സ്നേഹത്തിന്റെ മാനദണ്ധം
‘സ്നേഹം’ എന്നത് എല്ലാവരും ഉച്ഛരിക്കുന്ന പദമാണ്. തങ്ങളെ സ്നേഹിക്കുന്നില്ല എന്ന് പരിതപിക്കുന്നവരും ധാരാളമുണ്ട്. നമ്മൾ ഒരാളെ സ്നേഹിക്കുന്നതിന്റെ മാനദണ്ധം എന്താണെന്ന് നാം മനസ്സിലാക്കണമെങ്കിൽ നമ്മളിലേയ്ക്കു തന്നെ നോക്കണം. നമ്മളിലേയ്ക്ക് നമ്മുടെ സ്നേഹമാനദണ്ധങ്ങളിലേയ്ക്ക് വ്യാപരിക്കുന്പോൾ നമുക്കുതന്നെ ബോദ്ധ്യപ്പെടും ഇതിനെ സ്നേഹമെന്നല്ല വിളിക്കേണ്ടതെന്ന്. പ്രപഞ്ചത്തിന്റെ ഉള്ളടക്കം പരസ്പരബന്ധിത സ്വഭാവത്തിൽ അധിഷ്ഠിതമായിരിക്കുന്നു. ഒന്ന് മറ്റൊന്നിനോട് ബന്ധിപ്പിച്ചിരിക്കുന്നതിനിടയിൽ ബലപ്പെടുത്തിയ ദ്രവമാണ് സ്നേഹം.
രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലം. നാസി ഭീകരത യൂറോപ്പിലെങ്ങും അരങ്ങു തകർക്കുന്നു. യഹൂദജനതയെ ഈ ഭൂമുഖത്തുനിന്നു തന്നെ ഇല്ലാതാക്കുവാൻ സംഹാര താണ്ധവം നടക്കുന്നു. ഗ്യാസ് ചേംബറിൽ കിടന്ന് പിടഞ്ഞ് ലക്ഷക്കണക്കിന് യഹൂദർ മരിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല. ഇത്രയും നിഷ്ഠൂരമായ ഒരു മനുഷ്യക്കുരുതി അതിനു മുന്പ് ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല. മനുഷ്യന്റെ സംഹാരതാണ്ധവത്തിനോട് പ്രതികരിച്ചതാണോ എന്നറിയില്ല ഡാന്യൂബ് നദി പ്രളയ താണ്ഢവമാടുകയാണ്. വസ്തുക്കൾക്കും ജീവജാലങ്ങൾക്കും വൻനാശം വരുത്തി കലിതുളളി ഒഴുകുകയാണ് ഡാന്യൂബ്.
വിയന്നാ നഗരത്തിനു പോലും ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ. നദിയുടെ കുത്തൊഴുക്ക് നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിൽ നിന്നും ഒരാൾ കാൽവഴുതി വെള്ളത്തിലേയ്ക്കു വീണു. നീന്തലറിയുന്ന അനേകരുണ്ടെങ്കിലും ആരും അയാളെ രക്ഷപ്പെടുത്തുവാൻ മുതിരുന്നില്ല. എന്നാൽ അക്കൂട്ടത്തിൽ ധൈര്യശാലിയായ ഒരു യുവാവ് അവന്റെ കോട്ടും സ്യൂട്ടുമൊക്കെ അഴിച്ചു വെച്ച് വെള്ളത്തിലേയ്ക്ക് ചാടുവാൻ തയ്യാറായി. എന്നാൽ കൂടി നിന്ന ജനങ്ങൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു: 'ചാടരുത്. ആ ഒഴുകിപോകുന്നത് ഒരു യഹൂദനാണ്. ആ പട്ടിയെ രക്ഷിക്കാൻ നിന്റെ ജീവൻ തുലയ്ക്കരുത്'. ആ യുവാവ് പറഞ്ഞു: 'അയാൾ യഹൂദനല്ല, അയാൾ ഒരു ജർമ്മൻകാരനാണ്, അതിലുപരി അയാൾ ഒരു മനുഷ്യനാണ്'. ജനക്കൂട്ടത്തിന്റെ അഭിപ്രായത്തെ മറികടന്ന് അയാൾ വെള്ളത്തിലേയ്ക്ക് ചാടി. ഒഴുകി പോകുന്നയാൾ തീരെ അവശനായിരുന്നു. വളരെ സാഹസപ്പെട്ട് അയാളെയും ചുമന്ന് തിരികെ നീന്തുന്പോൾ ജനങ്ങൾ വിളിച്ചു പറഞ്ഞു: 'അവനെ കരയ്ക്കെത്തിച്ചാലും ഞങ്ങൾ കൊല്ലും'. ആ യുവാവ് തിരികെപ്പറഞ്ഞു: 'നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല ഇയാൾ ജർമ്മൻകാരൻ തന്നെയാണ്, യഹൂദനല്ല'. കരയ്ക്കണഞ്ഞപ്പോൾ ജനങ്ങൾ ആകാംക്ഷയോടെ അടുത്തെത്തി. അവർ ഏക സ്വരത്തിൽ പറഞ്ഞു. 'ദൈവമേ അങ്ങേയ്ക്കു നന്ദി. ഇവൻ ഞങ്ങളുടെ സഹോദരനായ ജർമ്മൻകാരൻ തന്നെ. അപ്പോൾ രക്ഷകനായെത്തിയ യുവാവ് തന്റെ കോട്ടും സ്യൂട്ടുമെടുത്ത് ധരിച്ച് മുന്നോട്ട് നടന്നു. അൽപം അകലെയെത്തി കുതിരപ്പുറത്തു കയറി കുതിരയെ പായിക്കുന്ന കൂടെ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു: 'നിങ്ങൾക്കു ബോദ്ധ്യപ്പെട്ടില്ലേ അവൻ ഒരു ജർമ്മൻകാരൻ തന്നെയാണെന്ന്. എന്നാൽ ഞാൻ യഹൂദനാണെന്ന് അറിയിക്കട്ടെ'. ജനം പിന്‍തുടരും മുന്പ് അയാൾ പാഞ്ഞുപോയി. സ്നേഹത്തിന്റെ മാനദണ്ധങ്ങൾ നമ്മളിലധികം പേർക്കും ആ ജനക്കൂട്ടത്തെപോലെയാണ്.