വാക്കും പ്രവൃത്തിയും ഒരുമിച്ച സ്നേഹാഗ്നി
ശാസ്ത്രരംഗത്ത് അതിവിപുലമായ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനം. രാജ്യരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ഉപകരണങ്ങളും ഉപഗ്രഹങ്ങളുമാണ് അവിടുത്തെ കണ്ടുപിടുത്തങ്ങൾ. അർപ്പണബോധത്തോടു കൂടി ജോലിയിൽ വ്യാപൃതനായിരിക്കുന്ന മേലധികാരിയും അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരും. ഉത്സാഹിയായ ഒരു യുവശാസ്ത്രജ്ഞൻ ഒരു ദിവസം മേലധികാരിയുടെ മുന്നിലെത്തി പറഞ്ഞു,
‘സർ, ഇന്ന് എനിക്കൽപ്പം നേരത്തേ വീട്ടിൽ പോകണം. പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പ്രദർശനം കാണിക്കുവാൻ കുട്ടികളെ കൊണ്ടു പോകാമെന്ന് സമ്മതിച്ചിട്ടാണ് ഞാൻ പോന്നിരിക്കുന്നത്’.
ആ യുവാവിൽ നല്ല മതിപ്പുള്ള മേലധികാരി പറഞ്ഞു
‘അതിന് കുഴപ്പമില്ല, താങ്കൾക്ക് ആവശ്യമുള്ള സമയത്ത് പോകാം’.
യുവാവ് തന്റെ ലാബിൽ ജോലിയിൽ വ്യാപൃതനായി. എന്നാൽ പറഞ്ഞ സമയത്തിന് ഇറങ്ങുവാൻ കഴിഞ്ഞില്ല. കാരണം, ശരീരവും മനസ്സും അർപ്പിച്ചു ചെയ്യുന്ന ഗവേഷണമാണ്, അതിന് സമയ പരിധികൾ വച്ചു പ്രവർത്തിക്കാനാവില്ല. ഇതിനോടകം പല പ്രാവശ്യം മേലധികാരി ലാബിലെത്തി അദ്ദേഹം ജോലി ചെയ്യുന്നതു കണ്ടു. ഏർപ്പെട്ടിരിക്കുന്ന കാര്യത്തിന്റെ ഗൗരവം അറിയുന്ന മേലധികാരിക്ക് യുവാവിനോട് രാവിലെ പറഞ്ഞ കാര്യം ഓർമ്മപ്പെടുത്തുവാൻ തോന്നിയില്ല. യുവശാസ്ത്രജ്ഞൻ മനസ്സു സ്വതന്ത്രമാക്കി വാച്ചിൽ നോക്കിയപ്പോൾ സമയം 7:30. നാലു മണിക്കാണ് കുട്ടികളെയും കൂട്ടി ചെല്ലാമെന്ന് അറിയിച്ചിരുന്നത്. ആ മനസ്സിൽ വാത്സല്യവും, ആ വാത്സല്യത്തിൽ നിന്നുതിർന്ന കുറ്റബോധവും. വല്ലാത്ത നിരാശയോടെ അയാൾ വീട്ടിലെത്തി. ഭാര്യയോടും കുട്ടികളോടും എന്തു പറയുമെന്നറിയാതെ വിഷമിച്ചു നിൽക്കുന്പോൾ ഭാര്യ സ്നേഹത്തോടെ അടുത്തെത്തി ചോദിച്ചു
‘ചായ എടുക്കട്ടെ?’
അയാൾ തിരികെ മറ്റൊന്നാണ് ചോദിച്ചത്
‘മക്കൾ എവിടെ?’
ഭാര്യ പറഞ്ഞു
‘ആഹാ... അപ്പോൾ നിങ്ങൾ അറിഞ്ഞില്ലേ, നിങ്ങളുടെ ബോസ് കൃത്യം 5 മണിക്ക് ഇവിടെ എത്തി മക്കളെ എക്സിബിഷൻ കാണിക്കാൻ കൊണ്ടുപോയി, പറഞ്ഞില്ലായിരുന്നോ?’
അതെ, മേലധികാരി എന്ന നിലയിൽ ഒരു മനുഷ്യൻ ചെയ്യേണ്ട ആവശ്യമില്ലാതിരുന്നിട്ടു കൂടി തന്റെ സഹപ്രവർത്തകനോടും സ്ഥാപനത്തിനോടുമുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം ആ മേലധികാരി യുവാവിന്റെ കുട്ടികളെ 5 മണിക്കു തന്നെ എക്സിബിഷൻ കാണിക്കാൻ കൊണ്ടുപോയി. ഒരച്ഛൻ മക്കൾക്കു നൽകിയ വാഗ്ദാനം പാലിക്കപ്പെടാതിരിക്കാൻ പാടില്ല, അവരെ നിരാശരാക്കുവാൻ പാടില്ല. അതായിരുന്നു ആ മേലധികാരിയുടെ മനസ്സിൽ നിറഞ്ഞു വന്നത്. അദ്ദേഹത്തിന് എന്നും ചെയ്യേണ്ട കാര്യമല്ല അത്. എന്നാൽ പ്രത്യേകമായ ഒരു സാഹചര്യത്തിൽ ചെയ്തുവെന്നു മാത്രം. അതിലൂടെ ഒരു സഹപ്രവർത്തകന്റെ സ്നേഹവും, കൃതജ്ഞതയും, വിധേയത്വവും, കടപ്പാടും എല്ലാം അദ്ദേഹം നേടുകയായിരുന്നു.
പിൽക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായിത്തീർന്ന ഡോ. പി.ജെ അബ്ദുൾ കലാം എന്ന മനുഷ്യസ്നേഹിയായിരുന്നു ആ മേലധികാരി. സ്നേഹവും സേവനവും പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഒരവസരവും നാം നഷ്ടപ്പെടുത്തിക്കൂടായെന്നും അതിൽക്കൂടിയാണ് സൗഹൃദം വളരുന്നതും ശക്തിപ്പെടുന്നതും എന്ന് നന്നായി അറിയാവുന്ന ഇന്ത്യയുടെ അഗ്നിപുത്രൻ.