കുഞ്ഞുങ്ങൾ വളരാതിരുന്നെങ്കിൽ


യവന പണ്ധിതനും ജ്ഞാനിയുമായ ഡയോജനിസ് വഴിയരികിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും പൊതുവേ വിചിത്രമായിരുന്നു. ഡയോജനിസ് എവിടെ നിന്നാലും എന്ത് പറഞ്ഞാലും അതിൽ തമാശ കലർന്ന ഒരു ഉൾക്കാഴ്ച ഉണ്ടായിരിക്കും. പലരും അദ്ദേഹത്തിന് മുഖം കൊടുക്കാതെ കടന്നുപോകും. കാരണം, അവരുടെ കുറവുകൾ സൂചിപ്പിക്കുന്ന ഏതെങ്കിലും ഒരു കാര്യവും അതിനെ ആസ്പദമാക്കിയ ഒരു തത്ത്വവും അതിലുണ്ടായിരിക്കും. വഴിയിലൂടെ കടന്നുപോകുന്ന ഒരാളെ നോക്കി ഡയോജനീസ് വെറുതെ ചിരിച്ചു.
അയാൾ തിരിഞ്ഞു നിന്നു ചോദിച്ചു.
‘എന്തിനാണ് താങ്കൾ ചിരിക്കുന്നത് ?’
വഴിയിൽ ഉയർന്നു നിന്ന ഒരു കരിങ്കൽ കഷണം ചൂണ്ടിക്കൊണ്ട് ഡയോജനിസ് പറഞ്ഞു
‘ദാ അതു കണ്ടിട്ട്’
‘അതൊരു കല്ലാണല്ലോ...അത് കണ്ടിട്ട് ഇത്ര ചിരിക്കാനെന്തിരിക്കുന്നു?
താങ്കൾക്ക് ഭ്രാന്താണോ ?’
ഡയോജനീസ് പറഞ്ഞു
‘സുഹൃത്തെ കുറഞ്ഞത് പത്തുപേരുടെ കാലിലെങ്കിലും ആ കരിങ്കൽ ചീൾ മുറിവേൽപ്പിച്ചിട്ടുണ്ടാകും. എത്രയോപേർ അതിന് ശാപവാക്കുകൾ സമ്മാനിച്ചു പോയിട്ടുണ്ടാകും. പക്ഷേ, ഇപ്പോഴും ആ കല്ല് അവിടെത്തന്നെയിരിക്കുന്നു. തനിക്ക് ഏതായാലും മുറിവേറ്റു. ഇനി മറ്റാർക്കും അങ്ങിനെ വരാതിരിക്കട്ടെ എന്ന് കരുതി അവിടെനിന്നും ആ കല്ല് മാറ്റിക്കളഞ്ഞില്ല. മുതിർന്നവരുടെ സ്വാർത്ഥത ഓർത്തപ്പോൾ കഴിഞ്ഞ ദിവസം കണ്ട ഒരു കൊച്ചു കുട്ടിയുടെ കാര്യം ഞാൻ ഓർത്തുപോയി’.
അതെന്താണ് ?
"ഒരു കൊച്ചു കുട്ടി നടന്നു പോകുന്പോൾ വഴിയിൽ കൂർത്തു നിൽകുന്ന ഒരു കല്ല് അവന്റെ കാലിൽ തട്ടി. അവന് നന്നായി വേദനിച്ചു അവൻ കരഞ്ഞു. എന്നിട്ട് വേറെയൊരു കല്ല് എടുത്ത് കൊണ്ടുവന്ന് അവന്റെ കാലിൽ തട്ടിയ കല്ലിനെ അവന്റെ കുഞ്ഞിക്കൈകൾ കൊണ്ട് ഇടിച്ചു കൊണ്ട് ‘നീ എന്റ കാലിൽ തട്ടിയില്ലേ !!ഞാനിന്ന് നിന്നെ ശരിയാക്കും.’ എന്ന് പറഞ്ഞ് കുറേ നേരം ഇടിച്ചു. അവന്റെ നിഷ്‌കളങ്ക ഹൃദയമാണ് അവനെക്കൊണ്ടത് ചെയ്യിച്ചത്. ഈ വഴിയേ കൂടെ നടന്നു പോയത് അതുപോലുള്ള കുഞ്ഞുങ്ങളായിരുന്നെങ്കിൽ കല്ല് ഇവിടെ കാണില്ലായിരുന്നു. "ഇത് പറഞ്ഞിട്ട് ഡയോജനീസ് ആത്മഗതം പോലെ പറഞ്ഞു
"കുഞ്ഞുങ്ങൾ വളരാതിരുന്നെങ്കിൽ,
സ്വാർത്ഥതയ്ക്ക് കരുത്തുവയ്ക്കാതിരുന്നെങ്കിൽ, …."
ഡയോജനീസ് വീണ്ടും ചിരിച്ചുകൊണ്ട് നടന്നു ചെന്ന് ആ കല്ല് ഇളക്കി ദൂരെയെറിഞ്ഞു.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
Prev Post
വലിവും തലവേദനയും ആയതിനാൽ...
Next Post