അരുണാചൽ പ്രദേശിലെ ധാൻഘർ


അരുണാചൽ പ്രദേശിലെ ആദിവാസികൾ കൃഷിസ്ഥലത്തും നിന്നും അൽപ്പം ദൂരെ കൂട്ടം ചേർന്ന് വസിക്കുന്നവരാണ്. തടിയും മുളയും കൊണ്ട് പണിയുന്ന ഇത്തരം കോളനികളിൽ, പണ്ട് കാലത്ത് തീപിടുത്തം സാധാരണ സംഭവങ്ങളായിരുന്നു.

അതുകൊണ്ട് അഗ്നി ബാധ ഉണ്ടായാലും ആഹാരസാധനങ്ങൾ നശിച്ചു പോകാതിരിക്കാൻ കോളനിയിൽ നിന്നും ദൂരെ കൃഷിയിടത്തിന്റെ നടുവിൽ ഒരു ധാന്യപ്പുര പണിത് ധാന്യങ്ങൾ ശേഖരിച്ച് വെയ്ക്കുന്നു. ഇതിന് ധാൻഘർ എന്നാണ് പറയുന്നത്.

ഏഴ് സഹോദരിമാർ എന്ന് പറയപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിപ്പം കൊണ്ട് ഏറ്റവും വലിയ സംസ്ഥാനമാണ് അരുണാചൽ. ഇന്ത്യയിൽ ആദ്യം സൂര്യകിരണങ്ങൾ എത്തുന്ന ഇവിടം സന്ദർശിക്കണമെങ്കിൽ കേരളക്കാരായ നമുക്ക് സർക്കാറിന്റെ പ്രത്യേക അനുമതി പത്രം ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെങ്കിലും നമുക്ക് സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം കെട്ടുന്നതിനോ, സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നതിനോ അനുവാദമില്ല. സംസ്ഥാനത്തെ മുഴുവൻ നിവാസികളേയും ആദിവാസികളായി നിജപെടുത്തിയിരിക്കുന്നത് കൊണ്ടാണിത്. 

ഏതാണ്ട് മുപ്പതിധികം ഭാഷ സംസാരിയ്ക്കുന്ന ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് മാത്രമാണ് എന്നത് കൗതുകരമാണ്.

ഭാഷകൊണ്ടും ആചാരം കൊണ്ടും രൂപം കൊണ്ടും ഏറേ വൈജാത്യം പുലർത്തുന്ന അരുണാചൽ വാസികൾ പൊതുവേ സന്ദർശകരെ സൽക്കരിക്കുന്നതിൽ മുൻപന്തിയിലാണ്. ദുർഘടമായ റോഡുകളിലൂടെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ലാത്തവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സംസഥാനമാണ് അരുണാൽ പ്രദേശ്.

ആസാമിന്റെ തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും ഏകദേശം 12 മണിക്കൂർ ബസിൽ യാത്ര ചെയ്താൽ ആസാമിന്റേയും അരുണാചൽ പ്രദേശിന്റേയും അതിർത്തിയിലുള്ള ലക്കിൻപൂരിൽ എത്തിച്ചേരാം. അവിടെ നിന്നും ഉദ്ദേശം മൂന്ന് മണിക്കൂർ ടിബറ്റ് അതിർത്തിയിലേയ്ക്ക് വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചാൽ അരുണാചലിലെ ലോവർ സുബാസൻസുരി ജില്ലയുടെ തലസ്ഥാനമായ സീറോയിൽ എത്തും. ലക്കിൻപൂരിൽ നിന്നും സീറോയിലേയ്ക്കുള്ള ദുർഘടമായ മലന്പാതയിലെ സഞ്ചാരത്തിന് ടാറ്റാ സുമോയാണ് പ്രധാന ആശ്രയം. സമയ നിഷ്ഠയില്ലാതെ വല്ലപ്പോഴും എത്തുന്ന േസ്റ്ററ്റ് ട്രാസ്പോർട്ട് വാഹനം സന്ദർശകർക്ക് പറ്റിയതല്ല. 

സമുദ്രനിരപ്പിൽ നിന്നും ഉദ്ദേശം 5800 അടി ഉയരത്തിലുള്ള സീറോ ഗ്രാമത്തിൽ വർഷത്തിൽ ഭൂരിപക്ഷം മാസങ്ങളിലും അതി ശൈത്യമായിരിക്കും. ഭാരതത്തിൽ ആദ്യ സൂര്യകിരണങ്ങൾ എത്തുന്നത് അരുണാചൽ പ്രദേശിലാണ്. അതുകൊണ്ട് രാവിലെ നാല് മണിയാകുന്പോഴേയ്ക്കും നന്നായി വെളിച്ചം വരികയും വൈകുന്നേരം അഞ്ച് മണിയോടെ ഇരുൾ വീണ് തുടങ്ങുകയും ചെയ്യും. മലനിരകൾക്കിടയിൽ നിരന്ന് കിടക്കുന്ന നെൽ പാടങ്ങളാണ് സീറോ ജില്ലയുടെ പ്രത്യേകത. കേരളീയർക്ക് തെങ്ങ് എന്നത് പോലെയാണ് അരുണാചൽ പ്രദേശിലുള്ളവർക്ക് മുള. മുള ഉണക്കി പൊളിച്ച് നിരത്തി വീടിന്റെ ഭിത്തികൾ നെയ്ത് ഉണ്ടാക്കുന്നു, മിച്ചം വരുന്നവ വിറകായി ഉപയോഗിക്കും. മുളയുടെ മുളച്ച് വരുന്ന വെളുത്ത നിറത്തിലുള്ള മുളങ്കൂന്പ് അരുണാചൽ വാസികളുടെ ഒരു പ്രധാന ആഹാരമാണ്.അരിയാഹാരമാണ് മുഖ്യമെങ്കിലും എല്ലാത്തരം ജീവികളേയും ഭക്ഷിക്കും. പട്ടിയും, പാന്പും, എലിയും തേനീച്ചമുട്ടയും അവരുടെ ഇഷ്ട വിഭവങ്ങൾ തന്നെ.

You might also like

Most Viewed