കുടുംബ ബന്ധങ്ങൾ എങ്ങനെ ഉദാത്തമാക്കാം
ബൈബിളിലെ ഒരു പ്രതിപാദ്യം... ദുഷ്ടമനുഷ്യരുടെ ഉപദേശം കേട്ട് അബ്ശലോം രാജകുമാരൻ തന്‍റെ പിതാവായ ദാവീദു രാജാവിനെതിരെ പടയൊരുക്കം നടത്തി. ശക്തനായ ദാവീദുരാജാവിനെ കൊലപ്പെടുത്തി രാജ്യം പിടിച്ചെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നറിയാവുന്ന അബ്ശലോം ഇസ്രയേലിലെ രാജാവുമായി കൂട്ടുചേർന്നു. അബ്ശലോമിന്‍റെ സൈന്യവും ദാവീദുരാജാവിന്‍റെ സൈന്യവും ഘോരമായ യുദ്ധത്തിലേർപ്പെട്ടു. അവസാനം അബ്ശലോം യുദ്ധത്തിൽ തോറ്റു. മാത്രമല്ല കരുവേലകക്കൊന്പുകളിൽ മുടി ഉടക്കി തലകീഴായി അബ്ശലോം തൂങ്ങിക്കിടന്നു. ആ കാഴ്ച കണ്ട ദാവീദുരാജാവിന്‍റെ പടയാളികൾ യുവരാജാവായ അബ്ശലോമിനെ കുത്തിക്കൊലപ്പെടുത്തി. വൈകിയാണ് ദാവീദ് രാജാവ് മകന്‍റെ മരണവാർത്തയറിഞ്ഞത്. അദ്ദേഹം ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു “എന്‍റെ മകനേ... അബ്ശലോമേ നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ...”
വൃദ്ധയായ അമ്മ മകന് ഭാരമായിത്തീർന്നു. “തള്ളയ്ക്കു വൃത്തിയില്ല, നീച സത്വം,വൃത്തികെട്ട സ്ത്രീ, ചാകുന്നുമില്ലല്ലോ” എന്നു നിരന്തരമായി ഭാര്യയിൽ നിന്നും കേൾക്കുന്ന ശാപവചനങ്ങൾ കൂടിയായപ്പോൾ മകൻ തീർപ്പെടുത്തു ‘അമ്മയെ ചാക്കിൽകെട്ടി കടലിൽക്കൊണ്ടു കളയുക.’ എല്ലാവരും സുഖനിദ്രയിലായപ്പോൾ മകൻ അമ്മയുടെ വായിൽ തുണി തിരുകി കൈകാലുകൾ കൂട്ടിക്കെട്ടി ചാക്കിനുള്ളിലാക്കി. ചാക്കുകെട്ടും ചുമന്ന് കോവണിയിറങ്ങുന്പോൾ കോണിപ്പടിയിൽ കിടന്ന ഏതോ വസ്തുവിൽ ചവുട്ടി മകൻ മുകളിൽ നിന്നും താഴേക്കു പതിച്ചു. തെറിച്ചുവീണ ചാക്കുകെട്ടിൽ നിന്നും സ്വതന്ത്രയായ അമ്മ അയ്യോ എന്‍റെ മോനെന്തുപറ്റി എന്ന് കരഞ്ഞുകൊണ്ടു മകന്‍റെയടുത്തെത്തി എഴുന്നേൽപ്പിച്ചിരുത്തിക്കൊണ്ടു പറഞ്ഞു “എന്‍റെ കുഞ്ഞിന് ഒന്നും പറ്റില്ല. എന്‍റെ പ്രാർത്ഥന പാഴായിപ്പോകത്തില്ല.”സ്വന്തംകുഞ്ഞ് എത്ര അപരാധം െചയ്താലും അച്ഛനുമമ്മയ്ക്കും അവനെ സ്നേഹിക്കാതിരിക്കാനാവില്ല.
എന്നാൽ വിദ്യകൊണ്ടും സന്പത്തുകൊണ്ടുമെല്ലാം വളരെ മുന്നിൽ നിൽക്കുന്ന കുടുംബത്തിലെ മകൻ പ്രവാസി മലയാളിയായ പിതാവിനെ കഴുത്തറുത്തു കൊണ്ടുപുഴയിൽ തള്ളിയ സംഭവം സമീപകാലത്തായി നാം മാധ്യമങ്ങളിലൂടെയറിഞ്ഞു.യഥാർത്ഥത്തിൽ ഇതേ പോലെയുള്ള കാര്യങ്ങൾ എങ്ങിനെ സംഭവിക്കുന്നു എന്ന് നമ്മൾ ഇനിയും ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ദാവീദുരാജാവിന്‍റെ മാതൃകാപരമല്ലാത്ത ജീവിതമായിരുന്നു അബ്ശലോമിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ബിസിനസ്സും ക്ലബ്ബും വിനോദപരിപാടികളും, കഴിഞ്ഞു പിതാവു വീട്ടിലെത്തുന്പോൾ കുട്ടികൾ ഉറക്കം പിടിച്ചിരിക്കും. പോക്കറ്റുമണിയും വിലകൂടിയ വസ്ത്രങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും സഞ്ചരിക്കുവാൻ മുന്തിയ കാറുമെല്ലാം മാതാപിതാക്കൾ മക്കൾക്ക് നൽകുന്നു. തങ്ങളെക്കാളുപരിയായ വലിയൊരു ഉദ്യോഗത്തിന്‍റെ ഉടമസ്ഥനോ, പണക്കാരനായ വ്യവസായിയോ, ഡോക്ടറോ, എഞ്ചിനീയറോ ആക്കി മാറ്റുവാൻ വേണ്ടി നമ്മൾ മക്കളെ വളർത്തുന്നു. അവരെ യഥാർത്ഥ മനുഷ്യനായി വളരുവാൻ നമ്മൾ ഒന്നും പകർന്ന് നൽകാതെ പോകുന്നു. സ്നേഹം, ദയ, അനുകന്പ ഇവയെല്ലാം അവർക്കന്യമാണ്. യഥാർത്ഥ ഈശ്വരവിശ്വാസം നമുക്കില്ലാത്തതിനാൽ അത് പകർന്നു കൊടുക്കുവാനും കഴിയാതെ പോകുന്നു.
കുടുംബ ബന്ധങ്ങളുടെ അസാധാരണത്വവും, അവിശ്വസിനീയവുമായ സ്ഥിതി വിശേഷണമാണ് മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത്.
എന്താണ് ഇതിനൊരു പോംവഴി? കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തി മനുഷ്യ ജീവിതം ഉദാത്തമാക്കി തീർക്കുന്നതിന് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും? ഭൗതികമായ ഘടകങ്ങളോടൊപ്പം ആത്മീയമായ വശം കൂടി ജീവിത ക്രമത്തിൽ ആവശ്യമാണ് എന്ന ബോധവും യഥാർത്ഥ ആത്മീയ മാർഗ്‍ഗം സ്വീകരിക്കാനുള്ള സൗകര്യവും സമൂഹത്തിന് ലഭ്യമാകേണ്ടിയിരിക്കുന്നു.