അരണ ബുദ്ധി എനിക്കോ നിനക്കോ?
എന്തോ ഒരത്യാവശ്യകാര്യത്തിനായി പുറത്തു പോയിരുന്ന നസറുദ്ദീൻ മുല്ല തിരിച്ചു വന്നു ഭാര്യയോടുപറഞ്ഞു. “ആമിനേ.. ഞാൻ തലപ്പാവെടുക്കാൻ മറന്നു. അതിങ്ങെടുത്തുതാ”... ഭാര്യ എടുത്തുകൊടുത്ത തലപ്പാവണിയുന്നതിനിടയിൽ മുല്ല പിറുപിറുത്തു. “സമയം പോയി ഇനി ഇന്ന് നേരത്തിന് എത്തുമോ ആവോ.” തലപ്പാവണിഞ്ഞ് മുല്ല വേഗം പുറത്തിറങ്ങി ധൃതിയിൽ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ മൂപ്പര് തിരിച്ചോടി വരുന്നു. “ആമിനേ.. ഞാനെന്റെ പണസഞ്ചിയെടുക്കാൻ മറന്നു. അതിങ്ങുവേഗം എടുത്തുതാ. സമയം വളരെ വൈകി”. ആമിന പണസഞ്ചിയെടുത്തു കൊടുത്തു. അതു കിട്ടേണ്ട താമസം അതു പോക്കറ്റിലിട്ടു പടിയിറങ്ങി ഓടാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ മുല്ല തലയും തഴ്ത്തി തിരിച്ചു വന്നു. “ങ്ങളെന്തേ ബീണ്ടും പോന്നെ?, ഞീം ബല്ലതും മറന്നാ..?” തലപ്പാവ് താഴെ വെച്ച് ബഞ്ചിലിരിക്കുന്നതിനിടയിൽ മുല്ല പറഞ്ഞു. “എവിടേക്കാ പോകേണ്ടതെന്നു മറന്നുപോയെടീ...” ആമിനയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല, വൈകുന്നേരം വീട്ടു മുറ്റത്ത് മുല്ലയുടെ സംഭാഷണം കേൾക്കാൻ വന്നവരോടായി ആമിന ഇന്നത്തെ ഫലിതം പറഞ്ഞു കേൾപ്പിച്ചു. എല്ലാർക്കും ചിരിക്കാൻ ഒരു വിഷയമായല്ലോ എന്നു കരുതിയാണ് പറഞ്ഞത്. പക്ഷേ ഏതുവിധേനയും മുല്ലയെ ഒന്നു കളിയാക്കണമെന്നു കരുതിയിരുന്ന ചിലർ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. ചിരിയുടെ സമയം കഴിഞ്ഞിട്ടും അവർ ചിരിവരുത്തി ചിരിച്ചുകൊണ്ടിരുന്നു. ഒരുവിധം അവർ ചിരിച്ചു നിർത്തിയപ്പോൾ അതാ മുല്ല ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി. മുല്ല ചിരിച്ചു നിർത്തിയപ്പോൾ എന്തിനാണ് ഇത്ര അട്ടഹസിച്ച് ആസ്വദിച്ച് ചിരിച്ചതെന്ന് അവർ ചോദിച്ചു. മുല്ല പറഞ്ഞു. “മരമണ്ടന്മാർ മണ്ടനെക്കളിയാക്കുന്പോൾ എങ്ങിനെ ചിരിക്കാതിരിക്കും”. “അതെന്തേ?” അവരുടെ സംശയം.
മുല്ല പറഞ്ഞു. “ഓരോന്നും വെട്ടിപ്പിടിക്കാൻ ഓടുകയല്ലേ നിങ്ങളോരുരുത്തരും. പണം, ഭൂമി, പ്രശസ്തി എന്നുവേണ്ട എന്തിന്റെയെല്ലാമോ പുറകേ ആക്രാന്തത്തോടുകൂടി ഓടുന്ന ഈ ഓട്ടം എന്തിനുവേണ്ടിയാണ്. ഒരു ജീവിതകാലമത്രയും എന്തിനുവേണ്ടിയാണ് ഓടുന്നത്. ഒരു ജീവിത കാലമത്രയും എന്തിനുവേണ്ടിയാണ് എങ്ങോട്ടേയ്ക്കാണു പോകേണ്ടതന്നറിയാത്ത മരണം നിഴലിനേക്കാൾ തൊട്ടടുത്തുണ്ടെന്നു മനസ്സിലാക്കാത്ത ആ യാത്രയിൽ ഒന്നും കൊണ്ടുപോകാൻ കഴിയില്ലെന്നു മറക്കുന്ന മരമണ്ടന്മാർ എന്റെ ഒരു ദിവസത്തെ യാത്ര എങ്ങോട്ടേയ്ക്കാണന്നറിയാതെ ഞാൻ തിരിച്ചുവന്നതിനെ എന്തിനാ കളിയാക്കുന്നത്?.