ജീവിതം കൊടുത്തു ഭാരം നേടുന്നവർ
മൂന്ന് സുഹൃത്തുക്കൾ സന്പത്ത് തേടിയിറങ്ങി. വഴിയരികിൽ കണ്ട സന്യാസിയോടു സഹായം തേടി. അദ്ദേഹം ദൂരെയുളള ഒരു പർവ്വതം ചൂണ്ടിക്കാണിച്ചിട്ട് അതു കയറിച്ചെന്നാൽ നിങ്ങൾക്ക് ആവശ്യമുളള ധനം കിട്ടും എന്ന് പറഞ്ഞു. ആവേശത്തോടെ മുന്നോട്ട് നീങ്ങിയ അവരോട് അദ്ദേഹം പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു ‘ആവശ്യമുളളതേ സ്വന്തമാക്കാവൂ’. പർവ്വതം കയറി കുറേ ദൂരം ചെന്നപ്പോൾ ഒരു ഗുഹ കണ്ടു. അതിനുളളിൽ നിറയെ വെളളിനാണയങ്ങൾ.
ഒരാൾ കുറെ വെളളിനാണയങ്ങളും വാരിയെടുത്ത് തൃപ്തിയോടെ വീട്ടിലേയ്ക്ക് മടങ്ങി. എന്നാൽ മറ്റുരണ്ടുപേരും വീണ്ടും പർവ്വതം കയറാൻ തുടങ്ങി. കുറേ ദൂരം ചെന്നപ്പോൾ മറ്റൊരു ഗുഹ കണ്ടു. അതിൽ നിറയെ സ്വർണ്ണ നാണയങ്ങൾ. രണ്ടാമൻ കുറെ സ്വർണ്ണനാണയങ്ങൾ ശേഖരിച്ച് വീട്ടിലേയ്ക്ക് മടങ്ങി. മൂന്നാമൻ വീണ്ടും ഉച്ചിയിലേയ്ക്കു നടന്നു. സ്വർണ്ണത്തെക്കാളും വിലകൂടിയ രത്നങ്ങൾ അയാൾ പ്രതീക്ഷിച്ചു. ഏറെ വിവശനായി പർവ്വതത്തിന്റെ ഉച്ചിയിലെത്തി. ഭാരമേറിയ ഒരു പാറയും ചുമന്നുകൊണ്ട് ഒരാൾ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അയാൾ ചോദിച്ചു “നിങ്ങളെന്തിനാണ് ഈ പർവ്വതത്തിന്റെ മുകളിൽ വന്നത്”? “ഞാൻ നിധി തേടി വന്നതാണ്. എന്നോടൊപ്പം വന്ന എന്റെ സുഹൃത്തുക്കൾ കിട്ടിയ സ്വണ്ണനാണയവും വെളളിനാണയവുമായി മടങ്ങി. ഇവിടെ രത്നങ്ങൾ കാണുമെന്ന് ഞാൻ കരുതുന്നു. അതെവിടെയാണ്”? അയാൾ പറഞ്ഞു എനിക്ക് കാര്യം പിടികിട്ടി. ആദ്യം എന്റെ ഭാരമൊന്ന് താങ്ങൂ. ഞാൻ രഹസ്യം പറഞ്ഞു തരാം. പർവ്വതം കയറിവന്നയാൾ മറ്റേയാളുടെ ഭാരം തലയിലേയ്ക്ക് വാങ്ങി. വലിയ പാറയും താങ്ങി അയാൾ നിന്നു. മുന്‍പ് ഭാരം താങ്ങി നിന്നയാൾ ആശ്വാസത്തോടെ പറഞ്ഞു. “ഞാനും നിങ്ങളെപ്പോലെ മുന്‍പൊരിക്കൽ നിധി തേടി വന്നതാണ്. സ്വർണ്ണവും വെളളിയുമൊന്നും എന്റെ ആഗ്രഹങ്ങൾക്ക് പോരായിരുന്നു. എനിക്കും മുന്‍പ് വന്ന ഒരാൾ അന്ന് ഈ പാറയും താങ്ങി ഇവിടെ നിൽപ്പുണ്ടായിരുന്നു. എന്റെ തലയിൽ പാറ വെച്ചു തന്നശേഷം അയാൾ താഴേയ്ക്ക് പോയി. കാലങ്ങളായി ഞാനീ നിൽപ്പു നിൽക്കുന്നു. സുഹൃത്തേ ഇനി താങ്കൾ നിന്നുകൊളളൂ. അത്യാഗ്രഹം ഉരുണ്ടുകൂടിയ ഭാരമാണ് ഈ പാറ. ഇനിയൊരാൾ വരുന്നതുവരെ താങ്കൾക്ക് തുടരാം. പക്ഷേ എന്നാണോ അത്യാഗ്രഹം തീരുന്നത് അന്നേ ആൾ വരൂ” ഇത് പറഞ്ഞ് അയാൾ താഴേയ്ക്ക് നടന്നു.
ലിയോ ടോൾസ്റ്റോയിയുടെ “ആറടി മണ്ണേ വേണ്ടൂ” എന്ന പ്രശസ്തമായ കഥയിൽ അത്യാഗ്രഹിയായ ഒരു കർഷകന്റെ കാര്യമാണ് പ്രതിപാദിച്ചിരിക്കുന്നത്. കർഷകനൊരു വാഗ്ദാനം കിട്ടി. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുളള സമയത്തിനുളളിൽ ഒരാളിന് എത്രയാണോ വലം വെച്ചു വരാനാകുന്നത് അത്രയും ഭൂമി അയാൾക്ക് സ്വന്തമാക്കാം. അയാൾ വിശ്രമവും ആഹാരവുമില്ലാതെ ഓടി. ജലപാനം പോലുമില്ലാതെയുളള ഓട്ടത്തിനൊടുവിൽ അയാൾ തളർന്നുവീണ് മരിച്ചു. അത്രമാത്രം വിസ്തൃതിയിൽ ഓടിയ അയാൾക്ക് അവസാനം ലഭിച്ചത് വെറും ആറടി മണ്ണ്. അതും അയാളുടെ ശവസംസ്കാരത്തിന്.
ആധുനിക മനുഷ്യരുടെ രണ്ട് പ്രത്യേകതകളാണ് ധൃതിയും ആർത്തിയും. എല്ലാം കൈക്കലാക്കുവാനുളള ശ്രമത്തിൽ നെട്ടോട്ടമോടുന്ന അവർ പലപ്പോഴും ഒന്നും കൈമുതലാക്കാതെ നിസ്സഹായരായി മടങ്ങി വരികയോ ആപത്തുകളിൽപ്പെടുകയോ ചെയ്യുന്നു. കഠിനാധ്വാനമില്ലാതെയും കുറുക്കുവഴികളിലൂടെയും നീങ്ങി ജീവിതം തന്നെയില്ലാതാകുന്നു. മഹാഗുരുവിന്റെ ആപ്തവാക്യം ഇപ്രകാരമാണ്. “ഒരു തലമുറയ്ക്കപ്പുറം വേണ്ടത് സന്പാദിക്കരുത്. അങ്ങിനെയായാൽ അത് അവരെ മടിയന്‍മാരും ദുർമാർഗ്ഗികളുമാക്കി മാറ്റും”.