കടലും കടൽത്തുള്ളിയും
ജ്ഞാനിയായ സൂഫി സന്യാസി ജലാലുദ്ദീൻ റൂമി കടൽത്തീരത്ത് തിരമാലകളെ നോക്കി ധ്യാനനിമഗ്നനായിരിക്കുന്ന സമയം. ആത്മീയ അന്വേഷിയായ ഒരാൾ അടുത്തെത്തി വണങ്ങികൊണ്ട് തന്‍റെ സംശയം ഉണർത്തിച്ചു.
അഹങ്കാരവും അഭിമാനവും തമ്മിലുള്ള വ്യത്യാസം എന്താണ്?
അദ്ദേഹം പറഞ്ഞു,
‘ദാ ആ കടലിനെ നോക്കൂ.. അതിലെ ഒരു തുള്ളി ജലം തനിക്ക് സ്വന്തമായി അസ്തിത്ത്വമുണ്ടെന്ന് ധരിക്കുകയും, കടലെന്ന മഹാപ്രഭാവത്തെയും തന്‍റെ ഉല്പത്തിയെയും കാണാതെ പോവുകയും കടലിനോടുള്ള ആശ്രയത്തെ നിഷേധിക്കുകയും ചെയ്താൽ അതിനെ ‘അഹങ്കാരം’ എന്നു വിളിക്കാം.
കടലിൽ നിന്ന് വേർപ്പെടുത്തിയാലും സ്വയം അസ്തിത്ത്വമുള്ളവനാണ് താൻ എന്ന തുള്ളിയുടെ ബോധമാണ് ‘അഹംബോധം’. കടലാണ് താൻ എന്ന വിചാരത്തിൽ ഔന്നത്യം നടിക്കലാണ് ‘അഹന്ത’. എന്നാൽ ഞാൻ കടലിലെ ഒരു തുള്ളി മാത്രമാണ് എന്നും കടൽ ഇല്ലാതെ തനിക്ക് അസ്തിത്വമില്ലെന്നുമുള്ള തിരിച്ചറിവോടെ നിറവിലും തൃപ്തിയിലും ഉല്ലാസത്തോടെ നീന്തിത്തുടിക്കുന്നതാണ് ‘അഭിമാനം’.
മനുഷ്യജീവൻ ദൈവത്തിൽ നിന്നും വേർപെട്ട ഊർജ്ജ കണമാണ്. എന്നാൽ അതുകൊണ്ടു തന്നെ താൻ തന്നെയാണു ദൈവമെന്നോ ദൈവം ഇല്ലായെന്നോ വിചാരിച്ച് അഹങ്കരിക്കാൻ പാടില്ല.