി ഉണ്ടുക്കുന്നത് എന്നരുളിയ ബുദ്ധവചനങ്ങളില്‍ മാനവ രാശിയുടെ ??തികവും ആത്മീയവുമായ സകല രക്ഷാമാര്‍ഗ്ഗവും അടങ്ങിയിരിക്കുന്നു.