റോഡില്ലെങ്കിലെന്താ, കനാൽ പോരെ?
റോഡിന് വീതിയില്ലാത്തതാണല്ലോ കേരളത്തിന്റെ വലിയ ഒരു പ്രശ്നം! എന്നാൽ ഇതാ ഒരിഞ്ചു റോഡുപോലുമില്ലാത്ത ഒരു ദ്വീപ്. റോഡ് ഇല്ലാത്തതുകൊണ്ട് തന്നെ ഒരൊറ്റ മോട്ടോർ വാഹനവും അവിടെ ഇല്ല. അതുകൊണ്ട് അവിടെ ആൾത്താമസമില്ല എന്ന് കരുതരുത്. 2,600ൽ പരം കുടുംബങ്ങൾ അവിടെ സ്ഥിരതാമസക്കാരായുണ്ട്. റോഡും വാഹനവും ഇല്ലാത്തതുകൊണ്ട്, അത് ഒരു അവികസിത രാജ്യത്താണെന്നും കരുതരുത്, ആംസ്റ്റർഡാമിൽ നിന്നും വെറും 90 കി.മീ മാത്രം ദൂരെയാണ് ഗീഥൂൻ എന്ന അതിമനോഹരമായ ഈ കൊച്ചുദ്വീപ്.
പുരാതന ഡച്ച് മാതൃകയിൽ ചരിച്ച് ഓടിട്ട് കൂരകളുള്ള വീടുകൾ, വീടിന്റെ നാലുവശങ്ങളിൽ ചെറിയ പുൽ മൈതാനങ്ങൾ, അതിന്റെ ചുറ്റും തെളിനീരൊഴുക്കുന്ന കനാലുകൾ.− ഒരു മീറ്റർ മാത്രം ആഴമുള്ള ഈ കനാലുകളിലൂടെയാണ് ഗീഥൂൻ ഗ്രാമവാസികളുടെയും സഞ്ചാരികളുടെയും വരവും പോക്കും.
ഏതാണ്ട് എട്ട് കി.മീ ദൂരം ചുറ്റപ്പെട്ടു കിടക്കുന്ന കനാൽ, അതിനു മുകളിലൂടെ 500ഓളം തടികൊണ്ടു നിർമ്മിച്ച കൊച്ചുകൊച്ചു പാലങ്ങൾ, നിരവധി മ്യൂസിയങ്ങൾ, ചെറിയ ഹോട്ടലുകൾ, നല്ല റെസ്റ്റോറന്റുകൾ ഇങ്ങനെ എല്ലാ സൗകര്യങ്ങളും ഗീഥൂൻ എന്ന ഈ ഡച്ച് ദ്വീപിലുണ്ട്. ചെറിയ നൗകകളിലൂടെയാണ് ഇവിടെ എല്ലാവരുടെയും സഞ്ചാരം. വൈദ്യുതിയിൽ ചലിക്കുന്ന ചെറു വഞ്ചികളായതുകൊണ്ട്, ശബ്ദമോ പുകയോ ഇല്ല, ഓയിലും ഇന്ധനവും കൊണ്ട് വെള്ളം മലിനമാകുന്നതും ഇല്ല. പിതാനാലാം നൂറ്റാണ്ടിൽ ഇവിടെ താമസമാക്കിയ ഫ്രാൻസിസ്കൻ മിഷണറിമാരാണ് സഞ്ചാര ആവശ്യങ്ങൾക്കുവേണ്ടി കനാലുകൾ കുഴിച്ചത്. ആംസ്റ്റർഡാം സന്ദർശത്തിനെത്തുന്ന വിദേശികൾ, ആദ്യം പോകുന്നത് സെൻട്രൽ േസ്റ്റഷനോട് അടുത്തുകിടക്കുന്ന റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലേയ്ക്കായിരിക്കും. സെക്സ് ടോയി ഷോപ്പുകളും സെക്സ് മ്യൂസിയങ്ങളും കൊണ്ട് നിറഞ്ഞ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് ആംസ്റ്റർഡാമിലെ ടൂറിസ്റ്റ് ആകർഷണം തന്നെയാണ്.
പക്ഷേ, അവിടെ നിന്നും വെറും ഒരു മണിക്കൂർ സഞ്ചരിച്ചാൽ ഗീഥൂൻ ദ്വീപിൽ എത്താം. മാത്രമല്ല, ആംസ്റ്റർഡാമിലേക്കാളും കുറഞ്ഞ താമസച്ചെലവും, നല്ല ഭക്ഷണവും കിട്ടുന്ന ഗീഥൂൻ സഞ്ചാരികൾക്ക് വ്യത്യസ്ഥ അനുഭവം ആയിരിക്കും.
പതിറ്റാണ്ടുകളായി ജലഗതാഗതവികസനത്തെപ്പറ്റി സംസാരിക്കുകയും ധാരാളം പ്രൊജക്ടുകൾ പരിഗണിക്കുകയും ചെയ്ത കേരളത്തിലെ ഉത്തരവാദിത്വപ്പെട്ടവർ ഇവിടം സന്ദർശിക്കുന്നത് നന്നായിരിക്കും. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീണ്ട കടൽ പാത ഒരുപക്ഷേ, ഭൂമി ഏറ്റെടുക്കൽ എന്ന പ്രതിസന്ധിക്ക് ഒരു പരിഹാരം ആകാനും മതി.