ദൈവത്തിന്റെ കണക്കു പുസ്തകം
ഉറങ്ങുന്നതിന് മുന്‍പ് കിടക്കയിൽ ചമ്രം പിണഞ്ഞിരുന്ന് അയാൾ പ്രാർത്ഥിച്ചു. 'ദൈവമേ ഈ ദിവസവും കടന്നുപോവുകയാണ്. ഞാൻ ഇന്നു ചെയ്തിട്ടുള്ള എല്ലാ കർമ്മങ്ങളും അങ്ങയിൽ സമർപ്പിക്കുകയാണ്. അതിന്റെ തെറ്റും ശരിയും എല്ലാം അവിടുന്ന് എടുക്കണേ' ഉറങ്ങാൻ കിടന്ന അയാൾക്ക് സ്വപ്ന ദർശനം. ഒരു പ്രകാശ വലയങ്ങളുടെ നടുവിൽ ഒരു മാലാഖയിരുന്ന് എന്തോ എഴുതുന്നു. ആയാൾ ചോദിച്ചു. 'എന്താണ് അങ്ങ് എഴുതുന്നത്' മാലാഖ പറഞ്ഞു.
'ഞാൻ ദൈവത്തിന്റെ കണക്കുപുസ്തകം തയ്യാറാക്കുകയാണ്. അതിൽ ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരു വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കുകയാണ്'. അയാളുടെ സംശയം, 'എങ്ങിനെയുള്ളവരാണ് അതിൽ ചേർക്കപ്പെടുന്നത്?'
ഒരു ചെറുചിരിയോടെ മാലാഖ മറുപടി പറഞ്ഞു. 'ദേവാലയങ്ങളിൽ മുടക്കമില്ലാതെ പോയി പ്രാർത്ഥിക്കുന്നവർ, ക്ഷേത്രത്തിനും പള്ളികൾക്കുമെല്ലാം വിഹിതം നൽകുന്നവൻ, അനാഥാലയങ്ങൾക്കും, വൃദ്ധസദനങ്ങൾക്കുമെല്ലാം സംഭാവന നൽകുന്നവർ, ആ കാരണങ്ങൾ അങ്ങിനെ പലതുമായി നീണ്ടുപോകുന്നു.
ജിജ്ഞാസയോടെ അയാൾ ചോദിച്ചു 'എന്റെ പേർ അതിൽ ചേർക്കപ്പെട്ടിട്ടുണ്ടോ ?' മാലാഖ പറഞ്ഞു. 'താങ്കളുടെ പേർ ഇതിൽ ചേർത്തിട്ടില്ല'
വിഷമത്തോടെ അയാൾ ഓർത്തു, തനിക്ക് സാഹചര്യങ്ങൾ മൂലം പലപ്പോഴും കൃത്യമായി പ്രാർത്ഥനയ്ക്കുപോകുവാൻ കഴിഞ്ഞിട്ടില്ല. വലിയ വലിയ തുകകൾ സംഭാവന കൊടുക്കുവാൻ തന്റെ കൈവശം അതിനു പ്രാപ്തിയില്ലായിരുന്നു. എങ്കിലും വിശന്നു വലഞ്ഞു കണ്ടവർക്കെല്ലാം എന്റെ വീട്ടിൽ ആ നിലയിൽ വന്നവർക്കെല്ലാം ഞാൻ കഴിക്കാതെ പലപ്പോഴും ആഹാരം നൽകിയിട്ടുണ്ട്. പൈസ കൊടുത്തു സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും, രോഗികൾക്കും, വൃദ്ധർക്കും അവശർക്കും ഞാൻ ശുശ്രൂഷയും സ്നേഹ പരിചരണങ്ങളും സ്വാന്തനവും പകർന്നിട്ടുണ്ട്. എല്ലാ കർമ്മങ്ങളും ദൈവത്തിൽ മുൻ നിർത്തി ദൈവത്തിൽ സമർപ്പിച്ചുമാത്രം ചെയ്തിട്ടുണ്ട്. എന്റെ ജീവിതം കൊണ്ട് ഒരു കൊച്ചുകുട്ടിയ്ക്കുപോലും വേദനയുണ്ടാക്കുവാൻ ഇടയാക്കിയിട്ടില്ല. അതെല്ലാം എനിക്ക് ആത്മസംതൃപ്തി നൽകുന്നുണ്ട്.
അന്നേദിവസം രാത്രയിലും അദ്ദേഹം സ്വപ്നത്തിൽ മാലാഖയെ കണ്ടു. മാലാഖ പുസ്തകത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. അദ്ദേഹം തലേദിവസത്തെ ചോദ്യം തന്നെ ചോദിച്ചു. 'അങ്ങെന്താണ് എഴുതുന്നത്?' മാലാഖ പറഞ്ഞു. 'ഞാൻ ഇന്നലെ ദൈവത്തെ സ്നേഹിക്കുന്നവരുടെ പട്ടിക തയ്യറാക്കി. ഇന്ന് ദൈവം സ്നേഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയാണ്' പ്രതീക്ഷയില്ലാതെ അയാൾ ചോദിച്ചു 'അക്കൂട്ടത്തിൽ എന്റെ പേരുണ്ടോ?'
'ഇതിൽ ആദ്യത്തെ നാമം താങ്കളുടേതാണ്'
അതു കേട്ടപ്പോൾ ആയാളുടെ കണ്ണുകളിൽ നീർക്കണങ്ങൾ പൊടിഞ്ഞു.