ജ്ഞാനത്തിലേക്കുള്ള വഴി


ജപ്പാനിലെ മെജി ഭരണകാലം അക്ഷരാഭ്യാസമില്ലാത്ത ധ്യാന ഗുരു ‘താൻ ഇൻ’ ജനങ്ങളുടെ ദുഃഖനിവാരണത്തിനായി സദാഉപദേശം നൽ‍കികൊണ്ടിരുന്നു. ഒരു ദിവസം എത്തിച്ചേർ‍ന്ന പ്രധാന അതിഥി ഒരു സർ‍വ്വകലാശാല പ്രൊഫസറായിരുന്നു. ‘താൻ‍ ഇൻ‍’ പ്രൊഫസറെ സ്നേഹപൂർ‍വ്വം സ്വീകരിച്ചു. ചായ കുടിക്കുവാൻ ക്ഷണിച്ചു. ഗുരു തന്നെയാണ് കപ്പിൽ‍ ചായ പകർ‍ന്ന് കൊടുത്തത്. കപ്പ് നിറഞ്ഞൊഴുകിയിട്ടും അദ്ദേഹം പിന്നെയും പിന്നെയും ചായ ഒഴിച്ചുകൊണ്ടേയിരുന്നു. 

കുറേനേരം പ്രൊഫസർ‍ ഇതു നോക്കികൊണ്ടിരുന്നു. അവസാനം ക്ഷമ നശിച്ച മട്ടിൽ‍ അദ്ദേഹം പറഞ്ഞു ‘ഗുരു കാണുന്നില്ലേ ആ കപ്പു നിറഞ്ഞൊഴുകുകയാണ്’ ഇനിയെത്ര ഒഴിച്ചാലും തറയിൽ‍ പോവുകയേ ഉള്ളൂ. ഒരു തുള്ളി പോലും അതിൽ‍ നിൽ‍ക്കില്ല. അതുകേട്ട് ഗുരു പതിയെ പറഞ്ഞു ‘സ്നേഹിതാ ഈ നിറഞ്ഞ കപ്പുപോലെ നിങ്ങളുടെ മനസ്സും, സ്വന്തം അഭിപ്രായങ്ങളിലും നിഗമനങ്ങളിലും നിറഞ്ഞിരിക്കയാണ്. അതിൽ‍ ധ്യാന രഹസ്യം പകർ‍ന്ന് തരാൻ‍ ഇടമില്ലല്ലൊ’ 

സ്വയം മനസ്സിലാക്കി തലതാഴ്ത്തിയിരിക്കുന്ന പ്രൊഫസറോട് ഗുരു പറഞ്ഞു. ‘ചിന്തയും വാക്കും പ്രവർ‍ത്തിയുമെല്ലാം ഒന്നായിത്തീരുന്ന അവസ്ഥ എല്ലാ ദ്വൈതങ്ങളുമകന്ന് പൂർ‍ണ്ണ ബോധത്തിന്‍റെ മഹാമൗനത്തിൽ‍ ഉണർ‍ന്നിരിക്കുന്ന അവസ്ഥ. അവിടെ എല്ലാം വളച്ചു കെട്ടില്ലാത്ത സധാരണത്ത്വം. അവിടെ അകവും പുറവുമില്ല. അതും ഇതുമില്ല, വലുപ്പച്ചെറുപ്പമില്ല, സ്വർ‍ഗ്ഗ നരകങ്ങളില്ല. അടിമുടിയറ്റ് സ്വയമറിയുന്ന തുല്യബോധമാണുള്ളത്. അതിന് താങ്കൾ‍ ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ബുദ്ധിയിലുടെയും പുസ്തകങ്ങളിലൂടെയും അവിടെ പ്രവേശിക്കാനാവില്ല. നിസ്വാർ‍ത്ഥമായ, നിഷ്കളങ്കമായ ക്യാൻ‍വാസ് ഒരുക്കിയെടുക്കുക. അവിടേയ്ക്ക് ചിത്രം തനിയേ വരയ്ക്കപ്പെടും. കവിതകൾ‍ താനേ ഒഴുകിയെത്തും. തൽ‍കാലം മടങ്ങിപോവുക’. പ്രൊഫസർ‍ കുനിഞ്ഞ ശിരസ്സോടെ എഴുന്നേറ്റ് നടന്നപ്പോൾ‍ അദ്ദേഹത്തിന് തോന്നി  തനിക്കെന്തൊരു ഭാരം.

 

You might also like

Most Viewed