പുറത്തുള്ളതിനെക്കാൾ വലിയ സത്യം അകത്തുള്ളതാണ്
ഏകപുത്രൻ മരിച്ചുപോയ ദുഃഖഭാരം താങ്ങാനാവാതെ ഒരു പിതാവ് ഭഗവാൻ രമണമഹർഷിയെ കണ്ട് തന്‍റെ സങ്കടം അറിയിച്ച് തേങ്ങിക്കൊണ്ടിരുന്നു. മഹർഷി ആ പിതാവിനെ പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ദുഃഖത്തിന് ഒരു കുറവും കാണാതായപ്പോൾ ഭഗവാൻ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞു.
ഒരിടത്ത് രണ്ടു ചങ്ങാതിമാർ ഉണ്ടായിരുന്നു. അവർ തങ്ങളുടെ അച്ഛനമ്മമാരുടെ അനുവാദത്തോടെ വിദേശത്ത് വ്യാപാരത്തിനു പോയി. വിദേശത്ത് വ്യാപാരം തുടങ്ങിയ അവർ നല്ല നിലയിൽ ഉയർച്ചയിലെത്തി. എന്നാൽ അധികകാലം കഴിയും മുന്‍പേ അവരിലൊരാൾ രോഗബാധിതനായി മരണമടഞ്ഞു. അവരുടെ നാട്ടുകാരനായ ഒരു വ്യാപാരി അവിടെയെത്തുകയും ജീവിച്ചിരിക്കുന്ന സുഹൃത്തിനെ പരിചയപ്പെടുകയും ചെയ്തു. അതുവരെയുള്ള സംഭവങ്ങളെല്ലാം വിവരിച്ചിട്ട് തന്‍റെ ചങ്ങാതി മരണപ്പെട്ട വിവരവും ഖേദപൂർവ്വം വ്യാപാരിയോടു പറഞ്ഞു, കൂടാതെ നാട്ടിലെത്തിയാൽ തന്‍റെ മാതാപിതാക്കളെ കണ്ട് താനിവിടെ നല്ല നിലയിൽ ജീവിക്കുന്നുവെന്നും, സുഹൃത്തിന്‍റെ വീട്ടിലെത്തി അവൻ മരണപ്പെട്ടുപോയി എന്ന വിവരവും അറിയിക്കണമെന്ന് അപേക്ഷിച്ചു.
വ്യാപാരി നാട്ടിൽ വന്ന് പറഞ്ഞതുപോലെ തന്നെ ചെയ്തു. പക്ഷേ അയാൾക്കൊരബദ്ധം പറ്റി. ജീവിച്ചിരിക്കുന്ന യുവാവിന്‍റെ മാതാപിതാക്കളോട് അവൻ മരിച്ചുപോയെന്നും, മരണപ്പെട്ട യുവാവിന്‍റെ മാതാപിതാക്കളോട് അയാൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നുമാണ് അറിയിച്ചത്. അതറിഞ്ഞ് ജീവിച്ചിരിക്കുന്നയാളുടെ മാതാപിതാക്കൾ തീവ്രദുഃഖത്തിലാവുകയും മരിച്ചയാളുടെ മാതാപിതാക്കൾ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
ഈ കഥ പറഞ്ഞതിനുശേഷം ഭഗവാൻ രമണമഹർഷി പിതാവിനോടു പറഞ്ഞു “സന്തോഷവും ദുഃഖവും സൃഷ്ടിക്കപ്പെടുത് മനസ്സാണ്. ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിലെ ഉള്ളതായി സങ്കൽപിക്കാനും മനസ്സിനു കഴിയും. അതുകൊണ്ട് മനസ്സിനെ അവഗണിച്ചു ഹൃദയത്തെ ആശ്രയിക്കുക. ഹൃദയത്തിലേക്കു കടന്നുചെന്നാൽ നിങ്ങളുടെ
മകൻ അവിടെ അമരനായി ജീവിക്കുന്നത് കാണാം. പുറത്തുള്ളതിനേക്കാൾ വലിയ സത്യമാണ് അകത്തുള്ളതെന്നു മനസ്സിലാകുന്പോൾ ഈ ദുഃഖമെല്ലാം മാറും”. പിതാവ് ആശ്വസത്തോടെ എഴുന്നേറ്റ് മഹർഷിയെ നമസ്ക്കരിച്ചശേഷം സ്വഗൃഹത്തിലേക്ക് മടങ്ങി.