കാ­ലിൽ തട്ടുന്ന­ കല്ല് ചവി­ട്ടു­പടി­യാ­ക്കു­ക


ശ്രീരാമകൃഷ്ണ പരമഹംസർ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരോട് കഥ പറഞ്ഞുതുടങ്ങി. ഒരു രാജ്യത്ത് ശുഭാപ്തി വിശ്വാസമുള്ള ഒരു രാജാവും മന്ത്രിയുമുണ്ടായിരുന്നു. എന്തു സംഭവിച്ചാലും നല്ലതിനാണെന്ന് അവർ വിശ്വസിച്ചു. ഒരു നാൾ രാജാവു മരിച്ചു. യുവരാജാവായ മകൻ‍ ഭരണം ഏറ്റെടുത്തു. യുവരാജാവ് എല്ലാക്കാര്യങ്ങളിലും ശുഭചിന്തയുള്ള ആളല്ലായിരുന്നു. ആപത്തുകൾ സംഭവിക്കുന്നത് ദൗർ‍ഭാഗ്യം കൊണ്ടാണെന്നേ അയാൾ വിശ്വസിച്ചുള്ളൂ. ഒരു ദിവസം പുതിയ രാജാവും മന്ത്രിയും കൂടി നായാട്ടിനു പോവുകയും രാജാവിന് മുറിവുപറ്റുകയും ചെയ്തു. ഇക്കാര്യം രാജാവ് മന്ത്രിയോട് സൂചിപ്പിച്ചപ്പോൾ മുറിവു പറ്റിയത് നല്ലതിനാണെന്ന് മന്ത്രി പറഞ്ഞു. തനിക്കു മുറിവുപറ്റിയതു നല്ലതിനാണെന്നു പറഞ്ഞ മന്ത്രിയെ രാജാവ് ജയിലിലടച്ചു. പിന്നീട് രാജാവ് തനിയെ നായാട്ടിനു പോയി. ഉൾ‍ക്കാട്ടിൽ ഒരു കൂട്ടം വനവാസികളുടെ കൈയിലകപ്പെട്ടു. അവർ രാജാവിനെ അമാവാസി ദിവസം വനദേവതക്കു ബലി കൊടുക്കുവാൻ‍ തീരുമാനിച്ചു. അമാവാസി ദിവസം കുളിപ്പിച്ച് ചുവന്ന  പട്ടുടുപ്പിച്ചു കൊണ്ടുവന്നു ബലിപീഠത്തിലിരുത്തുന്പോൾ പൂജാരി രാജാവിന്‍റെ ശരീരത്തിൽ മുറിവു പറ്റിയിട്ടുള്ളത് കണ്ടു. മുറിവു സംഭവിച്ചയാളിനെ ബലി കൊടുക്കുവാൻ‍ സാധിക്കുകയില്ലെന്ന് പറഞ്ഞ് രാജാവിനെ ഒഴിവാക്കി വിട്ടയച്ചു. രാജാവ് തിരികെ രാജ്യത്ത് എത്തി തനിക്ക് മുറിവുപറ്റിയതു നല്ലതിനാണ് എന്നു പറഞ്ഞ മന്ത്രിയുടെ വാക്കുകൾ ശരിയായി സംഭവിച്ചതിനാൽ മന്ത്രിയെ ജയിൽ‍വിമുക്തനാക്കി. അതിനുശേഷം രാജാവ് ചോദിച്ചു, ‘എനിക്ക് മുറിവു പറ്റിയതുകൊണ്ട് എന്‍റെ ജീവൻ‍ രക്ഷപ്പെട്ടു എന്നതു ശരിയാണ്. പക്ഷെ ഇത്രയും ദിവസം ജയിലിലായതിനാൽ എന്തു നല്ല കാര്യമാണ് അങ്ങേക്കു സംഭവിച്ചത്? 

മന്ത്രി പറഞ്ഞു, “ഞാൻ ജയിലിൽ അല്ലായിരുന്നുവെങ്കിൽ അങ്ങയോടൊപ്പം നായാട്ടിനു വരികയും നമ്മൾ രണ്ടാളെയും അവർ പിടികൂടുകയും ചെയ്യും. അങ്ങയുടെ ശരീരത്തിൽ മുറിവു കണ്ട് അങ്ങയെ വിട്ടയക്കും. എന്നെ ബലി കൊടുക്കുകയും ചെയ്യും. എല്ലാം ദൈവം നല്ലതായി ഭവിപ്പിച്ചു.”

എല്ലാ കർ‍മ്മങ്ങളെയും പോസിറ്റീവ് ആയി കാണുന്പോൾ അവയെല്ലാം വിജയത്തിന്‍റെ ചവിട്ടുപടികളായി മാറും. നമ്മുടെ കാലിൽ തട്ടിയ ഒരു കല്ലിനെ പഴിച്ചുകൊണ്ടു ദു:ശകുനമായി കാണുവാനോ അതിനെ എടുത്ത് ചവിട്ടുപടിയായി ഉപയോഗിക്കുവാനോ നമുക്കു കഴിയും. എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നാം മാത്രമാണ്.

You might also like

Most Viewed