സന്തോഷത്തിന്റെ യഥാർത്ഥ വഴി
ജ്ഞാനിയായ സെൻ ഗുരു സെൻഗായിയെ കണ്ടു വണങ്ങിയ ശേഷം ധനികനായ അയാൾ അപേക്ഷിച്ചു. “ഗുരോ തലമുറകളോളം തുടർച്ചയായ ഐശ്വര്യം ഉണ്ടാകും വിധം എന്തെങ്കിലും എനിക്ക് എഴുതിത്തരുമോ?” ഗുരു എഴുതി “അച്ഛൻ മരിക്കുന്നു” “മകൻ മരിക്കുന്നു” “പേരമകൻ മരിക്കുന്നു” ഇതു വായിച്ച ധനികൻ ഒരു ദേഷ്യഭാവത്തിൽ ചോദിച്ചു. “എനിക്കും എന്റെ തലമുറയ്ക്കും ഐശ്വര്യദായകമായ ഒരു വാക്യം എഴുതിത്തരുവാൻ ആവശ്യപ്പെട്ടപ്പോൾ അങ്ങെന്താണ് ഞങ്ങളോരോരുത്തരും മരിക്കുന്നതിനെക്കുറിച്ച് എഴുതിയത്?” അയാളുെട കോപം കണ്ടതായി പോലും ഭാവിക്കാതെ ഗുരു പറഞ്ഞു. “ഞാനിവിടെ എഴുതിയത് ഒരു നല്ല പ്രസ്താവനയാണ്.” ഗുരു തുടർന്നു. “നിങ്ങൾക്കു മുന്പ് നിങ്ങളുടെ മകൻ മരിക്കുകയാണെങ്കിൽ അത് നിങ്ങളെ ദുഃഖത്തിലാഴ്ത്തും. മകനു മുന്പ് നിങ്ങളുടെ പേരക്കുട്ടി മരിക്കുകയാണെങ്കിൽ നിങ്ങളിരുവരുടെയും ഹൃദയത്തെ അത് തകർക്കും. ഞാൻ പറഞ്ഞ ക്രമത്തിൽ നിങ്ങളുടെ കുടുംബം തലമുറകൾ തോറും കടന്നു പോവുകയാണെങ്കിൽ അതാണ് ജീവിതത്തിന്റെ സ്വാഭാവികമായ ഗതി. അതിനെ സൗഭാഗ്യം എന്നു വിളിക്കാം. അതാണ് യഥാർത്ഥ സന്തോഷത്തിന്റെ വഴി.