മനസ്സ് ഒരു മാന്ത്രികക്കൂട്
ജ്ഞാനിയായ രമണമഹർഷിയുടെ അടുത്ത് ഒരാൾ തന്റെ മകൻ മരിച്ചുപോയ തീവ്ര ദുഃഖം പങ്കുെവച്ചു. രമണമഹർഷി പലവിധത്തിലും ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ അദ്ദേഹം ഒരു സംഭവ കഥപറഞ്ഞു. രാമനെന്നും കൃഷ്ണനെന്നും പേരുള്ള രണ്ടു ചെറുപ്പക്കാർ വിദേശത്തു ജോലിക്കുപോയി. കുറച്ചു കാലത്തിനുള്ളിൽ അവരിലൊരാൾ മരിച്ചു. മറ്റെയാൾ നല്ല ജോലി സന്പാദിച്ച് സുഖമായി ജീവിച്ചു. അയാൾ തന്റെ ജന്മദേശത്തുനിന്നും എത്തിയ ഒരാളെ പരിചയപ്പെട്ടു. താൻ ധാരാളം പണം സന്പാദിച്ചു സുഖമായി ജീവിക്കുന്നുവെന്നും തന്റെ കൂടെ വന്നയാൾ മരിച്ചുപോയെന്നും രണ്ടു കുടുംബത്തിലേയും മാതാപിതാക്കളെ അറിയിക്കുവാൻ അയാളെ ഏർപ്പെടുത്തി. പരിചയപ്പെട്ട കച്ചവടക്കാരനായ നാട്ടുകാരൻ തിരികെ നാട്ടിലെത്തി. പക്ഷേ, അയാൾക്കൊരബന്ധം പറ്റി.
മരിച്ചുപോയ ആളുടെ അച്ഛനോട് മകൻ ധാരാളം പണം സന്പാദിച്ച് സുഖമായി ജീവിച്ചിരിക്കുന്നുവെന്നും, ജീവിച്ചിരിക്കുന്നയാളുടെ അച്ഛനോട് മകൻ മരിച്ചുപോയെന്നുമാണ് അറിയിച്ചത്. മകൻ ധാരാളം പണം സന്പാദിച്ചു തിരിച്ചു വരുമല്ലോയെന്നോർത്ത് മരിച്ചുപോയവന്റെ അച്ഛനമ്മമാർ വളരെ സന്തോഷത്തോടെ ജീവിതകാലം കഴിച്ചു. ജീവിച്ചിരിക്കുന്നവന്റെ മാതാപിതാക്കളാകട്ടെ അവൻ മരിച്ചുവെന്ന് കേട്ട് ദുഃഖത്തിലാണ്ടു. മക്കളെ കാണാതെ തന്നെ അവർ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്തു. ഈ കഥ പറഞ്ഞുകൊണ്ട് രമണമഹർഷി പറഞ്ഞു മനസ്സാണ് സുഖ ദുഃഖത്തിന്റെ അടിസ്ഥാന ഘടകം. നമ്മോടു മനസ്സു പറയുന്ന കാര്യങ്ങൾ വിശ്വസിച്ച് നമുക്കുവഴിതെറ്റുന്നു. ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും നാം വിശ്വസിക്കുന്നു. മനസ്സിനെ വിശ്വസിക്കാതെ ഹൃദയത്തിലേയ്ക്കു പ്രവേശിക്കുക. ഹൃദയത്തിലേയ്ക്കു പ്രവേശിച്ചാൽ അവിടെ ഉള്ളിലുള്ള മകനെക്കാണാം. പിന്നെ പുറത്തുള്ള മക്കളെ കാണേണ്ട ആവശ്യമേ വരില്ല. ജനനം, മരണം, ജീവിതം ഇവയെല്ലാം യാഥാർത്ഥ്യത്തിന്റെ കോണിലൂടെ ചിന്തിക്കുക. അങ്ങിനെ വരുന്പോൾ സുഖത്തിനും ദുഃഖത്തിനുമെല്ലാം മനസ്സ് കൽപ്പിക്കുന്ന സ്ഥാനങ്ങൾക്ക് വലിയ വ്യത്യാസമുണ്ടാകില്ല.