വി­ലയി­ടാ­നാ­വാ­ത്ത അദൃ­ശ്യപാ­ശം


അക്ബർ‍ ചക്രവർ‍ത്തി ഒരു ദിവസം തെരുവിലൂടെ വേഷപ്രച്ഛനായി നടക്കുന്പോൾ‍ ഒരു പരദേശിയുടെ പ്രസംഗം കേട്ടു. 

ഈ ഭൂമുഖത്ത് വിലയില്ലാത്തതായി ഒന്നുമില്ല. ഏറ്റവും അമൂല്യമായത് മനുഷ്യൻ തന്നെയാണ്. അതിനാൽ‍ ഓരോരുത്തരും സ്വന്തം വിലയറിയണം. അതിനനുസരിച്ച് പ്രവർ‍ത്തിക്കുകയും ജീവിക്കുകയും വേണം. എങ്കിലേ സമൂഹത്തിൽ‍ ഐശ്വര്യമുണ്ടാകൂ. 

ചക്രവർ‍ത്തി ചിന്തയിലാണ്ടു. അങ്ങനെയെങ്കിൽ‍ തനിക്കും ഒരു വിലയുണ്ടാകും. ബീർ‍ബലിനെ വിളിച്ചു ചോദിച്ചു.

ബീർ‍ബൽ‍..., ചക്രവർ‍ത്തിയായ എന്‍റെ മൂല്യം എത്ര? അതെങ്ങിനെ കണ്ടുപിടിക്കും. ബീർ‍ബൽ‍ കുഴങ്ങി. അദ്ദേഹം തലപുകഞ്ഞാലോചിച്ച ശേഷം പറഞ്ഞു. 

‘പ്രഭോ അതു കണ്ടുപിടിക്കാൻ എനിക്ക് കുറച്ച് സ്വർ‍ണ്ണ പണിക്കാരെ വേണം’. ചക്രവർ‍ത്തി അതിനുള്ള ഏർ‍പ്പാടാക്കി. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം സ്വർ‍ണ്ണ പണിക്കാരനും ബീർ‍ബലും കൂടി രാജസദസ്സിലെത്തി. അവരുടെ കൈവശം അമൂല്യമായ വസ്തുക്കളും രത്നങ്ങളും പതിച്ച ഒരു മാലയുണ്ടായിരുന്നു. സ്വർ‍ണ്ണപ്പണിക്കാരുടെ നേതാവ് മാലയുടെ കണ്ണികൾ‍ ഓരോന്നായി അഴിച്ചെത്ത് തുലാസിലിട്ട് തൂക്കാൻ തുടങ്ങി. അവസാനം മാല പൂർ‍ണ്ണമായും അഴിച്ചു തീർ‍ന്നപ്പോൾ‍ കണ്ണികൾ‍ കൂട്ടിയോജിപ്പിച്ചിരുന്ന പട്ടുനൂൽ‍ മാത്രം ബാക്കിയായി. അത് എല്ലാവരും കാൺ‍കെ തിരുമേനിക്ക് സമർ‍പ്പിച്ചിട്ട് മുഖ്യൻ പറഞ്ഞു. 

‘മഹാപ്രഭോ ഇതാണ് അങ്ങയുടെ യഥാർ‍ത്ഥ മൂല്യം’.

ഇതുകേട്ട് ചക്രവർ‍ത്തിക്ക് അരിശവും അതിശയവും ഒരുമിച്ചു വന്നു. 

‘എന്ത്....? ഹിന്ദുസ്ഥാനിലെ ചക്രവർ‍ത്തിയുടെ വില വെറും ഒരു നൂലിന്‍റെതാണോ’? 

‘അതെ തിരുമേനി വില കൂടിയ ഈ മാലയിലെ സ്വർ‍ണ്ണവും രത്നവും പവിഴവുമെല്ലാം ഇവിടുത്തെ പ്രഭുക്കളെയും കവികളെയും, കലാകാരന്‍മാരെയും പ്രതിനിധീകരിക്കുന്നു. പക്ഷേ അമൂല്യങ്ങളായ ഈ രത്നങ്ങളെയും മറ്റ് അനേകം ചെറു രത്നങ്ങളേയും ഒന്നിച്ചു നിർ‍ത്തുന്നതും അവയെ താന്താക്കളുടെ സ്ഥാനങ്ങളിൽ‍ തെറ്റാതെ ഇരുത്തുന്നതും ആരും വെളിയിൽ‍ കാണാത്ത ഈ പട്ടുനൂലാണ്. ബാഹ്യമായി ദർ‍ശിക്കുന്ന ഐക്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ശക്തിയുടെയും പിന്നിലുള്ളതും ഈ അദൃശ്യ പാശം തന്നെ. അതില്ലായിരുന്നുവെങ്കിൽ‍ അവയൊക്കെ ചിന്നിച്ചിതറി എവിടെയൊക്കെയോ വീണ് കിടന്നേനെ. അതിനാലാണ് അങ്ങയുടെ മൂല്യം ഈ നൂലിനെപ്പോലെ അമൂല്യമാണെന്ന് പറയുന്നത്’.  

കേവലം ഒരു ചക്രവർ‍ത്തിയായ തന്‍റെ മൂല്യം ഇങ്ങനെയെങ്കിൽ‍ ഈ പ്രപഞ്ചത്തിലെ സകലതിനേയും കോർ‍ത്തിണക്കി ഓരോന്നിനും അതിന്‍റേതായതുലനാവസ്ഥ നൽകിയിരിക്കുന്ന അദൃശ്യ പാശമല്ലേ പ്രപഞ്ച ചക്രവർ‍ത്തി, അതല്ലേ ഈശ്വരൻ.

You might also like

Most Viewed