അശ്രദ്ധയ്്ക്ക് ധാരണയേക്കാൾ വേഗത
അനേകം സൂഫി സന്യാസികളുടെ ഗുരുവായിരുന്നു ഷാ ഫിറോസ്. ജ്ഞാനിയായ അദ്ദേഹത്തോട് ഒരാൾ ചോദിച്ചു. “അങ്ങെന്തു കൊണ്ടാണ് അങ്ങയുടെ ശിഷ്യന്മാരെ കൂടുതൽ വേഗത്തിൽ പഠിപ്പിക്കാതെ ഒച്ചിഴയും പോലെ പഠിപ്പിക്കുന്നത്.” അദ്ദേഹം പറഞ്ഞു: “ഏറ്റവും അർപ്പണ മനഃസ്ഥിതിയുള്ളവനായ ഒരു ശിഷ്യൻപോലും അവന്റെ ധാരണാശക്തി ഒരു പ്രത്യേക ഘട്ടത്തിലെത്തുന്നതു വരെ ഒട്ടും തന്നെ പഠിപ്പിക്കത്തക്കതായ അവസ്ഥയിലെത്തുകയില്ല. അവൻ ഭൂമിയിൽ ശരീരത്തോടെ ജീവിക്കുന്നുണ്ടാകാം. എന്നാൽ മറ്റെല്ലാ തരത്തിലും അവനിവിടെ ഇല്ലാതിരിക്കുകയാണ്.” അയാൾ വീണ്ടും ഷാ ഫിറോസിനോടു പറഞ്ഞു: “എനിക്ക് അതത്ര മനസിലായില്ല. ഒന്നു കൂടി വിശദമാക്കാമോ?” അദ്ദേഹം അതിനു വേണ്ടി ഒരു കഥ പറഞ്ഞു. ഒരു രാജാവിന് ഒരിക്കൽ ജ്ഞാനിയായ സൂഫിയായിത്തീരണമെന്ന മോഹമുണ്ടായി. അതിനായി അദ്ദേഹം ഒരു സൂഫി ഗുരുവിനെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചു. ഗുരു രാജാവിനോട് പറഞ്ഞു: “മഹാരാജ്, അശ്രദ്ധയെ കീഴടക്കാൻ കഴിഞ്ഞാലല്ലാതെ ഒരിക്കലും നിങ്ങൾക്കൊരു ജ്ഞാനിയായ സൂഫിയാകാൻ കഴിയില്ല.”
രാജാവു പറഞ്ഞു: “എനിക്ക് ശ്രദ്ധയില്ലെന്ന് താങ്കളല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല. ഞാൻ ജനങ്ങളെ ശരിയായ വിധത്തിൽ പരിപാലിക്കുന്നു. എനിക്ക് ശ്രദ്ധയില്ലാത്തതിനാൽ രാജ്യഭരണം അവതാളത്തിലാണെന്ന് അഭിപ്രായപ്പെടുന്ന ഒരാളെയെങ്കിലും താങ്കൾക്കീ രാജ്യത്ത് കാണിച്ചു തരാമോ?”. സൂഫി പറഞ്ഞു: “അത് അസാധ്യമാണ്. കാരണം ജനങ്ങൾക്കെപ്പോഴും അവരുെട ജീവൻ നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. പക്ഷെ എനിക്ക് നിങ്ങളെ ഭയമില്ല. എന്റെ മുന്നിൽ നിങ്ങൾ നിൽക്കുന്ന ഈ നിമിഷം തന്നെ ഞാനതു തെളിയിക്കാം. താങ്കൾ തയ്യാറാണോ?”. രാജാവ് വെല്ലുവിളി പോലെ ആ പരീക്ഷണത്തിന് തയ്യാറായപ്പോൾ ഗുരു പറഞ്ഞു.: “അടുത്ത ഏതാനും നിമിഷങ്ങൾ എന്റെ ചോദ്യങ്ങൾക്ക് ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്നു മാത്രം മറുപടി പറയുമോ?”
“പറയാം” രാജാവ് സമ്മതിച്ചു. സൂഫി പറഞ്ഞു, “ഞാൻ ആകാശത്തിനപ്പുറത്തു നിന്നും വന്ന മനുഷ്യനാണ്.” “ഞാൻ വിശ്വസിക്കുന്നു.” രാജാവ് പറഞ്ഞു. സുഫി തുടർന്നു. “സാധാരണ ആളുകൾ അറിവ് നേടാൻ ശ്രമിക്കുന്നു. സൂഫികളുടെ കൈയിൽ അത് ധാരാളമുണ്ട്. എന്നാൽ അവരത് നിഷ്ഫലമാക്കാൻ ശ്രമിക്കുന്നില്ല.” “ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.” രാജാവ് പറഞ്ഞു. വീണ്ടും സൂഫി പറഞ്ഞു: “ഞാൻ ഒരു നുണയനാണ്.” “ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.” രാജാവിന്റെ മറുപടി. സൂഫി പറഞ്ഞു: “നിങ്ങൾ ജനിച്ചതായ സമയത്ത് ഞാനിവിടെ ഉണ്ടായിരുന്നു. മാത്രമല്ല, നിങ്ങളുടെ പിതാവ് ദരിദ്രനായ ഒരു കൃഷിക്കാരനായിരുന്നു.” “അത് കള്ളം, എന്റെ പിതാവ് ചക്രവർത്തിയായിരുന്നു.” രാജാവ് അറിയാതെ പറഞ്ഞുപോയി. സൂഫി രാജാവിനെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു: “കഷ്ടം... ഞാൻ ഒരു നിമിഷം മുന്പ് പറഞ്ഞകാര്യം സമ്മതിച്ച നിങ്ങൾക്ക് അതുപോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലല്ലോ. പകരം മുൻധാരണകൾ അറിയാതെ പുറത്തു വന്നു. നിങ്ങൾക്കൊരു സൂഫിയാവാൻ കഴിയുകയില്ല.”.