ഈശ്വരന്‍റെ­ പ്രകൃ­തം


അക്ബർ ചക്രവർത്തിയുടെ സംവാദത്തിന് അരങ്ങ് ഒരുങ്ങി കഴിഞ്ഞു. പുതു വസ്ത്രങ്ങളിഞ്ഞ ചക്രവർത്തി സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചു. സദസ്സിലേക്ക് ഏതു പണ്ധിതനും കടന്നു വരാം.  ചോദ്യങ്ങൾ‍ക്ക് ഉത്തരങ്ങൾ നൽകി സമ്മാനങ്ങളും സ്ഥാനമാനങ്ങളും നേടാം. സദസ്സിലേക്ക് ഒരു ബുദ്ധ ഭിക്ഷു അതിഥിയായി കടന്നു വന്നു. 

ചക്രവർത്തി അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു. 

ഒന്ന,്  പ്രപഞ്ചത്തിൽ ഈശ്വരൻ എവിടെ സ്ഥിതി ചെയ്യുന്നു?

രണ്ട്,  ഈശ്വരൻ ഏതു വശത്തേക്കു നോക്കുന്നു?

മൂന്ന്,  ഈശ്വരൻ എന്തു ഭക്ഷിക്കുന്നു?

നാല്,  ഈശ്വരൻ എന്തു ചെയ്യുന്നു?

അഞ്ച്, ഈശ്വരൻ നൽകുന്ന ഏറ്റവും വലിയ ആനന്ദം എന്താണ്?

സന്യാസി പറഞ്ഞു, ഉത്തരങ്ങൾ നൽകുന്നയാൾ ഗുരുവും ചോദ്യങ്ങൾ ചോദിക്കുന്നയാൾ ശിഷ്യനും എന്ന നിയമത്തിന്‍റെ മാന്യത ചക്രവർത്തി  പാലിക്കുന്നുവെങ്കിൽ, എനിക്ക്  ഈ ഉത്തരങ്ങൾ നൽകുവാനുള്ള  എല്ലാവിധ  സൗകര്യങ്ങളും ഒരുക്കി തരാം എന്നു വാഗ്ദാനം നൽകുമെങ്കിൽ  ഇതിന് ഞാൻ പ്രായോഗികമായ ഉത്തരങ്ങൾ നൽകാം. തീർച്ചയായും ഗുരുവിന് നൽകുന്ന മാന്യതയോടെ അങ്ങേയ്ക്ക്  സൗകര്യങ്ങൾ ചെയ്തു തരാം. ചക്രവർത്തി പുനഃരാലോചിക്കാതെ വാക്കു നൽകി. കറവയുള്ള
ഒരു പശുവിനെ കൊണ്ടു വരിക എന്നതായിരുന്ന സന്യാസിയുടെ ആദ്യ ആവശ്യം.  നിമിഷങ്ങൾക്കുള്ളിൽ  പശുവിനെ ഹാജരാക്കി. സന്യാസി പറഞ്ഞു, ഈ പശുവിന്‍ പാൽ എവിടെയിരിക്കുന്നു?. 

 

പശുവിന്‍റെ അകിടിലാണ് പലുള്ളത് എന്ന ചക്രവർത്തിയുടെ ഉത്തരം  ഖണ്ധിച്ചുകൊണ്ട് സന്യാസി പറഞ്ഞു, അകിടിൽ മാത്രമല്ല പാൽ പശുവിൽ  മുഴുവൻ  വ്യാപിച്ചു നിൽക്കുന്നു. സന്യാസി ഒരു മറു ചോദ്യം ചോദിച്ചു. പാലിൽ വെണ്ണയുണ്ടോ?  അതെവിടെയാണിരിക്കുന്നത്?  മൗനമായ സദസ്സിൽ വീണ്ടും സന്യാസിയുടെ സ്വരം. പാലിൽ‍ വെണ്ണ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. പശുവിന്‍റെ പാലു എല്ലായിടത്തുമുണ്ട്. പക്ഷേ അതു ലഭിക്കണമെങ്കിൽ  പശുവിനെ കറക്കണം. ഈശ്വരനെ ലഭിക്കണമെങ്കിൽ ഹൃദയത്തെ കറക്കണം.  മനസ്സിനെ കടയണം.

ഉത്തരം ഖണ്ധിക്കാൻ ആർക്കും കഴിയാതെ വന്നപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം. ഈശ്വരൻ ഏതു വശത്തേക്കു നോക്കിയിരിക്കുന്നു?

സന്യാസിയുടെ നിർദ്ദേശ പ്രകാരം  ഒരു കത്തിച്ച നിലവിളക്ക് സദസ്സിലേക്ക് കൊണ്ടു വന്നു. ആ ദീപം എങ്ങോട്ടേക്കാണു നോക്കുന്നത്.  ഏതെങ്കിലും ഒരു ദിക്കിലേക്കാണെന്ന് ആർക്കെങ്കിലും പറയുവാൻ കഴിയുമോ?  ഈ വിളക്കു പോലെ ഈശ്വരൻ ഹൃദയത്തിൽ കത്തികൊണ്ടിരിക്കുന്ന ദീപമാണ്. എല്ലാ വശത്തേക്കും നോക്കുന്ന ദീപം.  മനസ്സു മൂടി മറയിടാതിരുന്നാൽ  അതിന്‍റെ പ്രകാശം കിട്ടും.  

ചക്രവർത്തി തമാശപോലെ അടുത്ത ചോദ്യം ചോദിച്ചു. ഈശ്വരന്‍റെ ആഹാരമെന്താണ്?. സന്യാസി പറഞ്ഞു, ഈശ്വരൻ എല്ലാം ഭക്ഷിക്കുന്നു.  എന്നാൽ ഒന്നും ഭക്ഷിക്കുന്നില്ല.  അൽപം കൂടി വ്യക്തമാക്കണമെന്ന് ചക്രവർ‍ത്തി പറഞ്ഞ ആവശ്യത്തിനു മുന്നിൽ സന്യാസി പറഞ്ഞു. മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം ആഹാരം കഴിക്കുന്നു. അവയൊക്കെ ചത്തു പോകുകയും ചെയ്യുന്നു. പക്ഷേ ഈ ജീവജാലങ്ങൾക്കൊക്കെ ആഹാരം നൽകുന്ന പ്രകൃതി  ഒന്നും ഭക്ഷിക്കുന്നില്ല. എന്നാൽ ഭക്ഷിക്കുന്നവരെല്ലാം ഈ പ്രകൃതിയിലാണ്  ലയിച്ചു ചേരുന്നത്. അപ്പോൾ പ്രകൃതിക്കും നാഥനായിരിക്കുന്ന ഈശ്വരൻ  എന്തെങ്കിലും ഭക്ഷിക്കുന്നുണ്ടോ?  ഈശ്വരൻ ഒന്നും ഭക്ഷിക്കുന്നില്ല. എന്നാൽ എല്ലാം ഭക്ഷിക്കുന്നു. 

തുടർന്ന് നാലാമത്തെ ചോദ്യം, ഈശ്വരൻ എന്തു ചെയ്യുന്നു?. ഒറ്റ ദിവസത്തേക്ക് രാജ്യാധികാരം തനിക്കു നൽകിയാൽ മാത്രമേ അതിന് ഉത്തരം നൽകുവാൻ കഴിയു എന്ന്  സന്യാസി പറഞ്ഞപ്പോൾ  രാജാവ്  സമ്മതിച്ചു.  രാജ്യാധികാരം സന്യാസിക്കു കൈമാറി  അദ്ദേഹത്തെ സിംഹാസനത്തിലിരുത്തി. ഭടന്മാരോടായി സന്യാസി പറഞ്ഞു. രാജാവിനെ പിടിച്ചു കെട്ടുക, മന്ത്രിയിരിക്കുന്ന സ്ഥാനത്ത് ഭടനെയും ഭടന്‍റെ സ്ഥാനത്ത് സൈന്യാധിപനെയും  സൈന്യാധിപന്‍റെ സ്ഥാനത്ത്  ശിപായിയെയും ഇരുത്തുക. രാജകൽപ്പനയാണ് അനുസരിക്കാതെ കഴിയില്ല. എല്ലാം  അപ്രകാരം തന്നെ ചെയ്തു.  എല്ലാം  ചെയ്തു കഴിഞ്ഞപ്പോൾ  സന്യാസി പറഞ്ഞു, മഹാരാജൻ‍ ഇതുപോലെ  എപ്പോഴും ഈശ്വരൻ എല്ലാറ്റിനെയും  ചലിപ്പിച്ചുകൊണ്ടിരിക്കുന്നു.  ഈ പ്രപഞ്ചത്തിന്‍റെ മഹാചലനമാണ് ഈശ്വരൻ.  കർമ്മ നിയമത്തിനധീതമായി എല്ലാത്തിനേയും എപ്പോഴും  മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. രാജാവിനെ മുക്തനാക്കുവാനും എല്ലാം പഴയപടിയാക്കുവാനും സന്യാസി കൽപ്പിച്ചു. എല്ലാം പഴയപടിപോലെയായപ്പോൾ സന്യാസി പറഞ്ഞു.
         

ഒരു അടിമയായി എന്‍റെ മുന്നിൽ  നിന്നപ്പോൾ അങ്ങനുഭവിച്ച വേദന  അതിൽ നിന്ന് മോചിതനായപ്പോൾ  അങ്ങേയ്ക്കു ലഭിച്ച ആനന്ദം നമ്മൾ ജീവിതത്തിന്‍റെ അടിമകളാണ്.  ഈ ജീവിതത്തിലെ  ചെറിയൊരു മോചനം  അങ്ങേയ്ക്കു ഇത്ര സന്തോഷം  നൽകിയെങ്കിൽ  ജീവിതത്തിൽ  നിന്നുള്ള  മോചനം എത്ര ആനന്ദമായിരി
ക്കും നൽകുന്നത്.  ആ ആനന്ദം ജീവിച്ചിരിക്കുന്പോൾ  തന്നെ  നേടുന്നതാണ് മഹാരാജൻ ഈശ്വരിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആനന്ദം. 

You might also like

Most Viewed