നെബോ പർവ്വതം...
എഴുപതുപേരടങ്ങുന്ന യാക്കോബിന്റെ കുടുംബം ആഹാരം തേടി പാലസ്റ്റീനിൽ നിന്നും ഈജിപ്റ്റിൽ എത്തിയത് ബി.സി 1876ലായിരുന്നു. അതിനും 22 വർഷം മുൻപ് ആയിരുന്നു യാക്കോബിന്റെ ഇളയപുത്രൻ ജോസഫിനെ ഒരു അടിമയാക്കി ഇശ്മായേല്യ കച്ചവടക്കാർ ഈജിപ്റ്റിൽ എത്തിച്ചിരിന്നു. പക്ഷേ, യാക്കോബ് ഈജിപ്റ്റിൽ എത്തുന്നതിനു മുൻപേ ആ അടിമബാലൻ അപ്പോഴത്തെ ഫറവോ സെസോസ്രിറ്റ് രണ്ടാമന്റെ ഗവർണർ ആയി ഉയർന്നു. പിന്നീട് യാക്കോബിനോട് പ്രിയം തോന്നിയ സെസോസ്രിറ്റ് രാജാവ് ഫലഭൂയിഠമായ ഗോശേൻ ദേശം ജോസഫിന്റെ സ്വാധീനത്തിൽ യാക്കോബിന്റെ മക്കൾക്ക് (യഹൂദർക്ക്) പതിച്ച് കൊടുത്തു. കാരണം യഹൂദർ പൊതുവേ ആടുമേയ്ക്കുന്ന തൊഴിൽ ചെയ്യുന്നവരായിരുന്നു.
ബിസി 1805ൽ ജോസഫ് മരിച്ചുവെങ്കിലും സംസ്ക്കാരം നടത്തിയില്ല. ഒരിയ്ക്കൽ അവർ സ്വദേശമായ യഹൂദാ നാട്ടിലേയ്ക്ക് പോകുമെന്നും അന്നു സ്വന്തം നാട്ടിൽ ഭൗതിക ശരീരം അടക്കം ചെയ്യപ്പെടണമെന്നും ആയിരുന്നുവത്രേ അദ്ദേഹത്തിന്റെ മോഹം.
കാലം കഴിഞ്ഞു. ഈജിപ്റ്റ് വാസത്തിന്റെ നീണ്ട നാനൂറ്റി മുപ്പത് വർഷം പിന്നിട്ടപ്പോഴേയ്ക്കും യാക്കോബിന്റെ മക്കൾ ഇരുപതു ലക്ഷം പേരായി വളർന്നു. (70 പേരുടെ കുടുംബം 430 കൊല്ലം കൊണ്ട് എങ്ങിനെ ഇരുപതു ലക്ഷമായി പെരുകി എന്ന് ചോദിയ്ക്കരുത്). ആമെൻഹോട്ടപ് ഫാറവോയുടെ കാലത്താണ് മോസസ് ജനിയ്ക്കുന്നത്. മുപ്പതു ലക്ഷം ഈജിപ്ഷ്യൻസിന്റെ ഇടയിൽ ഇരുപതു ലക്ഷം യഹൂദന്മാർ എന്ന അനുപാതം ഫാറവോയുടെ ഉള്ളിൽ ഭീതി വിതച്ചു. യാക്കോബിന്റെ പിന്തലമുറയെ ശത്രുക്കളായി എണ്ണുവാൻ ഇതു കാരണമായി. അവരെ എങ്ങിനെയും ഇല്ലായ്മ ചെയ്യുവാൻ ആമെൻഹോട്ടപ് വഴിയാലോചിച്ചു. കാർഷിക വൃത്തിയിലും ആടുമേയ്ക്കുന്നതിലും വ്യാപൃതരായിരുന്ന യഹൂദന്മാരെ ഇഷ്ടിക കളങ്ങളിലും പിരമിഡ് നിർമ്മാണത്തിനും ഉപയോഗിച്ച് പീഡിപ്പിച്ചു.
പീഡനത്തിന്റെ ഒടുവിൽ മോസസിന്റെ നേതൃത്തത്തിൽ ഇരുപതു ലക്ഷം യഹൂദന്മാർ ഈജിപ്റ്റിൽ നിന്നും പാലസ്തീനിലേയ്ക്ക് നടത്തിയ നാൽപ്പതു വർഷം നീണ്ടു നിന്ന ഐതിഹാസിക യാത്രയുടെ നീണ്ട വിവരണങ്ങളാണ് ബൈബിളിലെ പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ നാലു പുസ്തകങ്ങളിൽ വിവരിച്ചിരിയ്ക്കുന്നത്.
യഹൂദ ചരിത്രത്തിന്റെ ആണിക്കല്ലും ഇതേ യാത്ര തന്നെ. തോറ, കെതൂബീം, നബീം എന്നീ പുസ്തകങ്ങളടങ്ങിയ യഹൂദാ മതഗ്രന്ഥത്തിലെ തോറയിലെ പ്രതിപാദ്യ വിഷയവും ഇതു തന്നെ.
സ്വദേശത്തേയ്ക്കുള്ള യാത്രയുടെ അവസാനം വരെ നായകനായിരുന്ന ഇതിഹാസപുരുഷനാണ് മോസസ്. യാത്ര മധ്യേ യഹൂദന്മാർ പലവട്ടം ദൈവത്തെ കോപിപ്പിച്ചുവത്രേ!. ഒരുവട്ടം അഗ്നി സർപ്പങ്ങളെ അയച്ച് യഹൂദന്മാരെ ശിക്ഷിച്ചുവെന്നും, പരിഹാരമായി ഒരു പിത്തള സർപ്പത്തെ മരുഭൂമിയിൽ നാട്ടിയെന്നും അതിൽ നോക്കിയവരെല്ലാം രക്ഷപ്പെട്ടു എന്നും ബൈബിൾ പറയുന്നു. (മരണത്തിൽ നിന്നും സർപ്പത്തിന്റെ രൂപം രക്ഷച്ചതുകൊണ്ടാണ് ഫാർമസിയുടെ ചിഹ്നമായി പിണഞ്ഞുകിടക്കുന്ന സർപ്പത്തിന്റെ ചിത്രം ഇന്നും ഉപയോഗിക്കുന്നത്)
ഏറേ കഷ്ടം സഹിച്ച് വലിയൊരു കൂട്ടം ജനത്തെ നയിച്ചുകൊണ്ട് നാൽപ്പതു വർഷം മരുഭൂമിയിലൂടെ യാത്ര ചെയ്തുവെങ്കിലും പ്രോമിസ്ഡ് ലാൻഡിൽ കാൽകുത്തുവാൻ മോസസിനെ ദൈവം അനുവദിച്ചില്ലപോലും! മോസസ് എപ്പോഴോ ചെയ്ത അനുസരക്കേടാണ് കാരണം എന്ന് ബൈബിൾ വ്യാഖ്യാതാക്കൾ പറയുന്നു. എങ്കിലും പിഗ്സാമലയുടെ മധ്യത്തിലെ നെബോ പർവ്വതത്തിന്റെ മുകളിലേയ്ക്ക് ഒരു ദിവസം യഹോവ മോസസിനെ കൊണ്ടുപോയി. പർവ്വതാഗ്രത്തിൽ നിന്നും ദീർഘവർഷങ്ങൾ മനസ്സിൽകൊണ്ട് നടന്ന സ്വപ്നഭൂമി കണ്ടു.
ദാൻ മുതൽ ഗിലെയാദ് വരെയും നഫ്താലിയുടേയും, എഫ്രയീമിന്റേയും മനെശ്ശെയുടേയും ദേശവും പടിഞ്ഞാറേ കടൽക്കര മുതൽ യഹൂദ ദേശമൊക്കെയും, ഈന്തപ്പനയുടെ പട്ടണമായ യരീഹോ മുതൽ സോവാർ സമഭൂമിവരെ മോസസ് മലമുകളിൽ നിന്നും കണ്ട് തൃപ്തിയടഞ്ഞു.
ആ മലമുകളിൽ വച്ച് അന്ന് മോസസ് മരിച്ചു. യഹോവ നടത്തിയ ആദ്യത്തേയും അവസാനത്തേയും ശവസംസ്ക്കാരമായിരുന്നു മോസസിന്റേത് എന്ന് ബൈബിൾ പറയുന്നു. വലിയ ഒരു സ്വപ്നവുമായി അസംഘടിതരും അസംതൃപ്തരുമായ വലിയൊരു സംഘം ജനത്തെ ദീർഘ വർഷങ്ങൾ നയിച്ചുവെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ പട്ടുപോയ ഒരു ജന്മമായിരുന്നു മോസസിന്റേത്. എങ്കിലും പുതിയ നിയമത്തിൽ ജീസസ് ഏറ്റവും അധികം പ്രാവശ്യം പേരെടുത്തു പറഞ്ഞ പഴയ നിയമ കഥാപാത്രം മോസസ് ആയിരുന്നു.
നെബോപർവതം ഇന്ന് ജോർദ്ദാനിൽ മദാബാ പട്ടണത്തിൽ നിന്നും 10 കി. മി. ദൂരെ ചാവുകടലിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു. ഇസ്രായേലിനേയും പാലസ്തീനേയും മോസസ് നോക്കിക്കണ്ട ഇടത്ത് ഒരോ സ്ഥലത്തേയ്ക്കുമുള്ള ദൂരം രേഖപ്പെടുത്തിയ ഒരു ഫലകം സ്ഥാപിച്ചിരിയ്ക്കുന്നു. തൊട്ടു പിന്നിൽ മോശ മരുഭൂമിയിൽ ഉയർത്തിയ പിത്തള സർപ്പത്തിന്റെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് ഫ്രാൻസിസ്കൻ സഭയുടെ കീഴിലാണ്, ഇവയെല്ലാം. ഫ്രാൻസിസ്ക്കൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റൂട്ടും, പുരാതനമായ ഒരു പള്ളിയും ഇവിടെസ്ഥിതിചെയ്യുന്നു. ചരിത്രവും മിത്തും കെട്ടുപിണഞ്ഞ ഈ സ്ഥലം ജോർദ്ദാൻ സന്ദർശിയ്ക്കുന്നവർ ഒഴിവാക്കരുത്− ഒരു മനുഷ്യന്റെ ജന്മം സാർത്ഥകമായത് ഈ മലമുകളിൽ വെച്ചാണ്.
(ബൈബിളിനെ മാത്രം അധാരമാക്കിയ വിവരണവും കാലഗണനയുമാണ്).