കണ്ണു­ണ്ടാ­യാൽ പോ­രാ­ കാ­ഴ്ചയു­ള്ള കണ്ണു­വേ­ണം


നസറുദ്ദീൻ‍ മുല്ല ജ്ഞാനിയായിരുന്നു. പക്ഷേ നാറാണത്തു ഭ്രാന്തനെന്നു വിളിക്കുന്ന ജ്ഞാനിയെപ്പോലെ, കല്ലടി മസ്താനെപ്പോലെ, ദർശനക്കാഴ്ചകളിൽ അലിഞ്ഞ് അവരുടേതായ ലോകത്ത് ഈശ്വരസംവേദിതമായ അവധൂത കാലത്ത്, അതു മനസിലാകാതെ പോയ പലരും അവരെ ഭ്രാന്തരെന്നും കോമാളികളെന്നും വിളിച്ചു. പക്ഷേ അവർ‍ ഭ്രാന്തത്തരമായിക്കാണിച്ച, കോമാളിത്തരങ്ങൾ പലതും പിന്നീടു കൂട്ടിവായിക്കുന്പോൾ ജ്ഞാനത്തിന്റെ അവഗാഹതലങ്ങളാണെന്നു ലോകം തിരിച്ചറിഞ്ഞു. നസറുദ്ദീൻ മുല്ലയ്ക്ക് എന്തിന്റെയെല്ലാം കുറവുകളുണ്ടെങ്കിലും ദാരിദ്ര്യത്തിനും ശത്രുക്കൾ‍ക്കും യാതൊരു കുറവുമില്ലായിരുന്നു. രാജാവിനെയും പിച്ചക്കാരനെയും ഒരുപോലെ കാണുന്ന ഭയമില്ലാത്ത പ്രകൃതത്തിൽ പറയേണ്ടതു കുറിക്കുകൊള്ളും വിധം രാജാവിനോടും പറയുമായിരുന്നു. നസറുദ്ദീൻ മുല്ലയുടെ ഏറ്റവും വലിയ ശത്രു കൊട്ടാരം മൗലവിയായിരുന്നു. മുല്ലയിൽ നിന്നും ദിനംപ്രതി പരാജയത്തിന്റെ കയ്പുനീർ‍ സമൃദ്ധിയായി കുടിക്കേണ്ടിവന്നിട്ടുള്ള മൗലവി നീറുന്ന മനസുമായി, മുല്ലയെ കുടുക്കുവാനുള്ള തന്ത്രങ്ങൾ ആലോചിച്ചു നടക്കുകയാണ്. അവസാനം മൗലവിയുടെ വക്രബുദ്ധിയിൽ ഒരുപായമുദിച്ചു.

ഒരു ദിവസം പതിവിലധികം ഉന്‍മേഷവാനായി കൊട്ടാരത്തിലെത്തിയ മൗലവി സദസിൽ വെച്ചു സന്ദർ‍ഭമുണ്ടാക്കി പറഞ്ഞു. തിരുമനസ്സേ നമ്മുടെയെല്ലാം പ്രിയപ്പെട്ട നസറുദ്ദീൻ‍ മുല്ല ദിവ്യനാണെന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. ദിവ്യന്‍മാർ‍ക്കു പടച്ചവനെ നേരിട്ടുകാണാൻ കഴിയുമെന്നും വേണമെങ്കിൽ മറ്റു വിശ്വാസികൾ‍ക്കു കാണിച്ചു കൊടുക്കുവാൻ കഴിയുമെന്നുമാണു പരന്പരാഗതമായ വിശ്വാസം. എന്നിട്ടീ നിമിഷം വരെ നസറുദ്ദീൻ മുല്ല നമുക്കാർ‍ക്കും പടച്ചവനെക്കാണിച്ചു തന്നിട്ടില്ല. മൗലവിയുടെ സംസാരം കേട്ട രാജാവു പറഞ്ഞു. അതു ശരിയാണല്ലോ. എനിക്കു വേഗം പടച്ചവനെ കാണിച്ചു തരൂ. മുല്ലാ ചിരിച്ചു കൊണ്ടു പറഞ്ഞു. തിരുമനസേ പടച്ചവനെ നേരിട്ടു കണ്ടാൽ പിന്നെ അങ്ങുണ്ടാകില്ല. ഈ രാജ്യം ഭരിക്കാൻ രാജാവില്ലാതെ പോകും. ഇതുകേട്ട മൗലവി പറഞ്ഞു. ഇതു മുട്ടാന്യായമാണ്. മുല്ല പറഞ്ഞു. ക്ഷമിക്കു രാജാവേ. ഞാൻ‍ ഇവനെ ആദ്യം ഒന്നു കാണിച്ചിട്ട് അങ്ങയെ കാണിച്ചു തരാം. എന്നു പറഞ്ഞ് മൗലവിയുടെ കൈപിടിച്ചു പുറത്തേക്കു കൊണ്ടുപോയി. രാജാവും പരിവാരങ്ങളും അവരെ അനുഗമിച്ചു. നല്ല നട്ടുച്ചനേരം. മുല്ലാ പറഞ്ഞു “സൂര്യനെ കണ്ണിമവയ്ക്കാതെ അഞ്ചു നിമിഷം നോക്കെടാ.” ന്റള്ളോ മുല്ലാ എന്തു പ്രാന്താ പറേണെ, കണ്ണുപൊട്ടിപ്പോവൂലേ?. ഉടനെ വന്നു മുല്ലായുടെ പ്രതികരണം. പടച്ചവന്റെ ഒരു സൃഷ്ടിയെപ്പോലും കണ്ണിമവയ്ക്കാതെ നോക്കാൻ ത്രാണിയില്ലാത്ത നീയാണോ, പടച്ചവനെ നേരിട്ടുകാണാൻ കണ്ണിലെണ്ണയും ഒഴിച്ചിരിക്കുന്നത്. നിന്നെ പവിത്രനെന്നും വിശ്വാസിയെന്നും പറയുന്നവനെയല്ലേ നടുറോഡിലിട്ടു തല്ലേണ്ടത്. ഇതു പറഞ്ഞ് രാജാവിന്റെ മുഖത്തേയ്ക്കൊരു നോട്ടം. എന്നിട്ട് ആത്മഗതം പോലെ പറഞ്ഞു “പറഞ്ഞിട്ടു കാര്യമില്ല കണ്ണുണ്ടായാൽ പോരാ കാഴ്ചയുള്ള കണ്ണുവേണം. അതു പുറത്തല്ല അകത്താണ്. ഇനി അതു കണ്ടെത്താൻ കീറി നോക്കണ്ട. ഉണ്ടെങ്കിലല്ലേ കാണൂ.”

You might also like

Most Viewed