തപസ്് തേ­ടി­ അലഞ്ഞു­ തി­രി­യേ­ണ്ട


ഭഗവാൻ രമണ മഹർ‍ഷി ജീവിതത്തിലുടനീളം സരളതയും സൗമ്യതയും പുലർ‍ത്തിയിരുന്ന കരുണയുടെ മൂർ‍ത്തീ ഭാവമായിരുന്നു. ഉന്നത വിദ്യാഭ്യാസ കാലത്ത് സ്‌പെഷ്യൽ ക്ലാസ്സുകൾ ഉണ്ടെന്നു പറഞ്ഞ് അഞ്ചു രൂപയുമെടുത്ത് ആത്മീയ വഴിയിലേക്കിറങ്ങിത്തിരിച്ച അദ്ദേഹത്തിന്റെ ലക്ഷ്യം അരുണാചലം ക്ഷേത്രമായിരുന്നു. ക്ഷേത്രത്തിലെ ആയിരം കൽമണ്ധപത്തിന് താഴെയുള്ള പാതാള ഗുഹയിൽ കുളിയും നനയും ആഹാരവുമില്ലാതെ നീണ്ട തപസ്സ് ഒരു വർ‍ഷത്തോളം തുടർ‍ന്നു. ശരീരം ബോധമറ്റ് സമാധിസ്ഥനായ അദ്ദേഹത്തിന്റെ ശരീരം ക്രിമികീടങ്ങൾ ആഹാരമാക്കി തുടങ്ങി. ശരീരം കെട്ടുപോകാതിരുന്നത് പളനി സ്വാമി എന്ന നല്ല മനുഷ്യന്റെ ശുശ്രൂഷയൊന്നുകൊണ്ടു മാത്രം. ധ്യാനബുദ്ധ പൈതൃകത്തിലെ പ്രകാശ നക്ഷത്രമായി മാറിയ അദ്ദേഹം തന്റെ മാതാവ് സമാധിയായ സ്ഥലത്തേക്ക് സ്ഥിരതാമസം തുടങ്ങി. ധാരാളം ആളുകൾ ആശ്വാസം തേടിയെത്തി. ആശ്രമത്തിൽ ധാരാളം ആളുകൾ അന്തേവാസികളായി മാറി. ആശ്രമ അന്തേവാസികളിലധികവും സമാധാനം കിട്ടാൻ‍, മോക്ഷം കിട്ടാൻ‍, പുണ്യം കിട്ടാൻ, സന്തോഷം കിട്ടാൻ‍, എന്നൊക്കെ പലവിധ കാര്യങ്ങളിൽ കുടുങ്ങിയ സാധുക്കളായിരുന്നു. അവരെ ശരിയായ ആത്മീയ വഴിയിലേക്ക് നയിക്കുവാൻ‍, ഉപദേശങ്ങൾ‍ക്കപ്പുറം പ്രായോഗിക കർ‍മ്മങ്ങളിലൂടെ മഹർഷി കിട്ടുന്ന എല്ലാ സന്ദർ‍ഭങ്ങളും ഉപയോഗിച്ചു. 

മഹർ‍ഷിയുടെ കാലുഴിച്ചിൽ പുണ്യം ലഭിക്കാനുള്ള നല്ലൊരുപാധിയായി കണ്ട അന്തേവാസികൾ‍ ഒരവസരം കിട്ടുവാൻ തിക്കും തിരക്കും കൂട്ടുമായിരുന്നു. ഒരവസരത്തിൽ‍ തിരക്കുപിടിച്ചുഴിഞ്ഞു കൊണ്ടിരുന്ന ഭക്തരോട് ഇത്തിരി മാറി നിൽ‍ക്കണമെന്നാവശ്യപ്പെട്ട മഹർ‍ഷി ഇങ്ങനെ പറഞ്ഞു. ‘ഇനി കുറച്ചു നേരം ഞാനൊന്നുഴിഞ്ഞു നോക്കട്ടെ ഇത്തിരി പുണ്യം എനിക്കും ആവശ്യമാണല്ലൊ’

ഒരിക്കൽ‍ അടുക്കളയിൽ വെപ്പുകാർ തമ്മിൽ ബഹളം, ഒരുത്തൻ‍ ചട്ടുകവുമെടുത്ത് അട്ടഹസിക്കുന്നു. ‘നാൻ യാർ‍ തെരിയുമോ’? മറ്റവനും വിട്ടുകൊടുത്തില്ല. 

‘നാൻ യാരെന്നു ഉനക്കുത്തെരിയുമോ’? 

ബഹളം അൽപമൊന്നടങ്ങിയപ്പോൾ മഹർ‍ഷി അവരെ വിളിച്ചു പറഞ്ഞു. 

നിങ്ങൾ രണ്ടുപേർക്കും അറിയേണ്ടത് ഞാനാരണെന്നല്ലേ? എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അതുതന്നെയാണ്. അത് അറിയാനാണ് ഇവിടെ എല്ലാവരും വരുന്നത്. എന്നാൽ അവനവന് മാത്രമേ ഞാൻ ആര് എന്നറിയാൻ കഴിയൂ. മറ്റാർ‍ക്കുമാവില്ല. മാത്രമല്ല ഒച്ചയിട്ടാൽ‍ അതറിയാനുമാവില്ല. നിശബ്ദമായി അവനവന്റെ ഉള്ളിലേക്കിറങ്ങി അന്വേഷിച്ചാലേ ഞാനാരാണെന്ന് അറിയാനാകൂ. ഞാൻ ഞാൻ എന്നത് എവിടെ നിന്ന് പുറപ്പെടുന്നുവോ അതിനെ ശ്രദ്ധിച്ചാൽ മനസ്സ് അവിടെ ലീനമാകും അതാണ് തപസ്സ്. 

താൻ ആരാണ്, എന്താണ് തന്നിലെ പ്രവർ‍ത്തികളെ നിയന്ത്രിക്കുന്ന ഊർജ്ജം അഥവാ ജീവൻ എവിടെ നിന്നും വന്നു, ആ ജീവനും പ്രകൃതിയും തമ്മിലുള്ള ബന്ധമെന്ത്, ജീവന്റെ പുണ്യ പാവ സ്വഭാവങ്ങളെന്ത്, കർ‍മ്മ ദോഷങ്ങളെന്ത്, സർ‍വ്വോപരി സ്വന്തം ജീവനും ദൈവവുമായുള്ള ബന്ധമെന്ത്, ഈശ്വരാംശമായ നമ്മുടെ ജീവൻ എങ്ങനെ അവിടെ തിരിച്ചെത്തും. ആത്മജ്ഞാനിയായ ഒരു വ്യക്തിക്ക് മാത്രമേ ഈ വക കാര്യങ്ങൾ‍ക്കുള്ള ഉത്തരം കണ്ടെത്താനാവൂ. ജ്ഞാന സിദ്ധിയിലേയ്ക്കുള്ള ഒരു മാർ‍ഗ്ഗമാണ് തപസ്സ്, അത് സ്വയം ചെയ്‌തെടുക്കേണ്ട ആത്മവിദ്യയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed