കതകില്ലാ ഗ്രാമം
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ശനി ശിഗ്നപൂർ ഗ്രാമത്തിലെ വീടുകൾക്ക് കട്ടിളക്കാലുകളേയുള്ളൂ, കതക് ഇല്ല. ഗ്രാമവാസികൾ വിലപിടിച്ച വസ്തുക്കൾ ഒന്നും പൂട്ടി വെയ്ക്കാറില്ല. ദൂരെ യാത്രയ്ക്കിറങ്ങുന്പോൾ ‘ഒന്നു നോക്കിക്കോണേ’ എന്ന് അയൽക്കാരോട് പറയാറില്ല.
പുതുതായി പണികഴിപ്പിച്ച പോലീസ് േസ്റ്റഷനും കതക് ഇല്ല!! തീർന്നില്ല, ഗസ്റ്റ് ഹൗസിനും റിസോർട്ടിനും, എന്തിന് സർക്കാർ സ്ഥാപനങ്ങൾക്കും കതക് പിടിപ്പിച്ചിട്ടില്ല.
ജനുവരി 2011 ൽ യുണൈറ്റഡ് കൊമേഴ്ഷ്യൽ ബാങ്ക് (UCO) − രാജ്യത്തെ ആദ്യത്തെ പൂട്ടുരഹിത ശാഖ ശിഗ്നപൂരിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
പരിഷ്കാരം കൊണ്ടോ സത്യ സന്ധതകൊണ്ടോ അല്ല വീടുകൾക്ക് കതക് പിടിപ്പിക്കാത്തത്− അന്ധവിശ്വാസം കൊണ്ട് ആണ് എന്നതാണ് രസകരം. ലോക പ്രശസ്തമായ ശിഗ്നപൂർ ക്ഷേത്രത്തിലെ ശനീശ്വര ഭഗവാൻ വീടുകൾ കാത്തുകൊള്ളും പോലും!
ശനിദേവന്റെ അന്പലത്തിലെ പ്രതിഷ്ഠ ഒരു വലിയ കല്ലാണ്. ആരെങ്കിലും എന്തെങ്കിലും കട്ടെടുത്താൽ അയാൾ ആ കളവു മുതൽ തിരിച്ചേൽപ്പിക്കുന്നത് വരെ കണ്ണ് കാണില്ല എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. ശനി ദശ മാറാനും അവിടെ പോയി വഴിപാട് നടത്തിയാൽ മതിയത്രേ. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന കല്ലിൽ കടുകെണ്ണ ഒഴിക്കുക, എരുക്കിന്റെ ഇല കൊണ്ടുള്ള മാല അണിയിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ.
പക്ഷേ, ശരിയായ കള്ളനുണ്ടോ ഭഗവാനെപ്പേടി ?
2010ൽ ആദ്യത്തെ മോഷണക്കേസ് രജിസ്റ്റർ ചെയ്തു. ഒരു വണ്ടിയിൽ നിന്നും 35,000 രൂപ കളവു പോയി. അന്നുമുതൽ, നാളിതുവരെ മൂന്നു മോഷണ കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്ന് പോലീസ് പറയുന്നു!
എന്തായാലും ഇപ്പോൾ പണിയുന്ന വീടുകൾക്കും ശിഗ്നപൂർവാസികൾ കതകു പണിയാറിയില്ല.
വിശ്വാസമാണല്ലോ എല്ലാം!!