ഒഴിഞ്ഞ മനസ്സും പൂർണ്ണഹൃദയവും
വിശുദ്ധനായ സെൻ ഗുരുവിന്റെയടുത്ത് ഒരാൾ പറഞ്ഞു “ഗുരോ ഞാൻ കഴിഞ്ഞ ഇരുപതു വർഷക്കാലവും ഈശ്വരന്റെ പൊരുൾ തിരയുകയായിരുന്നു. ഞാൻ വായിച്ചു കൂട്ടിയ പുസ്തകങ്ങൾക്കു കണക്കില്ല. ആ അറിവുകളെല്ലാം ഇപ്പോഴും മനസ്സിന്റെ അടുക്കുകളായി നിലകൊള്ളുന്നു. അവിടുന്ന് എനിക്ക് ശിഷ്യത്വം നൽകിയാലും.”
ഗുരു പറഞ്ഞു “നീ മനസ്സിലാക്കിയതെല്ലാം ഒന്ന് എഴുതിക്കൊണ്ടു വരൂ.” അയാൾ പോയി ഒരു വർഷം കഴിഞ്ഞ് തിരിച്ചെത്തി. ഒരാൾക്കു ചുമക്കാൻ കഴിയാത്തത്ര വലുപ്പത്തിലുള്ള ഒരു പുസ്തകം അയാൾ എഴുതിയതു ഗുരുവിന് സമർപ്പിച്ചു. വായിച്ചു നോക്കിയിട്ട് ഗുരു പറഞ്ഞു. “ഇത് ആകർഷകമാണ്. യുക്തിയോടെ കൃത്യതയോടെ ഈശ്വര സാക്ഷാത്കാരം പ്രതിപാദിക്കുന്നു. നല്ലത്. പക്ഷേ ഏറെ വലുത്. കുറച്ചുകൂടി ചെറുതാക്കുക.”
യുവാവ് അത് വാങ്ങിപ്പോയി. അഞ്ച് വർഷം കഴിഞ്ഞ് തിരിച്ചെത്തി തന്റെ ചെറു നോട്ടു പുസ്തകം ഗുരുവിനു സമർപ്പിച്ചു. ഗുരു പുഞ്ചിരിച്ചു. വായിച്ചു നോക്കിയ ശേഷം പറഞ്ഞു “നീ വിഷയത്തിന്റെ ഹൃദയത്തിലേക്ക് കടന്നിരിക്കുന്നു. പക്ഷേ ഇപ്പോഴും ദൈർഘ്യം കൂടുതൽ. മകനേ വീണ്ടും ചുരുക്കൂ.” യുവാവ് ഖേദത്തോടെ മടങ്ങി. കാരണം സത്തയിലേയ്ക്കെത്തുവാൻ കഠിനമായി അധ്വാനിച്ചിരിക്കുന്നു. പത്ത് വർഷം കഴിഞ്ഞ് വീണ്ടും തിരിച്ചുവന്നു. കേവലം നാലഞ്ചു താളുകൾ മാത്രം ഗുരുവിനു കൈമാറി.
ഗുരു അത് അവധാനതയോടെ വായിച്ചു നോക്കി. ഗുരു പറഞ്ഞു “സത്യത്തിൽ ഇതു മനോഹരമായിരിക്കുന്നു. ലാളിത്യം, സൗന്ദര്യം.. ഇതിനപ്പുറം ആർക്ക് എഴുതാൻ കഴിയും? പക്ഷേ ഇപ്പോഴും പൂർണ്ണമല്ല. അവസാനത്തെ ഒരു വ്യക്തത കൂടി വന്നു ചേരുവാനുണ്ട്.”
ഗുരുനിർദ്ദേശിച്ചപ്രകാരം ഒരുനാൾ ശിഷ്യൻ വീണ്ടും വന്നു. ഗുരുവിന്റെ പാദങ്ങളിൽ ആശീർവാദത്തിനായി ഒരു പേപ്പർ മാത്രം സമർപ്പിച്ചു. അതിൽ ഒന്നും എഴുതിയിരുന്നില്ല. രണ്ട് തുള്ളി കണ്ണുനീർ അതിൽ ഉതിർന്നു വീണു.
ഗുരു ശിഷ്യന്റെ ശിരസ്സിൽ കൈവെച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു “ഇപ്പോൾ നിനക്കതു മനസ്സിലായിരിക്കുന്നു. ഒഴിഞ്ഞ മനസ്സും, നിന്റെ ഹൃദയവും രണ്ടും കിട്ടിയിരിക്കുന്നു. നമുക്ക് ഇന്നു മുതൽ തുടങ്ങാം.”